‘ഒരു മഴയും തോരാതിരിക്കില്ല, ഒരു രാവും പുലരാതിരിക്കില്ല’; ജീവിതം തീർക്കുകയല്ല, പൊരുതുകയാണ് വേണ്ടത്

Mail This Article
പ്രതിസന്ധികൾ ജീവിതത്തോടു പൊരുതേണ്ട സമയമാണ്. അല്ലാതെ അവസാനിപ്പിക്കേണ്ട സമയമല്ല– കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പലും മാനസികാരോഗ്യ വിഭാഗം മേധാവിയുമായ ഡോ. വർഗീസ് പി.പുന്നൂസ് പറയുന്നു: പ്രതിസന്ധികൾ വരുമ്പോൾ രണ്ടു തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാകാം: ആരോഗ്യകരവും രോഗാതുരവും. തന്റെ മുന്നിലുള്ള പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നു യുക്തിപൂർവം ചിന്തിക്കുകയും അതിനു വേണ്ട പരിഹാര നടപടികൾ ചിട്ടയായി ചെയ്യുകയുമാണ് ആരോഗ്യകരമായ പ്രതികരണം. ഇതിനു വൈകാരികസ്ഥിരതയും ജീവിതനൈപുണ്യങ്ങളും ജീവിതമൂല്യങ്ങളും ആവശ്യമാണ്. എന്നാൽ വൈകാരികമായ പ്രതികരണങ്ങൾക്കു വശംവദരായി പ്രശ്നങ്ങളെ സമീപിക്കുമ്പോൾ യുക്തിചിന്ത നഷ്ടമാകുന്നു. പ്രശ്നപരിഹാരത്തിനു പകരം അവർ തന്നെ പ്രശ്നത്തിന്റെ ഭാഗമായി മാറുന്നു, വൈകാരിക ക്ഷോഭങ്ങൾക്കുള്ള പരിഹാരമായി ചിലർ ലഹരിവസ്തുക്കളിൽ അഭയം പ്രാപിക്കുന്നു. ചിലർ യുക്തിക്കു നിരക്കാത്ത പ്രതീക്ഷകൾ വച്ചുപുലർത്തി അദ്ഭുതകരമായ ചില പരിഹാരങ്ങൾ തേടുന്നു. അന്ധവിശ്വാസം, ദുർമന്ത്രവാദം തുടങ്ങിയ ചൂഷണങ്ങളിൽ പെട്ടുപോകുന്നവരും ചുരുക്കമല്ല. വൈകാരികച്ചുഴിയിൽ പെട്ട് എടുത്തുചാടിയുള്ള ചില പ്രതികരണങ്ങൾ ചിലപ്പോൾ മരണത്തിലും കലാശിക്കാം.
വിഷാദം എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തികൾക്കു തങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹാരമില്ലാത്ത അവസ്ഥയായി തോന്നാം. പ്രശ്‌നങ്ങൾക്കെല്ലാം കാരണം താൻ തന്നെയാണ്, അതിനാൽ താൻ ഇല്ലാതാകുന്നതാണു പ്രശ്നങ്ങളുടെ പരിഹാരം എന്ന രീതിയിൽ ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു.
പരിഹാര നിർദേശങ്ങൾ
∙ ജീവിതനൈപുണ്യങ്ങളും ശക്തമായ മൂല്യങ്ങളും ചെറുപ്രായത്തിൽ തന്നെ പരിശീലിക്കുക.
∙ ബുദ്ധിമുട്ടുള്ള അനുഭവങ്ങളിലൂടെ കടന്നുപോകാൻ കുട്ടികളെ അനുവദിക്കുകയും ആരോഗ്യകരമായ അതിജീവനത്തിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക.
∙ ആത്മഹത്യാചിന്തകൾ യുക്തിപൂർവമായ സ്വയംതിരുത്തലുകൾ വഴിയോ പ്രാഥമിക കൗൺസലിങ് വഴിയോ മാറുന്നില്ലെങ്കിൽ മാനസികാരോഗ്യവിദഗ്ധനെ കാണുക.
∙ ആത്മഹത്യാസൂചനകൾ അതീവ ഗൗരവത്തോടെ എടുക്കണം. ആ വ്യക്തിയെ നിരന്തരം നിരീക്ഷിക്കുകയും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ഉറപ്പാക്കുകയും വേണം.
∙ ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്. ‘എല്ലാ താഴിനും താക്കോൽ ഉണ്ട്. അഥവാ താക്കോൽ നഷ്ടപ്പെട്ടാലും വിദഗ്ധനായ ആളെ വിളിച്ച് പൂട്ടു തുറക്കാം’ എന്ന ചിന്ത ശീലിക്കുക.
∙ വൈകാരിക കൊടുങ്കാറ്റുകൾ കെട്ടടങ്ങും വരെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുക. ‘ഒരു മഴയും തോരാതിരിക്കില്ല, ഒരു രാവും പുലരാതിരിക്കില്ല’ എന്ന മനോഭാവം ഉണ്ടാക്കിയെടുക്കുക.
∙ ശാന്തമായ ആത്മഭാഷണം ശീലിക്കുക.
∙ ഉചിതമായ വ്യക്തികളുടെ സഹായം സ്വീകരിക്കുക.
∙ ആവശ്യമെങ്കിൽ മനോരോഗ വിദഗ്ധരുടെ സേവനം സ്വീകരിക്കുക.