പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറി വരുന്നു
Mail This Article
കണ്ണൂർ : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ക്രിയേറ്റീവ് ക്ലാസ്മുറി വരുന്നു. വിജ്ഞാനവും തൊഴിലും രണ്ടായി കാണേണ്ടതില്ലെന്ന അവബോധം സൃഷ്ടിക്കുക, നൈപുണിവിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുക എന്നീ ലക്ഷ്യങ്ങളോടെ 600 സ്കൂളുകളിലാണു ക്രിയേറ്റീവ് കോർണർ സ്ഥാപിക്കുക. 15–20 വിദ്യാർഥികളെ ഉൾക്കൊള്ളുന്ന ക്ലാസ്മുറിയാണിത്. വയറിങ്, പ്ലമിങ്, വുഡ് ഡിസൈനിങ്, കളിനറി സ്കിൽസ്, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിൽ ഇവിടെ പരിശീലനം നൽകും.
ആദ്യഘട്ടത്തിൽ 300 യുപി സ്കൂളുകളിൽ ക്രിയേറ്റീവ് കോർണർ വരും. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്കൂളുകൾ– 32. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിലൂടെയാണ് കോർണർ സ്ഥാപിക്കുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു നടത്തുന്ന പദ്ധതിയിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സഹകരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളിൽ സ്ഥാപിക്കുന്ന ക്രിയേറ്റീവ് കോർണർ പ്രദേശത്തെ മറ്റു പൊതുവിദ്യാലയങ്ങൾക്കും പ്രയോജനപ്പെടുത്താം.