ADVERTISEMENT

ഉന്നതവിദ്യാഭ്യാസരംഗം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞ കാര്യങ്ങളോടെയാണ് സ്വകാര്യ സർവകലാശാലകൾ വീണ്ടും വാർത്തകളിലിടം നേടിയത്. യുജിസി മാർഗനിർദേശപ്രകാരം വിദേശ സർവകലാശാലാ ക്യാംപസുകൾ സംസ്ഥാനത്തു സ്ഥാപിക്കുന്നതിലൂടെ നാട്ടിലുള്ളവർക്കും നല്ല വിദ്യാഭ്യാസത്തിന് അവസരമുണ്ടാകും. ഉന്നതവിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കാൻ ഓഗസ്റ്റിൽ ഗ്ലോബൽ കോൺക്ലേവ് സംസ്ഥാനത്തു നടത്തുമെന്നും മന്ത്രി ബജറ്റിൽ പറഞ്ഞിരുന്നു. മാറുന്ന വിദ്യാഭ്യാസ നയങ്ങൾ കേരളത്തിലെ വിദ്യാർഥികൾക്ക് എങ്ങനെ സഹായകമാകുമെന്നു പറയുകയാണ് ജെയിൻ ഡീംഡ് -ടു- ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്. 

∙കേന്ദ്രസർക്കാരിന്റെ പുത്തൻ വിദ്യാഭ്യാസ നയം, സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പറഞ്ഞ ഉന്നതവിദ്യാഭ്യാസ പരിഷ്കരണവുമായി ബന്ധപ്പെട്ട ചില നിർദേശങ്ങൾ, ഇവ രണ്ടും പരിശോധിക്കുമ്പോൾ  പൊതുവായി കാണാനാകുന്നത് സ്വകാര്യ വിദേശ സർവകലാശാലകളെ സംസ്ഥാനത്തേക്കും രാജ്യത്തേക്കും ആകർഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നാണ്. എത്രത്തോളം പ്രതീക്ഷ നൽകുന്നതാണ് ഈ തീരുമാനം?

കുറച്ചു വൈകിപ്പോയെങ്കിലും സ്വകാര്യ സർവകലാശാലാ ബില്ല് വിദ്യാഭ്യാസ രംഗത്ത് പുതിയ ദിശാബോധം നൽകും. കൂടുതൽ സ്വകാര്യ യൂണിവേഴ്സിറ്റികൾ അല്ലെങ്കിൽ വിദ്യാഭ്യാസ മേഖലകളിലെ സ്വകാര്യ സംരംഭങ്ങൾ വഴി കേരളം വിദ്യാഭ്യാസ ഹബ്ബായി മാറും. വളരെ പുരോഗനാത്മകമായ മാറ്റമാണ് വിദ്യാഭ്യാസ രംഗത്ത് വരാൻ പോകുന്നത്. ഇന്ത്യയിൽ 100 വിദ്യാർഥികൾ പ്ലസ്ടു, 10+2, PUC കഴിഞ്ഞ് പഠിച്ച് പാസാകുമ്പോൾ ഏകദേശം 27 ശതമാനം പേർ മാത്രമാണ് ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നത്. കാലത്തിനൊത്ത മാറ്റങ്ങളോടെ ഗവേഷണത്തിനു മുൻഗണന നൽകി പുതിയ കോഴ്സുകൾ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി പല  സംസ്ഥാനങ്ങളും വിദ്യാഭ്യാസ മേഖലയിൽ മാറ്റം വരുത്തിക്കഴിഞ്ഞു. അങ്ങനെ കേരളത്തിലും പുതിയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ബിരുദ കോഴ്സുകൾ നാലു വർഷമാക്കിയത് മാറ്റത്തിന്റെ തുടക്കമാണ്. ബിടെക്കും ഫാർമസിയും അല്ലെങ്കിൽ  പ്രഫഷനൽ കോഴ്സ് ഒഴികെയുള്ള എല്ലാ കോഴ്സുകളും മൂന്നു വർഷം ഡിഗ്രി ആയിരുന്നത് 4 വർഷം ഡിഗ്രിയാക്കി. അതുപോലെ പോസ്റ്റ് ഗ്രാജുവേഷൻ കോഴ്സുകൾ രണ്ടു വർഷമായിരുന്നു. ഇനി നാലു വർഷ ഡിഗ്രി കഴിഞ്ഞവർക്ക് ഒരു വർഷം കൊണ്ട് പോസ്റ്റ് ഗ്രാജുവേഷൻ നേടാം. അങ്ങനെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങളാണ് ബജറ്റിലുള്ളത്. ബജറ്റിൽ നിർദേശിച്ച കാര്യങ്ങൾ ദേശീയ വിദ്യാഭ്യാസ നയങ്ങളോട് ചേർന്നു നിൽക്കുന്നതാണ്. സർക്കാർ സർവകലാശാലകളും പിന്തുടരുന്നത് കാലഹരണപ്പെട്ട സിലബസാണ്. കാലത്തിനൊത്ത മാറ്റങ്ങൾക്ക് അനുയോജ്യമായി പുതിയ കോഴ്സുകൾ രൂപകൽപന ചെയ്യാനുള്ള താമസമാണ് നിലവിൽ സർക്കാർ യൂണിവഴ്സിറ്റികളിൽ കണ്ടുവരുന്നത്. കോഴ്സുകളിൽ മാറ്റം വരുത്താനുള്ള താമസം വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കുന്നതിനു തുല്യമാണ്. സ്വകാര്യ സർവകലാശാലകളെ സംബന്ധിച്ചിടത്തോളം കോഴ്സുകളും പാഠ്യപദ്ധതികളും മാറ്റാൻ കാലതാമസമില്ല. 

