കാൽപ്പന്തിന്റെ മിശിഹായെ നമിച്ച് ലോകം; ലയണൽ മെസ്സിയെന്ന ഇതിഹാസത്തെ പൂർണനാക്കിയ ഖത്തറിലെ ലോകകപ്പ് നേട്ടം

Mail This Article
1986 ലോകകപ്പിലെ കിരീടധാരണത്തോടെയാണ് മറഡോണ എന്ന ഇതിഹാസം പൂർണനായതെന്ന് കളിയെഴുത്തുകാർ എഴുതിയിരുന്നു. ലയണൽ മെസ്സിയുടെ കാര്യത്തിലും അവരത് തെല്ലും തിരുത്തിയില്ല. ഫുട്ബോൾ ശ്വസിക്കുന്ന ഒരു ജനത അവരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ ജനിച്ച ദൈവപുത്രനായാണ് മെസ്സിയെ കണ്ടത്. ബ്രസീലിൽ നടന്ന ലോകകപ്പ് ഫൈനലിൽ കൈവെള്ളയിൽ നിന്നും ആ കനക കപ്പകന്ന് പോകുന്നത് കണ്ണീരോടെയാണ് ലിയോ കണ്ടത്. ഒരു ഗോൾ അകലെ വീണുടഞ്ഞ ലോകകിരീടം മാത്രമല്ല, 2015, 2016 വർഷം തുടർച്ചയായി കോപ്പ ഫൈനലിൽ ചിലെയോടേറ്റ തോൽവികൾ അയാളെ തളർത്തി.
2016ൽ ആരാധകരെ ഞെട്ടിച്ച് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. തിരിച്ചുവരാൻ ആരാധകർ അയാളോട് അപേക്ഷിച്ചു, റഷ്യൻ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളിൽ ടീം തളരുന്നത് കണ്ട്, മെസ്സി വീണ്ടും കളത്തിലേക്ക് തിരിച്ചെത്തി. പക്ഷേ ആ ലോകകപ്പിലും അയാൾക്ക് കണക്കുകൾ പിഴച്ചു. ഇനി മെസ്സിക്കൊരു തിരിച്ചുവരവില്ലെന്ന് വിധിയെഴുതിയിടത്ത് നിന്ന് അവസാനമായി അയാൾ ഒരിക്കൽ കൂടി പൊരുതി നോക്കി.
∙ മെസ്സിക്കായി ഒരുങ്ങിയ ലോകകപ്പ്
കാനറികളുടെ ചിറകരിഞ്ഞ് കോപ്പ കിരീടം ചൂടി തെക്കേ അമേരിക്കയുടെ രാജാക്കന്മാരായി അർജന്റീന ആ യുദ്ധം തുടർന്നു. സമീപ കാലത്തെ ഏറ്റവും മികച്ച സൈന്യവുമായി ലയണൽ സ്‌കലോണി എന്ന തന്ത്രശാലിക്കൊപ്പം അവർ ഖത്തറിലെത്തി. അറേബ്യൻ മണ്ണിൽ സൗദി വിറപ്പിച്ചെങ്കിലും, വളരെ വേഗം തന്നെ ആ സൈന്യം തിരിച്ചുവന്നു. പിന്നെ അവർ ഒന്ന് ഉലഞ്ഞുപോയത് ഒരാൾക്കു മുന്നിൽ മാത്രമായിരുന്നു. കിലിയൻ എംബാപ്പെയെന്ന കൊടുങ്കാറ്റിനു മുന്നിൽ. ഒരോ സെക്കൻഡും ലോകത്തെ മുൾമുനയിൽ നിർത്തിയ ആ ഫൈനൽ പോരാട്ടത്തിനൊടുവിൽ മെസ്സിയുടെ കൈകളിലേക്ക് ആ കനകകിരീടമെത്തി. ഒരു കൊച്ചു കുട്ടിയെപ്പോലെ കൂട്ടുകാർക്കൊപ്പം മതിമറന്ന് തുള്ളിച്ചാടുമ്പോൾ അയാളുടെ കൈകളിൽ ഈ ഭൂഗോളം തന്നെയുണ്ടായിരുന്നു. മെസ്സിക്കായി ഒരുങ്ങിയ ലോകകപ്പ് എന്ന് ഫൈനലിനു ശേഷം തോന്നിപ്പോയവർ അനേകമാണ്. ആ ലോക കിരീടത്തിലൂടെ മറഡോണയ്ക്കൊപ്പം മെസ്സിയും പൂർണനായെന്ന് കാലവും കാൽപ്പന്തും ചരിത്രത്തിലെഴുതി.

