"ഊഹക്കച്ചവടത്തോടുള്ള താൽപ്പര്യം വിപണിയിൽ വിനയാകും" കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
.jpg?w=1120&h=583)
Mail This Article
"എന്നെ ഇന്നാരും പറ്റിക്കുന്നില്ലേ എന്നാലോചിച്ചു പറ്റിക്കപ്പെടാൻ തയാറായി നിൽക്കുകയാണ് സാക്ഷരരായ മലയാളികള്‍. പെട്ടെന്ന് പണക്കാരാനാകാനുള്ള ത്വരയോടെ കടന്നു വരുന്നവർ സാധാരണക്കാരല്ല, ഡോക്ടർമാരും ജഡ്ജിമാരും വക്കീലന്മാരുമൊക്കെയാണ്". മലയാളികൾ സാമ്പത്തിക തട്ടിപ്പിൽ പെടുന്നതിനെക്കുറിച്ച് പ്രമുഖ വ്യവസായിയും വീഗാലാൻഡ് ഡവലപ്പേഴ്സ് മാനേജിങ് ഡയറക്ടറും കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാന്‍ഷ്യൽ സര്‍വീസസ് എന്നിവയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സൗജന്യ നിക്ഷേപ ബോധവൽക്കരണ പരിപാടിയുടെ 25–മത് സെമിനാർ കൊച്ചി മലയാള മനോരമ സെമിനാർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓഹരി വിപണിയിൽ താൽപ്പര്യമില്ലാത്ത തനിക്ക് വി ഗാർഡിന്റെ ഓഹരികൾ എന്തിനാണ് ഇത്ര ഉയർന്നതെന്നറിയില്ല. അടുത്തകാലത്ത് ഓഹരി വിപണി കയറിയതും ഇറങ്ങുന്നതും എന്തിനെന്നറിയില്ല, അദ്ദേഹം കൂട്ടിചേർത്തു. കേരളം ഓഹരി വിപണിയെക്കറിച്ച് അറിയുന്നതിനും മുന്നേ ലിസ്റ്റ് ചെയ്ത് കമ്പനിയാണ് സി. ജെ. ജോർജ് സാരഥിയായ ജിയോജിത്. വി ഗാർഡ് ഓഹരിവിപണിയിലേയ്ക്ക് കടക്കാമെന്ന് തീരുമാനിച്ചപ്പോൾ പിന്തുണ തേടിയത് ജോർജിന്റെ അടുത്താണ്. വർഷങ്ങൾക്ക് ശേഷം വണ്ടർലാ ഐപിഒ അവതരിപ്പിച്ചപ്പോൾ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായിരുന്നു.
ഒറ്റ ഫാക്ടറിപോലുമില്ലാത്ത ആളാണ് ലോകത്തെ അറിയപ്പെടുന്ന ഓഹരി വിപണി വിദഗ്ധനായ വാറൻബഫറ്റ്. ഇന്ത്യയിലും അതു പോലെ ഒരു ഫാക്ടറി പോലും ഇല്ലാതെ ഓഹരിയിലൂടെ കോടികൾ സമ്പാദിച്ച വ്യക്തിയാണ് രാജേഷ് ജുൻജുൻവാല. നല്ല കമ്പനികൾ കണ്ടെത്തി അതിൽ നിക്ഷേപിക്കുകയായിരുന്നു അവരുടെ രീതി. ഇങ്ങനെ ഓഹരിയിലൂടെ കോടികൾ സമ്പാദിച്ചവരേറെയുണ്ട്. പണം നഷ്ടപ്പെടുത്തിയവരാകട്ടെ, കൂടുതലും ഡേ ട്രേഡിങിന്റെ പിന്നാലെ പോയവരാണ്. ഊഹക്കച്ചവടത്തോടുള്ള താൽപ്പര്യമാണ് പലപ്പോഴും വിനയാകുന്നത് - കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
വരുമാനം വളരാൻ
സാധാരണക്കാർക്ക് ഇന്ത്യയുടെ വളർച്ചയുടെ ഒരു പങ്ക് നേടിയെടുക്കാനുള്ള ഏറ്റവും പറ്റിയ മാർഗമാണ് ഓഹരി വിപണിയിലെ പങ്കാളിത്തമെന്ന് ജിയോജിത് മാനേജിങ് ഡയറക്ടർ സി ജെ ജോർജ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ഓഹരി സൂചികകളിൽ അത് കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. എന്നാൽ മാസശമ്പളം മാത്രം ആദായമുള്ളവർക്ക് ഇന്ത്യ എത്ര വളർന്നാലും വരുമാനം അത്രയ്ക്ക് വളരണമെന്നില്ല. ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായി വിപണി ഇടിയാൻ കാത്തിരിക്കുന്നവർ ഏറെയുണ്ട്. ഭയം, ആർത്തി എന്നീ വികാരങ്ങളെ നിയന്ത്രിച്ച് മികച്ച മാനേജ്മെന്റുള്ള നല്ല ഓഹരികളിൽ നിക്ഷേപിച്ചാൽ നിക്ഷേപം വളരുക തന്നെ ചെയ്യുമെന്ന് സി ജെ ജോർജ് പറഞ്ഞു. ഓഹരി വിപണിയെ മലയാളികൾക്കിടയിൽ പരിചയപ്പെടുത്തിയതിൽ മനോരമയ്ക്ക് പങ്കുണ്ടന്ന് സിജെ ജോർജ് വ്യക്തമാക്കി.
മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷനായി. മലയാള മനോരമ ബിസിനസ് എഡിറ്റർ പി കിഷോർ വിഷയാവതരണം നടത്തി, സമ്പാദ്യം എഡിറ്റർ ഇൻ ചാർജ് എസ്. രാജ്യശ്രീ സ്വാഗതം പറഞ്ഞു. തുടർന്ന് ജിയോജിത്തിന്റെ ചീഫ് ഇൻവസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ ഓഹരി – മ്യൂച്ചൽഫണ്ട് മേഖലകളിൽ നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ജിയോജിത്ത് സൗത്ത് കേരള മേധാവി എൻ ജി മനോജ് സംശയങ്ങൾക്ക് മറുപടി പറഞ്ഞു.