jain-university-kochi-campus-article-image-one

∙പുതിയ കാര്യങ്ങളെ സ്വീകരിക്കാൻ പൊതുവേ വൈമുഖ്യം കാണിക്കുന്നവരാണ് പല മലയാളികളും. അപ്പോൾ പുതുതായി ഒരു വിദേശ സർവകലാശാലയോ സ്വകാര്യ സർവകലാശാലയോ വരുമ്പോഴും അതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ചർച്ചകളിൽ ആ വൈമുഖ്യം  പ്രകടമാണ്. 1990 കളിൽ സ്ഥാപിതമായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന്‍ കേരളത്തിൽ ഒരു ക്യാംപസ് തുടങ്ങാൻ പതിറ്റാണ്ടുകൾ എടുത്തു. എന്താണ് ആ കാലതാമസത്തിനു കാരണം?

മാറ്റങ്ങളോട് മുഖം തിരിക്കുന്നത് സമൂഹത്തിനു ദോഷമായി മാറുമെന്നത് പുതു മലയാളി തലമുറ തിരിച്ചറിയുന്നുണ്ട്. എന്തിനെയും കണ്ണുമടച്ച് എതിർത്തിരുന്ന തലമുറ സമൂഹത്തിൽ ഒറ്റപ്പെട്ടു കഴിഞ്ഞു. സാങ്കേതിക വിദ്യ പുരോഗമിച്ച ആധുനികകാലത്ത് എന്തിനെ കൊളളണം എന്തിനെ തള്ളണമെന്ന വ്യക്തമായ കാഴ്ചപ്പാട് പുതുമലയാളി തലമുറയ്ക്കുണ്ട്. ജയിൻ സർവകലാശാല കാലത്തിനൊപ്പം മാറ്റങ്ങളെ ഉൾക്കൊണ്ട് വളർന്നു വന്നതാണ്. ബംഗളൂരുവിലാണ് ജെയിൻ ഡീംഡ് – ടു – ബി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം. 34 വർഷം മുൻപ് സ്ഥാപിതമായ ജെയിൻ ഗ്രൂപ്പിന്റെ കീഴിലാണ് ജെയിൽ ഡിംഡ്–ടു–ബി യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്.  ജെയിൻ ഗ്രൂപ്പിലെ ഭഗവാൻ മഹാവീർ കോളജ് ജെയിൻ യൂണിവേഴ്സിറ്റി 2008 ലാണ് ഡിംഡ്–ടു–ബി യൂണിവേഴ്സിറ്റി പദവി നേടുന്നത്. കേന്ദ്രസർക്കാരിന്റെ അനുവാദത്തോടെ യുണിവേഴ്സിറ്റി ഗ്രാൻഡ് കമ്മിഷന്റെ (യുജിസി) മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കുന്ന സർവകലാശാലകളാണ് ഡിംഡ്–ടു–ബി യൂണിവേഴ്സിറ്റി. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ഡിംഡ്–ടു–ബി യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. 2018 ൽ ഗ്രേഡഡ് ഓട്ടോണമി റെഗുലേഷൻ എന്ന നിയമം (റെഗുലേഷൻ) ഇന്ത്യയില്‍ വന്നു. അതനുസരിച്ച് യൂണിവേഴ്സിറ്റികളെ രണ്ടായി തിരിച്ചു. ഇന്ത്യയിൽ നിലവിൽ 115–ലേറെ ഡീംഡ്–ടു–ബി യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ തന്നെ ഏകദേശം 62 ഡിംഡ്–ടു–ബി യൂണിവേഴ്സിറ്റികളെയും സ്റ്റേറ്റ് യൂണിവേഴ്സിറ്റികളും ഉൾപ്പെടുന്ന ഗ്രേഡഡ് ഓട്ടോണമി ഗ്രാന്റ് ചെയ്യുന്നു. ഗ്രേഡഡ് ഓട്ടോണമി അനുസരിച്ച് ബെംഗളൂരുവിനു പുറത്ത് ക്യാംപസ് തുടങ്ങാനുള്ള അനുവാദം 2018ലാണ് ജെയിൻ യൂണിവേഴ്സിറ്റിക്ക് ലഭിക്കുന്നത്. കേരളത്തിൽനിന്നു ധാരാളം കുട്ടികൾ പഠിക്കാൻ ബെംഗളൂരുവിലേക്ക് വന്നതോടെ അടുത്ത വർഷം കൊച്ചിയിൽ ക്യാംപസ് തുടങ്ങുകയായിരുന്നു.  

