പോളി: പ്രവേശനം തുടങ്ങി; സംസ്ഥാനത്താകെ 27,710 സീറ്റ്
Mail This Article
സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിലേക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. www.polyadmission.org എന്ന വെബ്‌സൈറ്റിൽ പ്രോസ്‌പെക്‌ടസ് ലഭ്യമാണ്. ഈ സൈറ്റിൽ ജൂൺ 11ന് അകം ഓൺലൈനായി ഫീസടച്ച് ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തുക. അപേക്ഷാഫീ 200 രൂപ; പട്ടികവിഭാഗക്കാർ 100 രൂപ. റജിസ്ട്രേഡ് മൊബൈൽ നമ്പർ/ റജിസ്ട്രേഷൻ നമ്പർ, ഒടിപി വഴി ലോഗിൻ ചെയ്ത്, കാൻഡിഡേറ്റ്സ് ഡാഷ്ബോർഡിലെത്താം. വിവരങ്ങൾ നൽകി, ജൂൺ 12ന് അകം ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ആകെ 27,710 സീറ്റുകളുണ്ട്. ഇത്തവണ സംസ്ഥാനതല അലോട്മെന്റ് 2 തവണ മാത്രം. ഇതിനു ശേഷവും സീറ്റൊഴിവുണ്ടെങ്കിൽ ഒരു ജില്ലാതല കൗൺസലിങ്ങും, അതതു സ്ഥാപനങ്ങളിൽ 2 സ്പോട് അഡ്മിഷനും നടത്തും രൂപകൽപനയും നിർമാണവും പരിപാലനവും അടക്കം വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന എൻജിനീയർമാർ ഒരു ഭാഗത്ത്. ഇലക്‌ട്രീഷ്യൻ, മോട്ടർ–മെക്കാനിക്ക് തുടങ്ങിയ സ്‌കിൽഡ് ജോലിക്കാർ മറ്റൊരു ഭാഗത്ത്. ഇവരെ കൂട്ടിയിണക്കുന്ന നിർണായക കണ്ണിയായ ടെക്‌നീഷ്യൻമാരെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങളാണ് പോളിടെക്‌നിക് കോളജുകൾ. 10 ജയിച്ചവർക്കു 3 വർഷത്തെ പഠനപരിശീലനം വഴി ഇഷ്‌ടപ്പെട്ട എൻജിനീയറിങ് / ടെക്‌നോളജി ശാഖയിലെ ഡിപ്ലോമ നേടി ടെക്‌നീഷ്യൻമാരായി തുടങ്ങി, പ്രഫഷനിൽ ഉയർന്ന സ്‌ഥാനങ്ങളിലെത്താം. കൊമേഴ്‌സ് / മാനേജ്‌മെന്റ് കൈവഴിയിലുമുണ്ട് പോളിടെക്‌നിക് ഡിപ്ലോമ കോഴ്‌സുകൾ.
‘ടൂൾ ആൻഡ് ഡൈ’ കോഴ്സിനു മാത്രം 3 വർഷത്തെ പഠനത്തിനു പുറമേ 12 മാസത്തെ ഇൻ–പ്ലാന്റ് ട്രെയ്നിങ്ങുമുണ്ട്. ഡിപ്ലോമ നേടിയവർക്ക് ജോലിയിലിരുന്നുകൊണ്ട് സായാഹ്നക്ലാസുകൾ വഴി ബിടെക് സമ്പാദിക്കാം. ബിടെക് പ്രോഗ്രാമിലെ രണ്ടാം വർഷ ക്ലാസിൽ ‘ലാറ്ററൽ എൻട്രി’ വഴി കടന്നെത്തി ബിരുദം നേടാം. ബിആർക് പ്രവേശനത്തിനും, ജെഇഇ അഡ്വാൻസ്ഡ് വഴി ഐഐടി പ്രവേശനത്തിനും ശ്രമിക്കാൻ ഡിപ്ലോമ മതി. ഒട്ടുമിക്ക കാര്യങ്ങൾക്കും ബിടെക്കിനോടു തുല്യമായി പരിഗണിക്കാറുള്ള ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ്, സ്വകാര്യപഠനംവഴി നേടുകയുമാവാം. പട്ടികയിലുള്ള സീറ്റുകൾക്കു പുറമേ കുടുംബ വാർഷികവരുമാനം 8 ലക്ഷം രൂപ കവിയാത്തവർക്ക് ട്യൂഷൻ ഫീ വെയ്‌വർ പദ്ധതിപ്രകാരം ഓരോ പോളിടെക്നിക്കിലും എല്ലാ കോഴ്സുകളിലും (ആർക്കിടെക്ചറൊഴികെ) 5% അധികസീറ്റുകളുണ്ട്. ഇതിലേക്ക് എല്ലാ സമുദായക്കാരെയും പരിഗണിക്കും.