1986 ജൂണ്‍ 29ന് മാറഡോണ ലോകകപ്പുയര്‍ത്തി ഒരു വര്‍ഷം കഴിയും മുന്‍പേ, 1987 ജൂണ്‍ 24ന് കാലത്ത് ആറു മണിക്കാണ് അർജന്റീനയിലെ റൊസാരിയോയിൽ സീലിയ തന്റെ മൂന്നാമത്തെ മകന് ജന്മം നൽകുന്നത്. ലിയോ എന്ന ലയണൽ മെസ്സി. കുഞ്ഞു ലിയോയ്ക്ക് ഏറ്റവും പ്രിയമുള്ള കളിപ്പാട്ടം ഒരു ചെറിയ പന്തായിരുന്നു. കുഞ്ഞു കൈകളിൽ നിന്നെല്ലായ്പ്പോഴും വഴുതിപോകുന്ന ആ പന്തിനു പിന്നാലെയായി അവന്റെ കുരുന്ന് കാലം. തുണി ചുറ്റിയുണ്ടാക്കിയൊരു പന്തിൽ മുത്തശ്ശിക്കൊപ്പം ലിയോ ആദ്യമായി പന്ത് തട്ടി. പിന്നീട് ഒരു ടെന്നിസ് ബോളിൽ വീട്ടിനുള്ളിൽ അവൻ ഒറ്റയ്ക്ക് കളിച്ചു വളർന്നു. സാമ്പത്തിക പ്രതിസന്ധികൾ അർജന്റീനയെ ഉലച്ച കാലമായിരുന്നത്. അവരുടെ പ്രതീക്ഷകളെല്ലാം ഫുട്ബോളെന്ന ആ പന്തിലാണ് വന്ന് പതിച്ചത്. ഒരു നാലു വയസ്സുകാരന്റെ കളിയായിരുന്നല്ല ലിയോ കളിച്ചത്. അവനെക്കാള്‍ മുതിര്‍ന്ന കുട്ടികളില്‍പ്പോലും കാണാത്ത പന്തടക്കമവനുണ്ടായിരുന്നു.

∙ കൂട്ടത്തിൽ കുഞ്ഞന്‍, വേഗതയില്‍ മുന്‍പന്‍
ലിയോയുടെ അച്ഛൻ അവന്റെ കാലുകളിലെ മാജിക് കണ്ടെത്തി. അയാളവനെ പാകപ്പെടുത്താനാരംഭിച്ചു. സ്‌കൂളിലെ കുട്ടികള്‍ അവനെ ‘വണ്ട്’ എന്നാണ് വിളിച്ചിരുന്നത്. കൂട്ടത്തിൽ ഏറ്റവും കുഞ്ഞന്‍, പക്ഷേ വേഗതയില്‍ എല്ലാവരെക്കാളും മുന്‍പന്‍. വണ്ടിനെപ്പോലെ, ആര്‍ക്കും പിടികൊടുക്കാതെ എതിരാളികളെ വെട്ടിച്ച് പന്തുമായവൻ മുന്നേറി. റൊസാരിയോയിലെ ‘ഗ്രാന്‍ഡോലി’ എന്നൊരു പ്രാദേശിക ക്ലബ്ബിനായാണ് മെസ്സി ആദ്യമായി കളത്തിലിറങ്ങുന്നത്. തന്റെ ചേട്ടന്‍മാരെ ഫുട്‌ബോള്‍ അക്കാദമിയിലേക്ക് കൊണ്ടുചെന്നാക്കുന്ന മുത്തശ്ശിക്കൊപ്പം കുഞ്ഞ് മെസ്സിയും കൂടും.
