മിലിറ്ററി നഴ്സിങ് : പെൺകുട്ടികൾക്കു സൗജന്യ പരിശീലനവും കമ്മിഷൻഡ് ഓഫിസർ പദവിയും
Mail This Article
തീർത്തും സൗജന്യമായി താമസസൗകര്യവും ഭക്ഷണവും യൂണിഫോമും നൽകി, പെൺകുട്ടികളെ 4 വർഷത്തെ ബിഎസ്‌സി നഴ്‌സിങ്, സ്‌റ്റൈപെൻഡോടെ ചിട്ടയൊപ്പിച്ചു പരിശീലിപ്പിച്ച്, സായുധ സേനയിൽ കമ്മിഷൻഡ് ഓഫിസർ നിയമനം നൽകുന്ന പദ്ധതിയിൽ താൽപര്യമുള്ളവർക്ക് 7ന് രാത്രി 11 മണി വരെ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും www.joinindianarmy.nic.in എന്ന സൈറ്റിലെ ഓഫിസർ സിലക്‌ഷൻ ലിങ്ക് വഴി പോകുക. നീറ്റ് 2024 ലെ സ്കോർ നോക്കിയാണ് പ്രാഥമിക സിലക്‌ഷൻ. നീറ്റ് സ്കോർ, ഡൽഹിയിലെ ബേസ് ഹോസ്പിറ്റലിൽ നടത്തുന്ന കംപ്യൂട്ടർ ഉപയോഗിച്ചുള്ള ടെസ്റ്റിലെ പ്രകടനം, സൈക്കളോജിക്കൽ അസസ്മെന്റ്, ഇന്റർവ്യൂ എന്നിവ പരിഗണിച്ചാണ് അന്തിമ റാങ്കിങ്. സ‌്‌പോട്സ് പ്രാവീണ്യമുളളവർക്കും സൈനികരുടെ മക്കൾക്കും വിശേഷ വെയ്റ്റേജുണ്ട്.
‘ടെസ്റ്റ് ഓഫ് ജനറൽ ഇന്റലിജൻസ് ആൻഡ് ജനറൽ ഇംഗ്ലിഷ്’ (TOGIGE): ഇതിൽ 2 മാർക്കു വീതമുള്ള 40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾക്ക് 30 മിനിറ്റിൽ ഉത്തരം നൽകണം, ആകെ 80 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കും. ഇന്റർവ്യൂവിൽ പൊതുവിജ്ഞാനവും ആനുകാലികസംഭവങ്ങളും സംബന്ധിച്ച ചോദ്യങ്ങളും ഉണ്ടാവും. അവിവാഹിത വനിതകൾ, പ്രാരബ്‌ധങ്ങളില്ലാത്ത വിധവകൾ / വിവാഹമോചിതർ എന്നിവരെയാണ് പരിഗണിക്കുക. നീറ്റ്–യുജി 2024 സ്കോർ നിർബന്ധം. 50% എങ്കിലും മൊത്തം മാർക്കോടെ ബയോളജി, ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലിഷ് എന്നിവയടങ്ങിയ പ്ലസ്ടു റഗുലർ വിദ്യാർഥിയായി ആദ്യ ചാൻസിൽത്തന്നെ ജയിച്ചിരിക്കണം. ഒരു വിഭാഗക്കാർക്കും മാർക്കിളവില്ല. ജനനത്തീയതി 1999 ഒക്ടോബർ ഒന്നിനു മുൻപോ 2007 സെപ്റ്റംബർ 30 കഴിഞ്ഞോ ആകരുത്. 152 സെമീ എങ്കിലും ഉയരവും മിലിറ്ററി മാനദണ്ഡപ്രകാരമുള്ള ആരോഗ്യനിലവാരവും വേണം. സ്പെഷൽ മെഡിക്കൽ ബോർഡിന്റെ പരിശോധന തൃപ്തികരമാകണം. 18 വയസ്സിൽ കുറവായവർക്ക് 150 സെമി ഉയരം മതി.
പുണെ (40 സീറ്റ്), കൊൽക്കത്ത (30), മുംബൈ (40), ഡൽഹി (30), ലക്നൗ (40), ബെംഗളൂരു (40) എന്നിവിടങ്ങളിലെ സൈനികാശുപത്രികളോടു ചേർന്നുള്ള നഴ്സിങ് കോളജുകളിലായി ആകെ 220 സീറ്റ്. യോഗ്യത നേടിക്കഴിഞ്ഞ് മിലിറ്ററി നഴ്‌സിങ് സർവീസിൽ സേവനമനുഷ്‌ഠിച്ചുകൊള്ളാമെന്നു തുടക്കത്തിൽത്തന്നെ കരാറൊപ്പിടണം. അപേക്ഷാരീതി വെബ് സൈറ്റിലുണ്ട്. പട്ടികവിഭാഗക്കാരൊഴികെയുള്ളവർ 200 രൂപ അപേക്ഷാഫീ ഓൺലൈനായി അടയ്ക്കണം. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ. ഫോൺ: 011–21411793; plan.plan15@nic.in.