ഈ വർഷത്തെ പുതിയ കോളജുകൾ
1. എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വനിത), പൂജപ്പുര, തിരുവനന്തപുരം
2. ദേവകിയമ്മാസ് ഗുരുവായൂരപ്പൻ കോളജ് ഓഫ് ആർക്കിടെക്ചർ, മലപ്പുറം
എയ്ഡഡ്, സ്വകാര്യസ്ഥാപനങ്ങളിലെ സീറ്റുകളിൽ 15% മാനേജ്‌മെന്റ് ക്വോട്ടയായി നീക്കിവച്ചിട്ടുണ്ട്. എല്ലാ പോളിടെക്നിക്കുകളിലും പെൺകുട്ടികൾക്കും പ്രവേശനമുണ്ടെങ്കിലും, 8 സ്‌ഥാപനങ്ങൾ വനിതാ പോളിടെക്‌നിക്കുകളായി നിലനിർത്തിയിരിക്കുന്നു. തിരുവനന്തപുരം (കൈമനം), കായംകുളം, എറണാകുളം, തൃശൂർ, കോട്ടയ്‌ക്കൽ, കോഴിക്കോട്, പയ്യന്നൂർ, തിരുവനന്തപുരം (പൂജപ്പുര) എന്നീ സ്‌ഥലങ്ങളിലാണിവ.
പഠനശാഖകൾ
1. ഡിപ്ലോമ ഇൻ എൻജിനീയറിങ് / ടെക്നോളജി: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഓട്ടമൊബീൽ, കെമിക്കൽ, പോളിമർ, കംപ്യൂട്ടർ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ ഫൊറൻസിക്സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, ആർക്കിടെക്ചർ തുടങ്ങി വിവിധശാഖകൾ
2. ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടിസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ആൻഡ് ബിസിനസ് മാനേജ്‌മെന്റ് – 2 ശാഖകൾ
3. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി’
എല്ലാ ശാഖകളും എല്ലാ കോളജുകളിലുമില്ല. താൽപര്യമുള്ള കോഴ്സുകളുള്ള കോളജുകൾ പ്രോസ്പെക്ടസിൽ നിന്നറിയാം.
പ്രവേശനയോഗ്യത
ഉപരിപഠനത്തിന് അർഹതയോടെ 2 ചാൻസിനകം എസ്‌എസ്‌എൽസി / ടിഎച്ച്എസ്എൽസി / തുല്യപരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. മാത്‌സും സയൻസും പഠിച്ചവർക്കു എൻജിനീയറിങ്, കൊമേഴ്സ് എന്നീ 2 കൈവഴികളിലേക്കും ശ്രമിക്കാം. മാത്‌സ് പഠിച്ചെങ്കിലും മറ്റു സയൻസ് വിഷയങ്ങൾ പഠിക്കാത്തവർക്കു കൊമേഴ്സ് കൈവഴിയിലേക്കു മാത്രമേ അപേക്ഷിക്കാനാവൂ. സേ / ബെറ്റർമെന്റ് അധികചാൻസല്ല. സിബിഎസ്ഇക്കാർ ബോർഡ്പരീക്ഷ ജയിച്ചിരിക്കണം.
എസ്എസ്എൽസി തുല്യപരീക്ഷയിലെ ടോട്ടൽ ഗ്രേഡ് പോയിന്റ് ആവറേജിൽ കുട്ടിയുടെ പശ്ചാത്തലമനുസരിച്ച് ആവശ്യമായ ബോണസ് മാർക്കു ചേർത്തും, രണ്ടാം ചാൻസിനു മാർക് കുറച്ചും ഇൻഡക്സ് മാർക് കണക്കാക്കും. ഈ ഇൻഡക്സും വിദ്യാർഥിയുടെ താൽപര്യവും പരിഗണിച്ച്, സംവരണത്തിനു വിധേയമായിട്ടാണ് സിലക്‌ഷനും അലോട്മെന്റും.ടിഎച്ച്‌എസ്‌എൽസിക്കാർക്ക് എൻജിനീയറിങ് / ടെക്‌നോളജി ശാഖകളിൽ 10% സീറ്റ് സംവരണമുണ്ട്. വിഎച്ച്‌എസ്‌ഇക്കാർക്ക് അർഹതയുള്ള ശാഖകളിൽ 2%. എല്ലാ ശാഖകളിലെയും നിർദിഷ്ട സീറ്റുകളിൽ ഭിന്നശേഷിക്കാർക്ക് 5% എന്ന തോതിൽ സംവരണം ലഭിക്കും. പ്രഫഷനൽ കോളജ് പ്രവേശനത്തിന് സർക്കാർ നിശ്‌ചയിച്ചിട്ടുള്ള 40% സാമുദായിക സംവരണവും പാലിക്കും. പട്ടികവിഭാഗക്കാർക്കു മാത്രം വരുമാനം നോക്കാതെ തന്നെ സംവരണം ലഭിക്കും. സാമ്പത്തിക പിന്നാക്കവിഭാഗത്തിന് 10% സംവരണമുണ്ട്്. ഇവയ്‌ക്കു പുറമേ സ്‌പോർട്‌സ്, എൻസിസി, വിമുക്‌തഭടൻമാരുടെ കുട്ടികൾ, യുദ്ധത്തിൽ വീരചരമമടഞ്ഞവരുടെ ആശ്രിതർ, ട്രാൻസ്ജെൻഡർ, വിവിധ നോമിനികൾ മുതലായ വിഭാഗങ്ങൾക്കു വിശേഷസംവരണമുണ്ട്. 60 ഡിബിയെങ്കിലും കേൾവിത്തകരാറുള്ള കുട്ടികൾക്ക് കോഴിക്കോട്, കളമശേരി, തിരുവനന്തപുരം (വനിത) എന്നീ സർക്കാർ പോളിടെക്നിക്കുകളിൽ വിശേഷബാച്ചുകളുണ്ട്.
