എൻഐആർഎഫ് പട്ടിക ഐഐടി മദ്രാസ് വീണ്ടും ഒന്നാമത്, കേരളത്തിന്റെ അഭിമാനമായി ഐഐഎം കോഴിക്കോട്
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഐഐടി മദ്രാസ് തുടർച്ചയായി 6–ാം വർഷവും ഒന്നാമത്. ഈ വർഷത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) മാനേജ്മെന്റ് വിഭാഗത്തിൽ ദേശീയ തലത്തിൽ തുടർച്ചയായി രണ്ടാംതവണ മൂന്നാമതെത്തിയ ഐഐഎം കോഴിക്കോട് കേരളത്തിന്റെ അഭിമാനമായി. മികച്ച എൻജിനീയറിങ് പഠനകേന്ദ്രങ്ങളിലും ഐഐടി മദ്രാസാണ് ആദ്യസ്ഥാനത്ത്. കോളജുകളിൽ ഡൽഹി ഹിന്ദു കോളജ് ഇക്കുറി ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ വർഷങ്ങളിൽ ഒന്നാമതായിരുന്ന ഡൽഹി മിറാൻഡ ഹൗസ് രണ്ടാമതായി. കഴിഞ്ഞ വർഷം 14–ാം സ്ഥാനത്തായിരുന്ന ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് ഇക്കുറി 3–ാം റാങ്ക് സ്വന്തമാക്കി.ഓവറോൾ വിഭാഗത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) ബെംഗളൂരു, ഐഐടി ബോംബെ എന്നിവയാണു രണ്ടും മൂന്നും സ്ഥാനത്ത്.
കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ഐഐടി ഡൽഹി ഇക്കുറി നാലാമതായി. കാൻപുർ ഐഐടിയാണ് അഞ്ചാമത്. രാജ്യത്തെ മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏഴെണ്ണവും ഐഐടികളാണ്. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് 7–ാം സ്ഥാനത്തും ജവാഹർലാൽ നെഹ്റു സർവകലാശാല 10–ാം സ്ഥാനത്തുമുണ്ട്. രാജ്യത്തെ 6517 സ്ഥാപനങ്ങളാണ് ഈ വർഷത്തെ എൻഐആർഎഫിൽ ഭാഗമായത്. 2781 സ്ഥാപനങ്ങളെ പൊതുവിഭാഗത്തിലെ റാങ്കിങ്ങിനു വേണ്ടി പരിഗണിച്ചു.
സർവകലാശാലാ വിഭാഗത്തിലും ഗവേഷണ കേന്ദ്രങ്ങളിലും ഐഐഎസ്‍സിയാണ് ഒന്നാമത്. മാനേജ്മെന്റ് പഠനത്തിൽ ഐഐഎം അഹമ്മദാബാദ്, ആർക്കിടെക്ചറിൽ ഐഐടി റൂർക്കി, മെഡിക്കൽ പഠനത്തിൽ എയിംസ് ഡൽഹി, നിയമപഠനത്തിൽ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ ബെംഗളൂരു, ഫാർമസി വിഭാഗത്തിൽ ഡൽഹിയിലെ ജാമിയ ഹംദർദ്, ഡെന്റൽ കോളജുകളിൽ സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ടെക്നിക്കൽ സയൻസസ്, അഗ്രികൾചർ വിഭാഗത്തിൽ ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ഓപ്പൺ യൂണിവേഴ്സിറ്റി വിഭാഗത്തിൽ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി(ഇഗ്നോ), നൈപുണ്യശേഷി സ്ഥാപനങ്ങളിൽ പുണെ സിംബയോസിസ് സ്കിൽസ് ആൻഡ് പ്രഫഷനൽ യൂണിവേഴ്സിറ്റി എന്നിവരാണ് ആദ്യ റാങ്ക് നേടിയത്.
ഓവറോൾ ഇന്ത്യ ടോപ് 5
1) ഐഐടി മദ്രാസ്
2) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു
3) ഐഐടി ബോംബെ
4) ഐഐടി ഡൽഹി
5) ഐഐടി കാൻപുർ
സർവകലാശാല ഇന്ത്യ ടോപ് 5
1) ഐഐഎസ്‍സി ബെംഗളൂരു
2) ജെഎൻയു ഡൽഹി
3) ജാമിയ മിലിയ ഇസ്‌ലാമിയ
4) മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ
5) ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, വാരാണസി.