∙ 2019 ൽ ജെയിൻ യൂണിവേഴ്സിറ്റി കേരളത്തിൽ ക്യാംപസ് തുറക്കുന്ന ഒരു സാഹചര്യമുണ്ടായപ്പോൾ യുജിസി അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ പിന്നീട് വലിയ വിവാദങ്ങൾ ഉണ്ടാകുന്നു. ഒപ്പം യുജിസി അംഗീകാരം വൈകുന്നു. വിദ്യാർഥികൾ അടക്കം വലിയ പ്രതിസന്ധിയിലായി എന്ന വാർത്തകൾ പുറത്തു വരുന്നു. ഇങ്ങനെ ഒരു സഹചര്യം ഉണ്ടാകാനുള്ള കാരണം എന്താണ്?

2018 ൽ ഗ്രേഡഡ് ഓട്ടോണമി റെഗുലേഷനിൽ വളരെ കൃത്യമായിട്ടു പറയുന്നത് ഇന്ത്യയിൽ 1100 യൂണിവേഴ്സിറ്റികളുണ്ട്. അതിൽ 119 ഓളം ഡീംഡ്–ടു–ബി യുണിവേഴ്സിറ്റികളാണ്. ബാക്കിയുള്ള യൂണിവേഴ്സിറ്റികൾ പല കാറ്റഗറിയിൽ വരുന്നു. അങ്ങനെ 1100 യൂണിവേഴ്സിറ്റികളിൽ 62 യൂണിവേഴ്സിറ്റികൾക്കാണ് ഗ്രേഡഡ് ഓട്ടോണമി ഗ്രാന്റ് ചെയ്യുന്നത്. ഗ്രേഡഡ് ഓട്ടോണമി കേന്ദ്ര സർക്കാരിന്റെ തീരുമാനം തന്നെ യൂണിവേഴ്സിറ്റികൾക്ക് കൂടുതൽ അധികാരം നൽകുന്നു. നാഷനൽ അസസ്മെന്റ് ആൻഡ് അക്രഡിഷന്റെ (നാക്) National Assessment and Accreditation Council (NAAC) അംഗീകാരത്തോടെ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റികൾക്ക് ഗ്രേഡഡ് ഓട്ടോണമിക്ക് അപേക്ഷിക്കാം. അതനുസരിച്ച് കേരളത്തിൽ 62 യൂണിവേഴ്സിറ്റികൾക്കാണ് ഗ്രേഡഡ് ഓട്ടോണമി അംഗീകരിച്ചത്. ഗ്രേഡഡ് ഓട്ടോണമി റെഗുലേഷൻ പറയുന്നത് വളരെ കൃത്യമാണ്. അതിൽ കാറ്റഗറി 1 ഉം 1 ഉം കാറ്റഗറി 2 ഉം ആയാണ് വേർതിരിച്ചിരിക്കുന്നത്. കാറ്റഗറി 1 എന്നു പറഞ്ഞാല്‍ A++  ആയിരുന്നു. കാറ്റഗറി 2 എന്നു പറഞ്ഞാല്‍ A+  ആയിരുന്നു. 

