നഴ്സിങ്: മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനം, ഏകജാലകം: തീരുമാനം ഇന്നുണ്ടായേക്കും
Mail This Article
തിരുവനന്തപുരം : സ്വകാര്യ നഴ്സിങ് കോളജുകളിലെ മാനേജ്മെന്റ് സീറ്റ് പ്രവേശനത്തിൽ ഏകജാലക സംവിധാനം തുടരാനുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും. പ്രൈവറ്റ് നഴ്സിങ് കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ ബോഡി ഇന്നാണ്. ഇവരും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും ഏകജാലകത്തിന് അനുകൂലമാണ്. സംസ്ഥാനത്തെ 119 കോളജുകളിൽ 82 എണ്ണവും ഈ അസോസിയേഷനുകളിലെ അംഗങ്ങളാണ്. അസോസിയേഷനുകൾക്ക് 1000 രൂപ വീതം അപേക്ഷ ഫീസ് നൽകിയാൽ 82 കോളജുകളിൽ എവിടെയെങ്കിലും സാധ്യത ഉണ്ടെങ്കിൽ പ്രവേശനം ലഭിക്കും. മെറിറ്റ് പാലിച്ചും തലവരി ഒഴിവാക്കിയുമാണു പ്രവേശനം.
വിദ്യാർഥികളിൽ നിന്ന് അപേക്ഷ ഫോമിന് ഈടാക്കിയ 1000 രൂപയ്ക്കു 18% ജിഎസ്ടി നൽകണമെന്നു ധനവകുപ്പ് നിർദേശിച്ചു. 2017 മുതലുള്ള കുടിശികയും ആവശ്യപ്പെട്ടതോടെ 4 കോടി രൂപയുടെ ബാധ്യത അസോസിയേഷ നുകൾക്ക് ഉണ്ടായി. അതോടെ അവർ ഏകജാലകത്തിൽ നിന്നു പിന്മാറുമെന്നു പ്രഖ്യാപിച്ചു. വിദ്യാർഥികൾ ഓരോ കോളജിലും അപേക്ഷ നൽകേണ്ട സ്ഥിതി ഉണ്ടായതോടെ മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തുകയും ജിഎസ്ടി ബാധ്യത ഒഴിവാക്കാമെന്നു ഉറപ്പുനൽകുകയും ചെയ്തു. ഇതിന്റെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു. ജിഎസ്ടിക്കെതിരായി അസോസിയേഷനുകൾ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും സർക്കാർ ഉറപ്പു നൽകി.
പരിശോധന നടത്താതെ അഫിലിയേഷൻ നൽകില്ലെന്ന നിലപാടിൽ നിന്നു കേരള നഴ്സിങ് കൗൺസിൽ പിന്നാക്കം പോയതും മാനേജ്മെന്റുകൾക്കു സഹായകരമാകും. വ്യവസ്ഥകൾക്കു വിധേയമായി കൗൺസിൽ അഫിലിയേഷൻ നൽകിയിട്ടുണ്ട്. അതിനാൽ പ്രവേശന മേൽനോട്ട സമിതിയിൽ നിന്ന് പ്രോസ്പെക്ടസിന് അംഗീകാരം ലഭിക്കാൻ തടസ്സമില്ല.