ADVERTISEMENT

അന്റാർട്ടിക്ക... നോക്കെത്താദൂരത്തോളം മഞ്ഞുമൂടിക്കിടക്കുന്ന ദക്ഷിണ ധ്രുവത്തിലെ വൻകര. 99% ഭാഗവും മഞ്ഞ്. മനുഷ്യവാസമില്ലെങ്കിലും വിവിധ രാജ്യങ്ങളിൽനിന്നു ഗവേഷണത്തിനായി ഒട്ടേറെപ്പേർ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. അതിൽ ഇന്ത്യക്കാരും മലയാളികളുമുണ്ട്. എങ്ങനെയാണ് ആ ഗവേഷണവഴികൾ ?

വർഷം 80–100 പേർ
ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷനൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചാണ് (എൻസിപിഒആർ) അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.

1981ൽ ആരംഭിച്ച ഇന്ത്യൻ സയന്റിഫിക് എക്സ്പെഡിഷൻ ടു അന്റാർട്ടിക്ക (ഐഎസ്ഇഎ) പദ്ധതി ഇതിനകം 43 വർഷം പിന്നിട്ടു. അന്റാർട്ടിക്കയിലെ വേനൽക്കാലമായ ഒക്ടോബർ മുതലുള്ള 5 മാസമാണ് ഗവേഷണ പ്രവർത്തനങ്ങളിൽ ഏറെയും നടക്കുന്നത്. ഇതിനുള്ള അപേക്ഷ എൻസിപിഒആർ ഫെബ്രുവരി– മാർച്ചിൽ ക്ഷണിക്കും. ഓരോ വർഷവും ഊന്നൽ നൽകുന്ന ഗവേഷണ വിഷയങ്ങളും നിർദേശിക്കും. അതിന് അനുസൃതമായ പദ്ധതികൾ സമർപ്പിക്കാം. ചുരുക്കപ്പട്ടികയിലെത്തുന്നവ എൻസിപിഒആർ നടത്തുന്ന ശിൽപശാലയിൽ അവതരിപ്പിക്കണം. തിരഞ്ഞെടുക്ക പ്പെടുന്നവ ഭൗമശാസ്ത്ര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയുടെ അന്തിമ അനുമതിക്ക് അയയ്ക്കും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് യാത്ര. ഓരോ വർഷവും 80–100 പേർക്കു മാത്രമാണ് അവസരം.

Representative image. Photo Credit : shironosov/iStocks.com
Representative image. Photo Credit : shironosov/iStocks.com

പ്രോജക്ട് നിർദേശിക്കുന്ന പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഏതെങ്കിലും സ്ഥാപനത്തിൽ സ്ഥിരം ജോലിയും നിർദിഷ്ട മേഖലയിൽ വൈദഗ്ധ്യവുമുള്ളയാളായിരിക്കണം. അന്റാർട്ടിക്കയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഏതു ശാസ്ത്രമേഖലയിൽനിന്നുള്ളവർക്കും ഗവേഷണത്തിന് അവസരമുണ്ട്.

Representative Image. Photo Credit : People Images.com - Yuri A / Shutterstock.com
Representative Image. Photo Credit : People Images.com - Yuri A / Shutterstock.com

കടമ്പകൾ ഇനിയും
തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഡൽഹി എയിംസിൽ വിശദമായ ശാരീരിക, മാനസികാരോഗ്യ പരിശോധനയുണ്ട്. പൂർണമായും സജ്ജരെന്ന് ഉറപ്പു വരുത്തിയേ യാത്രാനുമതി തരൂ. അന്റാർട്ടിക്കയിൽ ജീവിക്കാൻ ശരീരത്തെ സജ്ജമാക്കാനുള്ള പരിശീലനമാണ് അടുത്തഘട്ടം. ഉത്തരാഖണ്ഡിലെ ഔലിയിലെ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) മൗണ്ടനീറിങ് ആൻഡ് സ്കീയിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ 20 ദിവസമാണു പരിശീലനം.

Representative Image. Photo Credit : Rapeepat Pornsipak / Shutterstock.com
Representative Image. Photo Credit : Rapeepat Pornsipak / Shutterstock.com

എല്ലാ കടമ്പകളും വിജയകരമായി പൂർത്തിയാക്കുന്ന ഗവേഷകർ ഒക്ടോബർ– ഡിസംബർ മാസങ്ങളിൽ അന്റാർട്ടിക്കയിലേക്കു പുറപ്പെടും. ഗവേഷകർക്ക് ധ്രുവ പ്രദേശങ്ങളിൽ ധരിക്കാനുള്ള പ്രത്യേക വസ്ത്രങ്ങൾ വാങ്ങാനായി 20,000– 30,000 രൂപ വരെ എൻസിപിഒആർ നൽകും. പ്രത്യേക പ്രതിദിന അലവൻസുമുണ്ട്.

