ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിക്കാൻ വൈകുന്നതു വിദ്യാർഥികളെ വലയ്ക്കുന്നു. യുജിസി–നെറ്റ് പരീക്ഷയുടെ ഫലം പുറത്തുവിടുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. എൻജിനീയറിങ് (ജെഇഇ–മെയിൻ), മെഡിക്കൽ (നീറ്റ്–യുജി), ബിരുദ (സിയുഇടി–യുജി) പ്രവേശനത്തിനുള്ള ദേശീയ പരീക്ഷകൾ എൻടിഎയാണു നടത്തുന്നത്. സാധാരണ സെപ്റ്റംബർ പകുതിയോടെ പരീക്ഷകളുടെ ഏകദേശ തീയതി എൻടിഎ പ്രഖ്യാപിക്കാറുണ്ട്. സംസ്ഥാന സ്കൂൾ ബോർഡുകൾക്കും മറ്റ് ഏജൻസികൾക്കും ഇതനുസരിച്ച് പരീക്ഷകൾ ക്രമീകരിക്കാൻ വേണ്ടിയാണിത്.

എന്നാൽ, ഇക്കുറി ഒക്ടോബർ പകുതിയായിട്ടും പരീക്ഷകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഗോവ സ്കൂൾ ബോർഡിന്റെ 12–ാം ക്ലാസ് പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചത് ഏതാനും ദിവസം മുൻപു ഫെബ്രുവരി പത്തിലേക്ക് മാറ്റിയിരുന്നു. ജെഇഇ–മെയിൻ പരീക്ഷ കണക്കിലെടുത്താണ് ഇതെന്നായിരുന്നു വിശദീകരണം. ജനുവരി അവസാനത്തോടെയാകും ജെഇഇ–മെയിൻ ഒന്നാം സെഷൻ നടക്കുകയെന്നാണ് ഇതു നൽകുന്ന സൂചന.

ഫലം വൈകി യുജിസി നെറ്റ്
യുജിസി നെറ്റ് പരീക്ഷയുടെ പ്രാഥമിക ഉത്തരസൂചികയിൽ മറുപടി തേടി ഒരു മാസം കഴിഞ്ഞിട്ടും എൻടിഎ ഇതുവരെ അന്തിമ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. പ്രാഥമിക ഉത്തരസൂചിക വന്ന് ഒരാഴ്ചയ്ക്കുള്ളിൽ അന്തിമ സൂചികയും ഫലവും പ്രസിദ്ധീകരിക്കുന്നതാണു സാധാരണ രീതി. 10 ലക്ഷത്തിലേറെ വിദ്യാർഥികൾ എഴുതിയ പരീക്ഷയുടെ ഫലമാണു വൈകുന്നത്. ജൂൺ 18നു പെൻ–പേപ്പർ രീതിയിൽ നടത്തിയ യുജിസി–നെറ്റ് പരീക്ഷ, ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണത്തെത്തുടർന്നു റദ്ദാക്കിയിരുന്നു. പിന്നീടു ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 4 വരെയാണു പരീക്ഷ നടന്നത്.

English Summary:

NTA Exam Delays Spark Uncertainty and Frustration Among Students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com