അപേക്ഷ പല തരം
താഴെപ്പറയുന്നവയിൽ ഓരോ വിഭാഗത്തിലേക്കും അതിനുള്ള ലിങ്കിലൂടെ അപേക്ഷിക്കണം.
1.സർക്കാർ / സർക്കാർ–എയ്ഡഡ് / കോസ്റ്റ്–ഷെയറിങ് ഐഎച്ച്ആർഡി, കേപ് സർക്കാർ സീറ്റുകൾ (ഉയർന്ന ട്യൂഷൻ ഫീ), സ്വാശ്രയ സർക്കാർ സീറ്റുകൾ (ഉയർന്ന ട്യൂഷൻ ഫീ), കേൾവിത്തകരാറുള്ളവരുടെ ബാച്ച് എന്നിവയ്ക്ക് പൊതുവായ ഒറ്റയപേക്ഷ മതി .
2.എൻസിസി ക്വോട്ട
3.സ്പോർട്സ് ക്വോട്ട
4.മാനേജ്മെന്റ് ക്വോട്ട
5.എയ്ഡഡ് പോളിടെക്നിക്കുകളിലെ എയ്ഡഡ് / സ്വാശ്രയ മാനേജ്മെന്റ് സീറ്റുകൾ, സ്വാശ്രയ കോളജുകളിലെ മാനേജ്മെന്റ് സീറ്റുകൾ എന്നിവയിലെ പ്രവേശനത്തിന് ഓരോ സ്ഥാപനത്തിലേക്കും തനതായ അപേക്ഷ വേണം. ഇത് www.polyadmission.org എന്ന സൈറ്റിലെ Applications for Management quota seats എന്ന ലിങ്കിലൂടെ സമർപ്പിക്കാം.
എത്ര വിഭാഗങ്ങളിലേക്ക് അപേക്ഷിക്കണമെങ്കിലും ഒറ്റത്തവണ-റജിസ്ട്രേഷന് അടച്ച ഫീ മതിയാകും. സമർപ്പിച്ച അപേക്ഷ നിങ്ങളുടെ ലോഗിൻപേജിൽ കാണാം. അവസാനതീയതിവരെ അവ തിരുത്തുകയുമാകാം. അപേക്ഷിക്കാൻ തുടങ്ങുന്നതിനു മുൻപ് രേഖകളെല്ലാം കയ്യിലുണ്ടാകണം. (പ്രോസ്പെക്ടസ് പേജ് 20–23). ലഭ്യമായ സ്‌ഥാപനങ്ങളെയും പഠനശാഖകളെയും പറ്റി പ്രോസ്‌പെക്‌ടസ് പഠിച്ചു മനസ്സിലാക്കുകയും വേണം. നിങ്ങൾക്ക് ഇഷ്‌ടപ്പെട്ട മുൻഗണനാക്രമങ്ങൾ നന്നായി ആലോചിച്ചു തീരുമാനിച്ച് എഴുതിവച്ചിട്ടു മാത്രമേ അപേക്ഷ സബ്‌മിറ്റ് ചെയ്യാൻ ശ്രമിക്കാവൂ. 30 ഓപ്ഷൻസ് വരെയാകാം. ഒരു പോളിടെക്നിക് കോളജും ഒരു കോഴ്സും ചേർന്നതാണ് ഒരു ഓപ്ഷൻ. അപേക്ഷയുടെ പ്രിന്റെടുത്തു സൂക്ഷിക്കുക. സ്പോർട്സ് / എൻസിസി / മാനേജ്മെന്റ് ക്വോട്ട എന്നിവയ്ക്കു മാത്രം അപേക്ഷയുടെ ഹാർഡ് കോപ്പി (പ്രിന്റ്) അയച്ചുകൊടുത്താൽ മതി. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ പ്രയാസമുള്ളവരെ സഹായിക്കാൻ എല്ലാ പോളിടെക്‌നിക്കുകളിലും സൗജന്യ ഹെൽപ് ഡെസ്‌ക്കുണ്ട്. ജൂൺ 19ലെ ട്രയൽ അലോട്മെന്റിനുശേഷം മുൻഗണനാക്രമം മാറ്റി സമർപ്പിക്കാൻ സമയം നൽകും. പ്രവേശനവേളയിൽ അസ്സൽ രേഖകൾ ഹാജരാക്കണം. ജൂലൈ 29നു ക്ലാസ് തുടങ്ങും. ഫീസടക്കം പൂർണവിവരങ്ങൾക്കു പ്രോസ്‌പെക്‌ടസ് നോക്കുക.