ഇന്ത്യയെ ‘നേരിടാൻ’ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്ക്, ഒരു ടീമിനെ മടക്കി അയക്കും; ഐസിസിയുടെ വ്യത്യസ്തമായ പരീക്ഷണം!

Mail This Article
കറാച്ചി∙ ചാംപ്യന്‍സ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയെ നേരിടുന്നതിനായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്കു പോകും. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികള്‍ ആര് എന്ന കാര്യത്തിൽ ഇന്നു നടക്കുന്ന ഇന്ത്യ– ന്യൂസീലന്‍ഡ് മത്സരത്തിനു ശേഷമേ വ്യക്തത വരൂ. ഈ സാഹചര്യത്തിലാണ് എതിരാളികളാകാൻ സാധ്യതയുള്ള ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേരത്തേതന്നെ ദുബായിലേക്കു പോകാൻ തീരുമാനിച്ചത്. ഇന്നത്തെ മത്സരത്തോടെ ഇന്ത്യയുടെ എതിരാളികൾ ആരാണെന്ന കാര്യത്തിൽ വ്യക്തത വരുമ്പോൾ ഒരു ടീം സെമിഫൈനലിനായി പാക്കിസ്ഥാനിലേക്കു തിരികെയെത്തും.
മാർച്ച് നാലിന് ദുബായിൽ വച്ചാണ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെമിഫൈനൽ. അതിനു മുൻപ് രണ്ടു ടീമുകളും ദുബായിലെത്തി പരിശീലനം നടത്തും. മത്സരത്തിനു മുൻപ് ദുബായിലെ സാഹചര്യങ്ങളുമായി ഓസീസിനും ദക്ഷിണാഫ്രിക്കയ്ക്കും പൊരുത്തപ്പെടാനുള്ള അവസരം കൂടിയാണിത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ച ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണ് ഒരു സ്റ്റേഡിയത്തിൽ മാത്രം ഇറങ്ങുന്നതിലൂടെ ലഭിക്കുന്നതെന്നു വിമർശനം ശക്തമാണ്. ഇന്ത്യയുടെ എതിരാളികളെ തീരുമാനിച്ച ശേഷം യുഎഇയിലുള്ള മൂന്നാമത്തെ ടീം ലാഹോറിലെത്തി, ന്യൂസീലൻഡിനെതിരെ സെമി ഫൈനൽ കളിക്കും.
‘‘ശനിയാഴ്ച നടന്ന ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് മത്സരത്തോടെ ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ പൂർത്തിയായി. പക്ഷേ, ഇന്ത്യ–ന്യൂസീലൻഡ് മത്സരം കൂടി പൂർത്തിയാകാതെ ഓസ്ട്രേലിയയ്ക്കോ ദക്ഷിണാഫ്രിക്കയ്‌ക്കോ എവിടെയാണ് സെമിഫൈനൽ കളിക്കേണ്ടത് എന്ന കാര്യത്തിൽ വ്യക്തത ലഭിക്കില്ല. എതിരാളികളുടെ കാര്യത്തിൽ വ്യക്തത ലഭിക്കുന്നതിനായി കാത്തിരിക്കാൻ തീരുമാനിച്ചാൽ ചൊവ്വാഴ്ചത്തെ സെമിക്കായി അവർക്ക് തിങ്കളാഴ്ച മാത്രമേ ദുബായിൽ എത്താനാകൂ. ഇതോടെ അവിടെ പരിശീലിക്കാനുള്ള അവസരം ആ ടീമിന് നഷ്ടമാകും’ – രാജ്യാന്തര മാധ്യമത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ദുബായിലേക്കു പോകുന്ന ഈ രണ്ടു ടീമുകളിൽ ഒന്ന് 24 മണിക്കൂറിനുള്ളിൽ സെമി കളിക്കാനായി പാക്കിസ്ഥാനിലേക്ക് തിരികെയെത്തേണ്ട സാഹചര്യവുമുണ്ട്. ടൂർണമെന്റിന്റെ ഫോർമാറ്റ് പ്രകാരം, ഗ്രൂപ്പ് എയിൽ രണ്ടാമതെത്തുന്ന ടീമാണ് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിടേണ്ടത്. ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാർ, ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയയെയും സെമിയിൽ നേരിടും. എതിരാളികൾ ആരായാലും, ഇന്ത്യയുടെ സെമിഫൈനൽ ചൊവ്വാഴ്ച ദുബായിൽ വച്ചാണ് നടത്തുക. രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യ പാക്കിസ്ഥാനിലേക്ക് പോകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണിത്.
സെമിഫൈനൽ നടക്കുന്ന ദുബായിലാണ് ഇന്ത്യ ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും കളിക്കുന്നതെങ്കിലും, എതിർ ടീം ഓസ്ട്രേലിയ ആയാലും ദക്ഷിണാഫ്രിക്ക ആയാലും അവിടെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല. ആ കുറവു പരിഹരിക്കാനാണ് ആരാണ് ദുബായിൽ കളിക്കുന്നതെന്ന് വ്യക്തത വരും മുൻപേ ഇരു ടീമുകളെയും അവിടേക്ക് അയയ്ക്കുന്നത്.
ലഹോറിലെ സെമി ഫൈനലിലെ വിജയികൾ, ഇന്ത്യ ഫൈനലിലെത്തിയാൽ വീണ്ടും ദുബായിലേക്കു പോകേണ്ടിവരും. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയക്കാതിരുന്നത്. ബിസിസിഐ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിൽ നടത്താൻ ധാരണയാകുകയായിരുന്നു. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെയും, പിന്നീട് പാക്കിസ്ഥാനെയും തോൽപിച്ചാണ് ഇന്ത്യ സെമി ഫൈനലിന് യോഗ്യത നേടിയത്.