അവിടെ കാണുന്ന ഫുട്‌ബോള്‍ തട്ടി ആ പയ്യന്‍ സമയം തള്ളിനീക്കും. ഒരു ദിവസം അവിടത്തെ ടീമില്‍ കളിക്കാന്‍ ആള്‍ തികയാതെ വന്നപ്പോള്‍ കോച്ച് സാല്‍വദോര്‍ റിക്കാര്‍ഡോ അപാരിസിയോ അമ്മൂമ്മയോട് അനുവാദം ചോദിച്ച് കുഞ്ഞ് മെസ്സിയെ കളിക്കാനിറക്കുകയായിരുന്നു. അതായിരുന്നു ക്ലബ് ഫുട്ബാളിന്റെ ലോകത്തേക്കുള്ള മെസ്സിയുടെ ആദ്യ കാല്‍വയ്പ്.
∙ ജനിതക രോഗം
1995ൽ റൊസാരിയോയിലെ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിൽ മെസ്സി ചേർന്നു. പക്ഷെ 11–ാം വയസ്സിൽ മെസ്സിയുടെ വളർച്ചക്ക് ആവശ്യമായ ഹോർമോണിന്റെ കുറവ് തിരിച്ചറിയപ്പെട്ടു. അങ്ങനെ 1997 ജനുവരിയില്‍ ആ 9 വയസുകാരനെ മാതാപിതാക്കള്‍ നഗരത്തിലെ ഡോക്ടറായ ഡിയേഗോ ഷ്വാര്‍സ്റ്റീന്റെ പക്കലെത്തിച്ചു. വിവിധ പരിശോധനകള്‍ക്ക് ശേഷം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണുകള്‍ ശരീരത്തില്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടാത്ത വളരെ അപൂര്‍വമായ ഒരു ജനിതക രോഗം മെസ്സിക്ക് ഉണ്ടെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. ഭാരിച്ച ചിലവ് വരുന്ന ചികിത്സ ഉടന്‍ നടത്തണമെന്നും ഇല്ലെങ്കില്‍ മെസ്സിയുടെ വളര്‍ച്ച മുരടിച്ച് പോകുമെന്നും ഡോക്ടര്‍ അറിയിച്ചതോടെ മാതാപിതാക്കള്‍ അസ്വസ്ഥരായി.
അന്ന് മെസ്സിക്ക് ആവശ്യമുള്ള മരുന്നുകള്‍ക്കായി മാസം നല്ലൊരു തുക തന്നെ ചെലവ് വരുമായിരുന്നു. അന്ന് ന്യുവല്‍സ് ഓള്‍ഡ് ബോയ്‌സിന്റെ താരമാണ് മെസ്സി. അവര്‍ക്കും ഈ ചികിത്സാ ചിലവ് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു.മെസ്സിക്കൊരു ഫുട്ബോളറാവുകയെന്നത് ഇനി സാധ്യമല്ലെന്ന് എല്ലാവരുമുറപ്പിച്ചു. അർജന്റീനയിലെ ഒരു പ്രമുഖ ക്ലബ്ബായ റിവർ പ്ലേറ്റിന് മെസ്സിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നെങ്കിലും മാസം തോറും പണം ചെലവാക്കിക്കൊണ്ട് അദ്ദേഹത്തെ ചികിത്സിക്കാൻ അവർക്ക് കഴിയുമായിരുന്നില്ല.
∙ നാപ്കിൻ പേപ്പറിൽ എഴുതിയ കരാർ
എന്നാൽ ബാർസിലോനയുടെ സ്പോർട്ടിങ് ഡയറക്ടറായിരുന്ന കാർലെസ് റെക്സാച്ചിന് മെസ്സിയുടെ കാലുകൾക്ക് കീഴടക്കാനാകുന്ന ഉയരങ്ങളറിയാമായിരുന്നു. സ്പെയിനിലേക്ക് മാറി താമസിക്കാമെങ്കിൽ മെസ്സിയുടെ ചികിത്സക്കുള്ള പണം ക്ലബ്ബ് ഏറ്റെടുത്തുകൊള്ളാം എന്ന് അവർ പറഞ്ഞു. മെസ്സിയുടെ കുടുംബം യൂറോപ്പിലേക്ക് മാറിത്താമസിച്ചു. അർജൻറീനയിലെ റൊസാരിയോയിൽ നിന്നും ട്രയൽസിനെത്തിയ കൊച്ചു പയ്യനെ, നാപ്കിൻ പേപ്പറിൽ എഴുതിയ കരാറുമായി ടീമിലെടുത്ത ബാർസിലോനയിൽ പിന്നീട് പിറന്നത് തുല്യതയില്ലാത്ത ചരിത്രം.

