എൻജിനീയറിങ്: ഗവ. മെറിറ്റിൽ 21,156–ാം റാങ്ക് വരെ

Mail This Article
കേരളത്തിലെ എൻജിനീയറിങ് / ഫാർമസി 2024 ലെ ബാച്‌ലർ ബിരുദപ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ്–ലിസ്റ്റ് എൻട്രൻസ് പരീക്ഷാ കമ്മിഷണർ പ്രസിദ്ധപ്പെടുത്തി. പക്ഷേ ഇതനുസരിച്ച് കോളജിൽ റിപ്പോർട്ട് ചെയ്യേണ്ട. അലോട്മെന്റ് വിവരങ്ങൾ വിദ്യാർഥികളുടെ ഹോംപേജിലുണ്ട്. വെബ്: www.cee.kerala.gov.in. സൈറ്റിൽനിന്ന് അലോട്മെന്റ് മെമ്മോയുടെ പ്രിന്റെടുക്കുക. അതിൽ വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, അലോട്മെന്റ് കിട്ടിയ കോഴ്സ് / കോളജ് / കാറ്റഗറി (മെറിറ്റ് / സംവരണവിഭാഗം), ഫീസടയ്ക്കേണ്ടതുണ്ടെങ്കിൽ എത്ര എന്നിവ വായിക്കാം. നിർദിഷ്ട ഫീസ് 13ന് ഉച്ചകഴിഞ്ഞു 3 മണിക്കകം ഓൺലൈനായോ കേരളത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടച്ച് അലോട്മെന്റ് സ്വീകരിക്കണം. ഇങ്ങനെ ഫീസടയ്ക്കാത്തവരുടെ നിലവിലുള്ള അലോട്മെന്റും ഈ സ്ട്രീമിലെ ഉയർന്ന ഓപ്ഷനുകളും നഷ്ടമാവും. അവ വീണ്ടെടുക്കാനാവില്ല. സർക്കാർ എൻജിനീയറിങ് കോളജുകളിൽ പ്രവേശനം കിട്ടിയവർ ട്യൂഷൻ ഫീയോടൊപ്പം 1000 രൂപ കോഷൻ ഡിപ്പോസിറ്റും അടയ്ക്കണം. പക്ഷേ, പട്ടികവിഭാഗക്കാരും മറ്റർഹ (ഒഇസി) വിഭാഗക്കാരും ഡിപ്പോസിറ്റ് തുക അടയ്ക്കേണ്ട. അവർ അടച്ചിട്ടുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ഫീയും ടോക്കൺ ഫീയും ഡിപ്പോസിറ്റിലേക്കു വകവയ്ക്കും. ട്യൂഷൻ ഫീ വെയ്‌വർ സ്കീമിൽ അലോട്മെന്റ് കിട്ടിയവർ പ്രവേശനം ഉറപ്പാക്കാൻ 500 രൂപ ടോക്കൺ ഫീയടയ്ക്കണം. വെയ്‌വർ പദ്ധതിയിൽ തുടരുന്നവർക്ക് ഈ തുക പിന്നീടു തിരികെ നൽകും. രണ്ടാം അലോട്മെന്റിനുള്ള നടപടി തുടങ്ങുന്ന തീയതി കമ്മിഷണർ പിന്നീട് അറിയിക്കും. ആദ്യ അലോട്മെന്റ് പ്രകാരം ചിലർ ഫീസടയ്ക്കാത്തതുവഴി ഒഴിവുകളുണ്ടാകും. ആ ഒഴിവുകളിലേക്ക് നിങ്ങളുടെ ഉയർന്ന ഓപ്ഷനുകളനുസരിച്ച് കയറ്റം കിട്ടാം. ഇപ്പോഴത്തെ ലിസ്‌റ്റിൽപ്പെടാത്ത ചിലർക്ക് പുതുതായി സിലക്‌ഷൻ കിട്ടുകയും ചെയ്യും. രണ്ടാം അലോട്മെന്റനുസരിച്ച് കോളജിൽ ചേരേണ്ടിവരാം. പുതിയ അറിയിപ്പുകൾക്ക് നിരന്തരം എൻട്രൻസ് വെബ് സൈറ്റ് നോക്കണം.
ഗവ. കോളജിൽ പുതിയ കോഴ്സ്
പ്രോസ്പെക്ടസിലില്ലാത്ത 2 പുതിയ കോഴ്സുകൾ മികച്ച ഗവ. കോളജുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയിലേക്ക് ഇപ്പോൾ പ്രവേശനവുമുണ്ട്.
1. കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം (TVE) – ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ് (EL)
2. കോളജ് ഓഫ് എൻജിനീയറിങ്, തൃശൂർ (TCR) – സൈബർ ഫിസിക്കൽ സിസ്റ്റംസ് (CB)
കാലിക്കറ്റ് സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കോളജായ ‘കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ (UCC),‘ഇലക്ട്രോണിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്’ (EP) എന്ന പുതിയ കോഴ്സിലേക്കും പ്രവേശനമുണ്ട്. കുറഞ്ഞ ഫീസിൽ പഠിക്കാം.
2 സ്വകാര്യ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ എൻട്രൻസ് കമ്മിഷണർ അലോട്ട് ചെയ്യുന്ന സീറ്റുകളിലെ ഫീസ്, സർക്കാർ നിരക്കിൽ മാത്രമാണെന്നു കമ്മിഷണർ വിജ്ഞാപനം ചെയ്തിട്ടുണ്ട്. സമാനമായ ഇളവുകൾ മാനേജ്മെന്റ് സീറ്റുകളിലടക്കം പല സ്വാശ്രയ കോളജുകളും ഏർപ്പെടുത്തിയിട്ടുമുണ്ട്. പ്ലസ്ടു മാർക്ക്/എൻട്രൻസ് റാങ്ക് അടിസ്ഥാനമാക്കിയും അല്ലാതെയും ഫീസിളവു നൽകുന്നു. വിവരങ്ങൾക്ക് കോളജുകളുടെ വെബ്സൈറ്റ് നോക്കാം. ഫോൺ : 0471-2525300; ceekinfo.cee@kerala.gov.in.

