കീം അപേക്ഷ: പരിശോധന ഇന്നുകൂടി
Mail This Article
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി ബിരുദ പ്രവേശനത്തിന് (കീം) നൽകിയ അപേക്ഷയിലെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനുള്ള സമയം ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു വരെ നീട്ടി. www.cee.kerala.gov.in
മലയാളം പത്താംക്ലാസ് തുല്യതാപരീക്ഷ: 96.15% വിജയം
തിരുവനന്തപുരം ∙ കേരളത്തിനു പുറത്തു താമസിക്കുന്ന കുട്ടികൾക്കായി മലയാളം മിഷൻ നടത്തുന്ന മലയാളം പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ 96.15% വിജയം. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള പഠന കേന്ദ്രങ്ങളിൽ നടത്തുന്ന ‘നീലക്കുറിഞ്ഞി’ സീനിയർ ഹയർ ഡിപ്ലോമ കോഴ്‌സിന്റെ ആദ്യ ബാച്ചിലെ 152 കുട്ടികളാണ് പരീക്ഷ എഴുതിയത്. 150 പേർ ജയിച്ചു. 26 പേർ എപ്ലസ് ഗ്രേഡും 42 പേർ എ ഗ്രേഡും 38 പേർ ബി പ്ലസ് ഗ്രേഡും നേടി. ഫലം പരീക്ഷാഭവൻ വെബ്സൈറ്റിൽ ലഭ്യമാണ്. പിഎസ്‌സി അംഗീകരിച്ചിട്ടുള്ള ഏക ഭാഷാതുല്യതാ കോഴ്സാണ് നീലക്കുറിഞ്ഞി.
പ്ലസ് വൺ: അപേക്ഷകൾ 2.28 ലക്ഷമായി
തിരുവനന്തപുരം ∙ പ്ലസ് വൺ പ്രവേശനത്തിന് ഇന്നലെ വൈകിട്ട് 5 വരെ ലഭിച്ചത് 2,28,177 അപേക്ഷകൾ. 2,60,324 പേരാണ് ഇതുവരെ കാൻഡിഡേറ്റ് ലോഗിൻ തയാറാക്കിയത്. മലപ്പുറം (31,211), പാലക്കാട് (23,214), എറണാകുളം (20,009), തിരുവനന്തപുരം (18,754) ജില്ലകളിൽനിന്നാണ് കൂടുതൽ അപേക്ഷകൾ. വയനാട് (6292), ഇടുക്കി (7832) ജില്ലകളിൽനിന്നാണ് കുറവ്.
കെടിയു: ഇയർ ഔട്ട് ഇക്കൊല്ലവുമില്ല
തിരുവനന്തപുരം ∙ ഇക്കൊല്ലവും ഇയർ ഔട്ട് നടപ്പാക്കേണ്ടെന്നു സാങ്കേതിക സർവകലാശാലാ (കെടിയു) സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. വിവിധ വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ചാണ് 5,7 സെമസ്റ്ററുകളിലേക്കുള്ള പ്രവേശനത്തിന് മിനിമം ക്രെഡിറ്റ് വ്യവസ്ഥ വേണ്ടെന്നു വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചത്. ബിരുദ കോഴ്സുകളുടെ അഞ്ചാം സെമസ്റ്ററിലേക്കു കടക്കണമെങ്കിൽ ആദ്യ രണ്ടു സെമസ്റ്ററുകളിൽനിന്ന് 21 ക്രെഡിറ്റും ഏഴാം സെമസ്റ്ററിലേക്കു കടക്കുന്നതിന് ആദ്യ 4 സെമസ്റ്ററുകളിൽനിന്ന് 47 ക്രെഡിറ്റും നേടണമെന്നതാണ് ഇയർ ഔട്ട് വ്യവസ്ഥ.