ബാർസയുടെ വരയൻ കുപ്പായത്തിൽ കാറ്റിലിളകിയാടുന്ന രാജകുമാരനെ ലോകം കൗതുകത്തോടെ കണ്ടു. അയാളുടെ കാലുകളിൽ പന്തെത്തുന്നതിനു പിന്നാലെ പിറക്കുന്ന മാജിക്കുകൾ അക്കാലത്തെ ഇതിഹാസങ്ങളെപ്പോലും ഞെട്ടിച്ചു. റൊണാൾഡീഞ്ഞോയെന്ന ഇതിഹാസം ക്ലബ്ബ് വിട്ടതിന് പിന്നാലെ ആ പത്താം നമ്പർ കുപ്പായമണിഞ്ഞയാൾ റൊണാൾഡീഞ്ഞോയുടെ പിൻഗാമിയായി.
∙ മറഡോണയുടെ പിൻഗാമി
16–ാം വയസില്‍ ക്ലബ്ബിന്റെ സീനിയര്‍ ടീമില്‍ അംഗമായ മെസ്സി തിയറി ഒൻറി, സാമുവല്‍ എറ്റൂ, റൊണാള്‍ഡീഞ്ഞോ എന്നിവര്‍ക്കൊപ്പം ബാർസയുടെ പോരാളിയായി. പെപ് ഗ്വാര്‍ഡിയോള ബാർസയുടെ പരിശീലകനായി എത്തിയതോടെ മെസ്സിയുടെ കരിയര്‍ മാറിമറിഞ്ഞു. ബാർസയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ 2008-09 സീസണില്‍ എല്ലാ ടൂർണമെന്റുകളിൽ നിന്നുമായി ഒരു ക്ലബ്ബിന് സ്വന്തമാക്കാവുന്ന എല്ലാ കിരീടങ്ങളും ക്യാംപ് നൗവിലെത്തി. ലാ ലിഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, ചാംപ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ് തുടങ്ങിയവയെല്ലാം ബാർസ സ്വന്തമാക്കി.
മെസ്സി - സാവി - ഇനിയേസ്റ്റ ത്രയം ലോകഫുട്‌ബോളിലെ തന്നെ പകരംവയ്ക്കാനില്ലാത്ത ശക്തിയായി. മെസ്സി ഒാരോ കളികളിലും ലോകത്തെ അതിശയിപ്പിച്ചു. സൗന്ദര്യാത്മക ഫുട്ബോളിന്റെ പൂർണനായ മെസ്സിയെ കണ്ട് റൊണാൾഡീഞ്ഞോ ആഹ്ലാദിച്ചു. പിന്നീട് അർജന്റീയുടെ വരയൻ കുപ്പായത്തിൽ സാക്ഷാൽ മാറഡോണ മെസ്സിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു. പിന്നീടങ്ങോട്ട് അയാൾ നടത്തിയ പടയോട്ടങ്ങൾക്കു പിന്നാലെ ലോകം പാഞ്ഞു. കാലാന്തരത്തിൽ മെസ്സിയെന്ന മാന്ത്രികൻ കാൽപ്പന്തിന്റെ മിശിഹായായി പരിണമിക്കപ്പെട്ടു.