എൻജിനീയറിങ്
1) ഐഐടി മദ്രാസ്
2) ഐഐടി ഡൽഹി
3) ഐഐടി ബോംബെ
4) ഐഐടി കാൻപുർ
5) ഐഐടി ഖരഗ്പുർ
(എൻഐടി കോഴിക്കോട്– 25, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം– 51, ഐഐടി പാലക്കാട്– 64)
മാനേജ്മെന്റ്
1) ഐഐഎം അഹമ്മദാബാദ്
2) ഐഐഎം ബെംഗളൂരു
3) ഐഐഎം കോഴിക്കോട്
4) ഐഐടി ഡൽഹി
5) ഐഐഎം കൽക്കട്ട
മെഡിക്കൽ
1) എയിംസ് ഡൽഹി
2) പിജിഐഎംഇആർ, ചണ്ഡിഗഡ്
3) ക്രിസ്ത്യൻ മെഡിക്കൽ കോളജ്, വെല്ലൂർ
4) നിംഹാൻസ്, ബെംഗളൂരു
5) ജവാഹർലാൽ നെഹ്റു പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച് പോണ്ടിച്ചേരി
ആർക്കിടെക്ചർ
1)ഐഐടി റൂർക്കി
2) ഐഐടി ഖരക്പുർ
3) എൻഐടി കാലിക്കറ്റ്
4) ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി, ഷിബ്പുർ
5) സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ, ഡൽഹി
കോളജ്
1) ഹിന്ദു കോളജ്, ഡൽഹി
2) മിറാൻഡ ഹൗസ്, ഡൽഹി
3) സെന്റ് സ്റ്റീഫൻസ് കോളജ്, ഡൽഹി
4) രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെഞ്ചറി കോളജ്, കൊൽക്കത്ത
5) ആത്മാറാം സനാതൻ ധർമ കോളജ്, ഡൽഹി
ആദ്യ നൂറിൽ കേരളത്തിൽ നിന്നുള്ള കോളജുകൾ
∙ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, കൊച്ചി– 20
∙ യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം– 22
∙ സെന്റ് തെരേസാസ് കോളജ്, കൊച്ചി–46
∙ സേക്രഡ് ഹാർട്ട് കോളജ്, കൊച്ചി–48
∙ ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം– 49
∙ മഹാരാജാസ് കോളജ്, കൊച്ചി–53
∙ സെന്റ് തോമസ് കോളജ്, തൃശൂർ– 57
∙ സെന്റ് ജോസഫ്സ് കോളജ്, ദേവഗിരി– 61
∙ ബിഷപ് മൂർ കോളജ്, മാവേലിക്കര– 62
∙ മാർ ഇവാനിയോസ്, തിരുവനന്തപുരം–66
∙ എസ്ബി കോളജ്, ചങ്ങനാശേരി– 69
∙ മാർ അത്തനേഷ്യസ് കോളജ്, കോതമംഗലം– 74
∙ വിമല കോളജ്, തൃശൂർ– 80
∙ ഗവ. വിക്ടോറിയ കോളജ്, പാലക്കാട്– 84
∙ സെന്റ് ജോസഫ്സ് കോളജ്, തൃശൂർ–85
∙ സിഎംഎസ് കോളജ്, കോട്ടയം– 92
സംസ്ഥാന സർവകലാശാലകൾ: കേരള സർവകലാശാല, കുസാറ്റ് ആദ്യ പത്തിൽ
ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാന സർവകലാശാലകളുടെ പട്ടികയിൽ ആദ്യ പത്തിൽ കേരളത്തിൽനിന്നുള്ള 2 സ്ഥാപനങ്ങൾ. കേരള സർവകലാശാല ഒൻപതാം റാങ്ക് നേടിയപ്പോൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്) പത്താം സ്ഥാനത്താണ്. കോട്ടയം എംജി സർവകലാശാല 11–ാം സ്ഥാനത്തും കാലിക്കറ്റ് സർവകലാശാല 43–ാം സ്ഥാനത്തുമുണ്ട്. എൻഐആർഎഫ് റാങ്കിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ ഏറ്റവും മികച്ച നേട്ടമാണിത്. സംസ്ഥാന സർവകലാശാലകൾക്ക് ആദ്യമായാണു എൻഐആർഎഫിൽ റാങ്ക് നിർണയിച്ചു തുടങ്ങിയത്. തമിഴ്നാട്ടിലെ അണ്ണാ സർവകലാശാലയാണ് ഈ വിഭാഗത്തിൽ ഒന്നാമത്. കൊൽക്കത്ത ജാദവ്പുർ യൂണിവേഴ്സിറ്റി രണ്ടാമതും പുണെ സാവിത്രി ഫുലെ സർവകലാശാല മൂന്നാം സ്ഥാനത്തുമാണ്. ഓപ്പൺ യൂണിവേഴ്സിറ്റി, നൈപുണ്യ ശേഷി സ്ഥാപനം എന്നീ വിഭാഗങ്ങളിലും ഇക്കുറി മുതലാണു റാങ്കിങ് ആരംഭിച്ചത്. ഓവറോൾ തലത്തിൽ കഴിഞ്ഞ വർഷം 47–ാം സ്ഥാനത്തായിരുന്ന കേരള സർവകലാശാല ഇത്തവണ 38–ാം റാങ്ക് നേടിയപ്പോൾ കഴിഞ്ഞവർഷം 63–ാം സ്ഥാനത്തായിരുന്ന കുസാറ്റ് 51–ാം റാങ്ക് നേടി. കഴിഞ്ഞ വർഷം 51–ാമതായിരുന്ന എംജി സർവകലാശാല 67–ാമതാണ്. കോഴിക്കോട് എൻഐടി കഴിഞ്ഞ വർഷത്തെ 54–ാം റാങ്ക് ഇക്കുറിയും നിലനിർത്തി.