ഹൈസ്കൂളിൽ ഇത്തവണയും ഇംഗ്ലിഷ് അധ്യാപകരില്ല
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഇത്തവണയും ഇംഗ്ലിഷിന് സ്ഥിരം അധ്യാപക നിയമനമില്ല. ഭാഷാ വിഷയമായി അംഗീകരിച്ച് തസ്തികനിർണയം നടത്തി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്ന ഹൈക്കോടതി വിധി കാറ്റിൽപറത്തി വീണ്ടും താൽക്കാലിക നിയമനത്തിനാണ് സർക്കാർ തീരുമാനം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നൂറുകണക്കിനുപേർ ജോലി കാത്തിരിക്കുമ്പോഴാണ് ഈ നടപടി.
സർക്കാർ സ്കൂളുകളിൽ തസ്തിക നഷ്ടം വരുന്ന അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളിൽ ദിവസവേതനക്കാരെ നിയമിക്കാനാണു മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എയ്ഡഡ് സ്കൂളുകളിൽ, ഒരേ മാനേജ്മെന്റിനു കീഴിൽ തസ്തിക നഷ്ടം വന്നു പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും മറ്റു സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർവിന്യസിച്ചശേഷം മാത്രം ദിവസവേതനാടിസ്ഥാനത്തിൽ നിയമനമാകാം.
നിലവിൽ 639 ഹൈസ്കൂളുകളിലാണ് ഇംഗ്ലിഷ് അധ്യാപകരില്ലാത്തത്. 2021 ലാണ് തസ്തിക നിർണയം നടത്തി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് കോടതി പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പഴുതു ചൂണ്ടിക്കാട്ടിയാണ് താൽക്കാലിക നിയമനം തുടരുന്നത്.