∙ പൊരുതി നേടിയ ലോകകപ്പ്
അർജന്റീന പരാജയപ്പെടുമ്പോളെല്ലാം അതിന്റെ ശാപമേറ്റ് വാങ്ങിയത് മെസ്സിയാണ്. അതിന്റെ ഭാരം അയാൾക്ക് താങ്ങാനാകാതെ വന്നു. പക്വതയില്ലാത്ത ഒരു കുട്ടിയെപ്പോലെ വിരമിക്കാനൊരുങ്ങുന്നുവെന്ന് പലകുറി അയാൾ പറഞ്ഞത് തനിക്കുമേൽ വന്ന് പതിച്ച ശാപവാക്കുകൾ ഉള്ളിലണയാതെ കത്തുന്നതുകൊണ്ടായിരുന്നു. അവിടെ നിന്നും മെസ്സി തിരിച്ചു വന്നത് സ്വയം പാകപ്പെടുത്തിയാണ്. തനിക്കായി കാത്തിരിക്കുന്ന എത്രയോ മനുഷ്യർ അയാളുടെ കണ്ണുകളിലൂടെ കടന്നുപോയിട്ടുണ്ടാകാം, അതായിരിക്കാം വീണിടത്ത് നിന്നയാളെ പിടിച്ചെളുന്നേൽപ്പിച്ചത്. അർജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുകെന്നത് മെസ്സിയുടെ മാത്രം ചുമതലയായി മാറി. പ്രായം പോലും നോക്കാതെ അതയാൾ ചുമലിലേറ്റി വീണ്ടും ബൂട്ട് കെട്ടി. കൂടെക്കളിക്കുന്നവരുടെ ഒാരോ നീക്കങ്ങളിലും അയാൾ തന്റെ സാന്നിധ്യമറിയിച്ചു.. കിട്ടിയ അവസരങ്ങളെല്ലാം അയാൾ ലക്ഷ്യത്തിലെത്തിച്ചു. ഗോളിലേക്ക് വഴിയൊരുക്കി നൽകി പ്ലേമേക്കറായി. അങ്ങനെ മെസ്സി ഒരോ അണുവിലും പൊരുതി നേടിയ ലോകകപ്പായിരുന്നു അത്.

അനേകം തലമുറകളുടെ ശ്വാസവും രക്തവും നിറച്ചു വീർപ്പിച്ചൊരു തീഗോളം ഹൃദയത്തിൽ പടർത്തിയ മിശ്ശിഹാ ഒരു പന്ത് കൊണ്ട് നമ്മെ സുഖപ്പെടുത്താൻ തുടങ്ങിയിട്ട് ഇതെത്ര കാലമായിരിക്കുന്നു. അര്‍ജന്റീനയുടെ കേരളത്തിലെ ആരാധകര്‍ക്ക് രാഷ്ട്രീയത്തിലാണെങ്കില്‍ ഒരു വോട്ടുബാങ്കാവാനുള്ള ശേഷിയുണ്ടെന്നത് സത്യമാണ്. കൂടെപ്പിറപ്പിനെപ്പോലെ മെസ്സിയെ സ്നേഹിക്കുന്നവരാണ് മലയാളികൾ. പുള്ളാവൂർ പുഴയിൽ മെസ്സി തലയുയർത്തി നിൽക്കുന്നതും പൂരത്തിന് ഗജവീരന്മാരുടെ മുകളിൽ മെസ്സിക്കുടയുയരുന്നതും ആ സ്നേഹ ബന്ധത്തിന്റെ അടയാളമാണ്. ഡീഗോ മറഡോണയ്ക്ക് ശേഷം മലയാളി ഹൃദയത്തിൽ ഇത്രയധികം താലോലിച്ച മറ്റൊരു ഫുട്ബോളറില്ലെന്നത് തീർച്ച.
ലിയോയുടെ പാദങ്ങൾക്കൊരിക്കലും പ്രായമാകില്ലെന്ന് വിശ്വസിക്കുന്നവർ അനേകമാണ്. മെസ്സിയുടെ ജീവിതം ഫുട്ബോളിന്റെ കൂടി ചരിത്രമാണ്. അയാളുടെ ജനിതകഘടന തന്നെ തുകൽപ്പന്തും കളിക്കളവുമാണ്. കളിയാരാധകരുടെ ഹൃദയമിടിപ്പിനെ വിശ്വമാനവികതയുടെ ഹൃദയതാളമാക്കി മാറ്റിയെടുക്കുകയായിരുന്നു അയാളുടെ കാലുകൾ. ലോകത്തിന്റെ ഹൃദയവികാര വിചാരങ്ങളിൽ നിരന്തരം മെസ്സി നിറഞ്ഞു നിൽക്കുന്നു. ഫുട്ബോൾ ഒരു കായിക വിനോദം മാത്രമല്ല അത് അസംഖ്യം മനുഷ്യരുടെ അതിജീവനമായിരുന്നു. ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും മനുഷ്യർ തങ്ങളുടെ ചെറുത്തുനിൽപ്പും അതിജീവനവും ലോകത്തോട് വിളിച്ച് പറഞ്ഞത് ആ പന്തിലൂടെയാണ്. ആ പന്തിന്റെ നാഥനും നായകനുമാകാൻ കഴിഞ്ഞെങ്കിൽ മെസ്സി, നിങ്ങൾ കാലങ്ങൾക്കതീതനാണ്!