കാണാതെ, മിണ്ടാതെ, യാത്ര പറയാതെ പാതിയിൽ മുറിഞ്ഞ പ്രണയം! അവർ ഒരുമിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത ഹൃദയങ്ങളുണ്ടോ?

Mail This Article
ഗാഥയെ ഓർമയുണ്ടോ? ബെംഗളൂരൂ നഗരത്തിന്റെ ചെറുപ്പവും ചുറുചുറുക്കും ഓരോ ചലനത്തിലും തോന്നിപ്പിച്ച, മനസ്സിനുള്ളിൽ സങ്കടങ്ങളുടെ കടലിരമ്പം ഒളിച്ചുവച്ച ആ പെൺകുട്ടിയെ ഓർമയുണ്ടോ? ‘വന്ദനം’ എന്ന മോഹൻലാൽചിത്രത്തിലെ ആ നായികാമുഖം ആദ്യ കാഴ്ചയിൽ അപരിചിതമായിരുന്നെങ്കിലും എത്ര പെട്ടെന്നാണ് അവൾ നമ്മുടെ മനസ്സിൽ ഇടംപിടിച്ചത്. പാട്ടുകൾകൊണ്ടും നർമ മുഹൂർത്തങ്ങൾ കൊണ്ടും മുൾമുനയിൽ നിർത്തുന്ന ക്ലൈമാക്സ് കൊണ്ടും നമ്മെ പിടിച്ചിരുത്തി ആ ചിത്രം.
ഓരോവട്ടം വീട്ടിലെ കുഞ്ഞുടിവിയിൽ കണ്ടപ്പോഴും ഇപ്പോഴാകെ മാറിപ്പോയ പഴയ ബെംഗളൂരു നഗരത്തെ ഓർമിച്ചു. ഉണ്ണികൃഷ്ണൻ എന്ന പൊലീസുകാരന്റെ വേഷത്തിൽ കേസന്വേഷണത്തിന് ആ നഗരത്തിലെത്തിയ മോഹൻലാൽ കഥാപാത്രത്തെയും അന്വേഷണവഴിയിൽ അയാൾ കണ്ടുമുട്ടിയ ഗാഥയെന്ന സുന്ദരിക്കുട്ടിയെയും ഓർമിച്ചു. അവർ കലഹിച്ചും ഒരുമിച്ചു കൈകോർത്തും പാട്ടുപാടിയും നടന്ന നഗരത്തിലെ വഴിയോരങ്ങളും മരമഞ്ഞത്തണലുകളും പൂവിരിച്ച ചാരുബഞ്ചുകളും ഓർമിച്ചു. ഒടുവിൽ, ഏറ്റവുമൊടുവിൽ ഒരു ഫോൺവിളിയുടെ ഇരുപുറവും തമ്മിൽത്തമ്മിൽ കാണാതെ, ഒരു വാക്കുമിണ്ടാനാകാതെ, യാത്ര പോലും പറയാതെ പിരിഞ്ഞ ഗാഥയുടെയും ഉണ്ണികൃഷ്ണന്റെയും സങ്കടവുമോർമിച്ചു.
ഇന്നായിരുന്നെങ്കിൽ അങ്ങനെയൊരു സിനിമ സംഭവിക്കില്ലായിരുന്നെന്ന് അറിയാം. ഓരോതവണ ആ ചിത്രം കാണുമ്പോഴും, അവരുടെ സങ്കടകരമായ വേർപിരിയൽ കാണുമ്പോഴും മനസ്സു വെറുതെ ചിന്തിച്ചുപോകാറുണ്ട്, അന്ന് ഗാഥയുടെ ആ ഫോൺകോളിനപ്പുറത്ത് ഉണ്ണികൃഷ്ണൻ അവൾക്കു മറുപടി കൊടുത്തിരുന്നെങ്കിലെന്ന്.. അവർ തമ്മിൽത്തമ്മിൽ ഒന്നു മിണ്ടിയിരുന്നെങ്കിലെന്ന്... അയാളെവിടെയെന്ന് അവളും അവൾ എവിടെയെന്ന് അയാളും തിരിച്ചറിഞ്ഞിരുന്നെങ്കിലെന്ന്.. എങ്കിൽ തീർച്ചയായും അവർ ഒരുമിക്കുമായിരുന്നു. ഒരുമിച്ചൊരു ജീവിതത്തിലേക്കു കൈകോർക്കുമായിരുന്നു. പക്ഷേ ശുഭകരമെന്നുറപ്പിച്ചൊരു പ്രണയചിത്രത്തിന് എന്തിനാണ് സംവിധായകൻ ഇത്രയും വേദനാജനകമായൊരു പര്യവസാനം നൽകിയതെന്നോർത്തു നൊമ്പരപ്പെട്ടിട്ടുണ്ട് പലപ്പോഴും.
‘‘ഏതെങ്കിലും ഒരു സിനിമ മാറ്റി ചെയ്യണമെന്നു തോന്നിയിട്ടുണ്ടെങ്കിൽ അത് വന്ദനമാണ്. അതിന്റെ ക്ലൈമാക്സ് പ്രേക്ഷകരിൽ വേദനയുണ്ടാക്കി...’’ 1989ൽ പുറത്തിറങ്ങിയ വന്ദനം എന്ന ചിത്രത്തെക്കുറിച്ച് മൂന്നര പതിറ്റാണ്ടിനു ശേഷം സംവിധായകൻ പ്രിയദർശൻ അടുത്തിടെ നടത്തിയ വീണ്ടുവിചാരം എന്നെപ്പോലെ, ആ ചിത്രം കണ്ട ഓരോ മലയാളി പ്രേക്ഷകനും തോന്നിയിരിക്കണം. എങ്കിലും ചില പ്രണയകഥകൾ അങ്ങനെയൊടുങ്ങാനുള്ളതാണെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചേരാനും പിരിയാനുമുള്ള ശ്വാസം ബാക്കിവയ്ക്കുന്നുണ്ടല്ലോ ചിലപ്പോഴെങ്കിലും പ്രണയം.
ഗാനം: കവിളിണയിൽ
ചിത്രം: വന്ദനം
രചന: ഷിബു ചക്രവർത്തി
സംഗീതം: ഔസേപ്പച്ചൻ
ആലാപനം: എം.ജി.ശ്രീകുമാർ, സുജാത മോഹൻ
കവിളിണയിൽ കുങ്കുമമോ
പവിഭവവർണ്ണ പരാഗങ്ങളോ
കരിമിഴിയിൽ കവിതയുമായ്
വാ വാ എന്റെ ഗാഥേ...
നിന്റെ ചൊടിയിൽ വിരിയും
മലരിന്നളികൾ മധു നുകരും
മനസ്സിന്റെ മാലിനീതീരഭൂവിൽ
മലരിട്ടു മാകന്ദശാഖികളിൽ
തളിരില നുള്ളും കുയിലുകൾ പാടി
തരിവള കൊട്ടി പുഴയതു പാടി
വനജ്യോത്സ്‌ന പൂവിടുന്ന
വനികയിൽ പാടുവാനായ്
അഴകിന്നഴകേ നീ വരുമോ
മധുമാസ രാവിന്റെ പൂമഞ്ചലിൽ
പനിമതീതീരത്തു വന്നിറങ്ങീ
കസവുള്ള പട്ടിൻ മുലക്കച്ച കെട്ടി
നറുനിലാച്ചേല ഞൊറിയിട്ടുടുത്തു
മധുരമാം ഗാനത്തിൻ മുരളിയുമായെന്റെ
അരികിൽ വരാമോ പെൺകൊടി നീ