ADVERTISEMENT

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ ഡെന്റൽ കോളജുകളിലെ സംസ്ഥാന ക്വോട്ട സീറ്റുകളിലെയും കേരളത്തിലെ സ്വകാര്യ സ്വാശ്രയ ഡെന്റൽ കോളജുകളിലെ നിർദിഷ്ട സീറ്റുകളിലെയും 2024 ലെ എംഡിഎസ് പ്രവേശനത്തിന് 8നു രാത്രി 11.59 വരെ www.cee.kerala.gov.in എന്ന സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ 1000 രൂപ. പട്ടികവിഭാഗം 500 രൂപ. സർവീസ് ക്വോട്ടക്കാർ ജനറൽ സീറ്റിലേക്കും അപേക്ഷിക്കുന്ന പക്ഷം 1000 / 500 രൂപ കൂടുതലടയ്ക്കണം. കോഴ്സ് ദൈർഘ്യം 36 മാസം.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ ഡെന്റൽ കോളജുകളിൽ യഥാക്രമം 26, 26, 18 സീറ്റുകൾ. ആകെയുള്ള 70 എംഡിഎസ് സീറ്റുകളിൽ 35 ഓൾ ഇന്ത്യ ക്വോട്ട. ബാക്കി 35 സീറ്റാണ് സംസ്ഥാന ക്വോട്ട. സർക്കാർ കോളജുകളിലെ വാർഷിക ട്യൂഷൻ ഫീ 52,100 രൂപ. മറ്റു ഫീസ് പുറമേ. സ്വാശ്രയ കോളജുകളിലെ ഫീസ് അലോട്മെന്റ് സമയത്ത് അറിയാം.

പ്രവേശനയോഗ്യത
ബിഡിഎസ് ജയിച്ച്, ഇന്റേൺഷിപ് 2024 ജൂൺ 30ന് അകം പൂർത്തിയാക്കിയിരിക്കണം. െ‍ഡന്റൽ കൗൺസിൽ റജിസ്ട്രേഷനും വേണം. ജനറൽ ക്വോട്ടക്കാർക്കു പ്രായപരിധിയില്ല. പക്ഷേ മെ‍ഡിക്കൽ എജ്യുക്കേഷൻ സർവീസുകാരുടെ ഉയർന്ന പ്രായം 2024 ഡിസംബർ 31ന് 49 വയസ്സ്. ഹെൽത്ത് / ഇൻഷുറൻസ് സർവീസുകാരുടേത് 47. അപേക്ഷകർക്കു 2024 ലെ നീറ്റ്–എംഡിഎസിൽ 50 പെർസെന്റൈലെങ്കിലും വേണം. പട്ടിക, പിന്നാക്ക വിഭാഗക്കാർക്കു 40 പെർസെന്റൈലും ജനറൽ കാറ്റഗറിയിലെ ഭിന്നശേഷി വിഭാഗക്കാർക്ക് 45 പെർസെന്റൈലും മതി. സർവീസ് ക്വോട്ടക്കാർക്കെല്ലാം 50 പെർസെന്റൈൽ വേണം. സംസ്ഥാന ക്വോട്ട സീറ്റുകളിൽ സംവരണക്രമം പാലിക്കും. സ്വാശ്രയ കോളജുകളിൽ എൻആർഐ സീറ്റുകളുണ്ട്.
2024 ലെ നീറ്റ്–എംഡിഎസിലെ റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കി കേരളത്തിലെ എൻട്രൻസ് കമ്മിഷണർ തയാറാക്കിയ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും നോക്കിയാണ് സിലക്‌ഷൻ. സർവീസ് ക്വോട്ടക്കാരെ സംബന്ധിച്ച വിശേഷ വ്യവസ്‌ഥകൾക്ക് വെബ്‌സൈറ്റിലെ പ്രോസ്പെക്ടസ് നോക്കാം. സ്വാശ്രയ കോളജുകളിലേക്കും എൻട്രൻസ് പരീക്ഷാ കമ്മിഷണർ വിദ്യാർഥികളെ അലോട്ട് ചെയ്യും.