ഗ്രേഡഡ് ഓട്ടോണമി വരുന്ന സമയത്ത് ജെയിൻ NAAC A+ ആയിരുന്നു. ഇപ്പോൾ NAAC A++ ആയി. NAAC A+ ആയിരുന്ന കാലത്ത് കാറ്റഗറി 2 ആയിരുന്നപ്പോൾ ഇന്ത്യയിലെവിടെ വേണമെങ്കിലും യുജിസിയുടെ മുൻകൂർ അനുവാദമില്ലാതെ തന്നെ ഒരു ക്യാംപസ് തുടങ്ങാനുള്ള അനുവാദം നൽകുന്നുണ്ട്. അതനുസരിച്ചാണ് കൊച്ചിയിൽ ജെയിൻ ക്യാംപസ് തുടങ്ങിയത്. അക്കാലത്ത് യുജിസിയുടെ അനുവാദം ആവശ്യമില്ലായിരുന്നു. 2019 ൽ പുതിയ നിയമം നിലൽ വരികയും ഡീംഡ് – ടു – ബി യൂണിവേഴ്സിറ്റി  റെഗുലേഷനിൽ ഭേദഗതി വരികയും ചെയ്തു. അതനുസരിച്ച് നിലവിൽ പ്രവർത്തനം ആരംഭിച്ച ക്യാംപസുകളെ യുജിസി നിയമപരമായി സാധൂകരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പുതിയൊരു ഉത്തരവ് വന്നു. ആ ഉത്തരവിനു നിയമപരമായ സാധുത ഇല്ലാതിരുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമായത്. 

jain-university-kochi-campus-article-image-two


യൂജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് കൊച്ചിയിൽ ജയിൻ ക്യാംപസ് തുടങ്ങിയത്. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവാണ് ആശയക്കുഴപ്പത്തിനു കാരണമായത്. പുതിയ ഉത്തരവ് പ്രകാരം ജയിൻ യുണിവേഴ്സിറ്റി അപേക്ഷ സമർപ്പിക്കുകയും യുജിസി ശുപാർശ ചെയ്തതോടെ കൊച്ചി ക്യാംപസിനു അംഗീകാരം കൈവരികയായിരുന്നുവെങ്കിലും  യുജിസി റെക്കമൻഡ് െചയ്തൊരു ക്യാംപസ് നോട്ടിഫൈ െചയ്യാനുള്ള പ്രൊവിഷൻ അന്നത്തെ ഡീംഡ്–ടു–ബി യുണിവേഴ്സിറ്റി ചട്ടങ്ങളിൽ വ്യക്തയില്ലായിരുന്നു. ഇതു ദീർഘ നാളത്തെ നിയമപോരാട്ടങ്ങൾക്ക് വഴി വച്ചു. അവസാനം ഡീംഡ്–ടു–ബി യുണിവേഴ്സിറ്റികളുടെ വാദം അംഗീകരിച്ചു. യുജിസി റെഗുലേഷൻ അമൻഡ് ചെയ്യാനായി കമ്മറ്റി രൂപീകരിച്ചു രണ്ടു വർഷത്തെ പഠനത്തിനു ശേഷം 2023 മേയിൽ യുജിസി റെഗുലേഷൻ അമെൻഡ് ചെയ്തു. പുതിയ അമെൻഡ്മെന്റ് നിലവിൽ വരുന്നതിനിടയിൽ തുടങ്ങിയ ക്യാംപസുകള്‍ അതായത് ഗ്രേഡഡ് ഓട്ടോണമി റെഗുലേഷനും പുതിയ റെഗുലേഷനിലും തുടങ്ങിയ ക്യാംപസുകളെ മുൻകാല പ്രാബല്യത്തോടെ അംഗീകരിക്കുന്നതിനെ എസ്കസ് പോസ്റ്റ് ഫാക്ടോ അപ്രൂവൽ എന്നാണ്. അതിന്റെ അടിസ്ഥാനത്തിൽ 2019 മുതൽ ജയിൻ കൊച്ചി ക്യാംപസിനു പോസ്റ്റ് ഫാക്റ്റോ അപ്രൂവൽ ലഭ്യമായി. നിയമപരമായ പരിരക്ഷയുണ്ടായിട്ടും 2019നു ശേഷം പുതിയ ബാച്ചിലേക്ക് അഡ്മിഷൻ നൽകാതെ നിലവിലുള്ള ബാച്ചിന്റെ കോഴ്സ് പൂർത്തികരിക്കുന്നതിലാണ് ശ്രദ്ധ നൽകിയത്. ജയിൻ കൊച്ചി ക്യാംപസിനെ അംഗീകരിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ മേയിൽ വന്നെങ്കിലും ഡിസംബറിൽ പൂർണ്ണമായ ഉത്തരവ് വരുന്നത് വരെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. 

അഭിമുഖത്തിന്റെ പൂർണരൂപം കാണാം

English Summary:

Jain University's Tom Joseph on Kerala Government's new education policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com