മൈത്രിയും ഭാരതിയും
അന്റാർട്ടിക്കയിൽ ഇന്ത്യയ്ക്കു 2 ഗവേഷണകേന്ദ്രങ്ങളാണുള്ളത്; മൈത്രിയും ഭാരതിയും. ഇവ രണ്ടും തമ്മിലുള്ള ദൂരം 3098 കിലോമീറ്റർ. മൈത്രിയിൽ ശൈത്യകാലത്ത് 25 പേർക്കും വേനൽക്കാലത്ത് 40–60 പേർക്കും താമസിക്കാം. ഭാരതിയിൽ 47 പേർക്കുള്ള താമസ സൗകര്യമാണുള്ളത്. അത്യാവശ്യം ലാബ് ഉപകരണങ്ങളുമുണ്ടാകും. അതിവേഗ ഇന്റർനെറ്റ് സംവിധാനമുള്ള ഭാരതിയിൽ വാട്സാപ് സേവനമുൾപ്പെടെ കിട്ടും. മൈത്രിയിൽ സാറ്റലൈറ്റ് ഫോൺ വഴിയാണ് ആശയവിനിമയം.

Representative image. Photo Credit : poba/iStock
Representative image. Photo Credit : poba/iStock

യാത്രാവഴി
ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വിമാനത്താവളം വഴിയാണ് യാത്ര. കേപ്ടൗണിൽനിന്നു ചാർട്ടേഡ് വിമാനം വഴി അന്റാർട്ടിക്കയിലെ നോവോ എയർഫീൽഡിലെത്തും. മൈത്രി സ്റ്റേഷനടുത്താണ് ഈ എയർഫീൽഡ്. നോവോയിൽ നിന്നു ഭാരതി സ്റ്റേഷന് അടുത്തുള്ള എയർഫീൽഡിലേക്കു പിന്നെയും ചെറുവിമാനത്തിൽ പോകണം. അന്റാർട്ടിക്ക യിലെ യാത്രകൾക്ക് ഹെലികോപ്റ്ററുകൾ, മഞ്ഞിലുപയോഗിക്കുന്ന സ്നോ സ്കൂട്ടറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളും ലഭ്യമാകും. അന്റാർട്ടിക്കയിലേക്കു ഗവേഷണത്തിനും താമസത്തിനുമുള്ള സാധനങ്ങളും മറ്റു ഭാരമേറിയ വസ്തുക്കളും കൊണ്ടുപോകുന്നതു കപ്പൽമാർഗമാണ്.

Representative image. Photo credit : insta_photos/Shutterstocks.com
Representative image. Photo credit : insta_photos/Shutterstocks.com

ഗവേഷകർ മാത്രമല്ല
അന്റാർട്ടിക്കയിലേക്കു പോകുന്നത് ഗവേഷകർ മാത്രമാണെന്നു കരുതരുത്. കാർപെന്റർ, വെൽഡർ, മെക്കാനിക്, ഡോക്ടർ, കുക്ക് തുടങ്ങി ഗവേഷകരെ സഹായിക്കാനായി വ്യത്യസ്ത മേഖലകളിൽ നിന്നുള്ളവർ വേറെയുമുണ്ട്. നേരത്തേ കരസേനയിലുള്ളവരാണ് ഇത്തരം ജോലികൾക്കായി പോയിരുന്നത്. ഇപ്പോൾ എൻസിപിഒആർ തന്നെ 15 മാസത്തേക്കു കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയാണു ചെയ്യുന്നത്.

ഡോ. തമ്പാൻ മേലത്ത്.
ഡോ. തമ്പാൻ മേലത്ത്.

ശാസ്ത്രീയ മൂല്യം, പ്രായോഗികത, മുൻഗണനാ മേഖല എന്നീ മൂന്നു ഘടകങ്ങൾ പരിഗണിച്ചാണ് ഗവേഷണ പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നത്. ഗവേഷണ വിദ്യാർഥികൾ മുതൽ മുതിർന്ന ശാസ്ത്രജ്ഞർ വരെയുള്ളവർക്ക് ഇതിന്റെ ഭാഗമാകാം. 2022ലെ ഇന്ത്യ അന്റാർട്ടിക്ക നിയമ പ്രകാരം സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ഇന്ത്യൻ ഗവേഷകർ അന്റാർട്ടിക്കയിലേക്കു പോകുന്നത്.
ഡോ. തമ്പാൻ മേലത്ത്,
ഡയറക്ടർ,
എൻസിപിഒആർ, ഗോവ

English Summary:

How to get into research in Antarctica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com