ഓരോ കോളജിലെയും സ്പെഷ്യൽറ്റികൾ തിരിച്ചുള്ള സീറ്റ് മട്രിക്സ് പിന്നീടു പ്രസിദ്ധപ്പെടുത്തും. ഇവിടെയുള്ള സ്പെഷ്യൽറ്റികൾ: ഓറൽ ആൻഡ് മാക്സിലോ–ഫേഷ്യൽ സർജറി, ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി, ഓറൽ പതോളജി ആൻഡ് മൈക്രോബയോളജി, ഓർത്തോഡോണ്ടിക്സ് ആൻഡ് ഡെന്റോ–ഫേഷ്യൽ ഓർത്തോപീഡിക്സ്, പീഡോഡോണ്ടിക്സ് ആൻഡ് പ്രിവന്റീവ് ഡെന്റിസ്ട്രി, പെരിയൊഡോണ്ടോളജി, പ്രോസ്തൊഡോണ്ടിക്സ് ആൻഡ് ക്രൗൺ ആൻഡ് ബ്രിജ്, കൺസർവേറ്റീവ് ഡെന്റിസ്ട്രി ആൻഡ് എൻഡൊഡോണ്ടിക്സ്, പബ്ലിക് ഡെന്റിസ്ട്രി.
അപേക്ഷാസമർപ്പണത്തിനുള്ള നടപടിക്രമമടക്കം കൂടുതൽ വിവരങ്ങൾ പ്രോസ്‌പെക്‌ടസിലുണ്ട്. െഹൽപ് ലൈൻ ഫോൺ: 0471–2525300.

എം‍ഡിഎസ്– ഓൾ ഇന്ത്യ ക്വോട്ട
ദേശീയതലത്തിൽ എംഡിഎസ് പ്രവേശനത്തിനു മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ചോയ്സ് ഫില്ലിങ്ങിനുള്ള റജിസ്ട്രേഷൻ തുടങ്ങി. https://mcc.nic.in/mds-counselling എന്ന സൈറ്റിൽ ഇത് 7ന് ഉച്ചയ്ക്കു 12 വരെ നടത്താം. ചോയ്സുകൾ സ്വീകരിച്ചു പരിശോധിച്ച് 10ന് അലോട്മെന്റ് അറിയിക്കും. 11 മുതൽ 17 വരെ കോളജിൽ ചേരാം. ഓൾ ഇന്ത്യ ക്വോട്ടയിലേക്കും കൽപിത സർവകലാശാലയിലേക്കും ഒരുമിച്ചു ശ്രമിക്കുന്നവർ കൽപിത സർവകലാശാലയ്ക്കുള്ള തുക മാത്രമടച്ചാൽ മതി. ഇനിപ്പറയുന്ന ഓപ്പൺ സീറ്റുകൾ (വാസസ്ഥലം പരിഗണിക്കാതെയുള്ളവ) ഈ കൗൺസലിങ്ങിൽ വരും: അഖിലേന്ത്യാ ക്വോട്ട 50%. ബനാറസ് ഹിന്ദു സർവകലാശാല, ‌അലിഗഢ് മുസ്‍ലിം സർവകലാശാല, ഡൽഹി സർവകലാശാല – 50%. ഡൽഹി സർവകലാശാലയിലെയും കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും 50% കൂടാതെ, കൽപിതസർവകലാശാലകളിലെ മുഴുവൻ സീറ്റുകളും ഇതിൽ വരും. കേന്ദ്രസർവകലാശാലകളിലെ 50% ഇന്റേണൽ സീറ്റുകളും ഈ കൗൺസലിങ്ങിൽക്കൂടിയാണ്. ഫലത്തിൽ അവയിലെ മുഴുവൻ സീറ്റുകളും ഇതിൽ വരുന്നു. അപേക്ഷകർ നീറ്റ്–എംഡിഎസ് യോഗ്യത നേടിയിരിക്കണം. ആം‍ഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ പിജി ഇൻസ്റ്റിറ്റ്യൂഷൻസിൽ വരുന്ന നിർദിഷ്ട അപേക്ഷകർക്കുള്ള കൗൺസലിങ്ങും നിബന്ധനകൾക്കു വിധേയമായി ഇക്കുറി എംസിസി നടത്തും. www.afmcdg1d.gov.in എന്ന സൈറ്റിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. 3 റഗുലർ റൗണ്ടുകളും ഒരു സ്ട്രേ വേക്കൻസി റൗണ്ടും ഉണ്ടായിരിക്കും. ഇതിന്റെ പൂർണവിവരങ്ങൾ വെബ്സൈറ്റിൽ. കൂടാതെ കേന്ദ്ര, സംസ്ഥാന കൗൺസലിങ്ങിലെ ഓരോ റൗണ്ടിലെയും വിശദമായ സമയക്രമവും സൈറ്റിലുണ്ട്. ഓരോ റൗണ്ടിലും കോളജിൽ ചേർന്ന വിദ്യാർഥികളുടെ വിവരങ്ങൾ എംസിസിയും സംസ്ഥാനങ്ങളും തമ്മിൽ കൈമാറേണ്ട സമയവും സൈറ്റിൽ നൽകിയിട്ടുണ്ട്.

dental-medical-entrance-fees-structure-table
English Summary:

Kerala MDS Admission 2024: Key Dates, Fees, and Eligibility Criteria for State Quota Seats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com