ജെഇഇ മെയിൻ: ചോയ്സ് രീതിയിൽ മാറ്റം
Mail This Article
ന്യൂഡൽഹി ∙ എൻഐടികളിലേക്കും ഐഐഐടികളിലേക്കും മറ്റുമുള്ള ‘ജെഇഇ–മെയിൻ’ പരീക്ഷയുടെ മാനദണ്ഡങ്ങളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) മാറ്റം വരുത്തി. ഇനിമുതൽ പരീക്ഷയിലെ ബി സെക്‌ഷനിൽ ചോയ്സ് ഉണ്ടാകില്ല. ന്യൂമെറിക്കൽ ഉത്തരം നൽകേണ്ട 10 ചോദ്യങ്ങളിൽ ഇഷ്ടമുള്ള 5 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയെന്ന വ്യവസ്ഥയാണു മാറുന്നത്.
ഇനി 5 ചോദ്യങ്ങൾ വീതമേ ഉണ്ടായിരിക്കൂ; അഞ്ചിനും ഉത്തരം നൽകണം. എൻജിനീയറിങ് (പേപ്പർ 1), ആർക്കിടെക്ചർ (പേപ്പർ 2എ), പ്ലാനിങ് (പേപ്പർ 2ബി) പരീക്ഷകൾക്ക് ഇതു ബാധകമായിരിക്കും. കോവിഡ് കാലത്ത് പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് 2021 മുതൽ ചോയ്സ് അനുവദിച്ചതെന്നും കോവിഡ് പ്രതിസന്ധി ഒഴിവായ സാഹചര്യത്തിലാണ് ഇത് ഒഴിവാക്കുന്നതെന്നും എൻടിഎ വ്യക്തമാക്കി. ജെഇഇ മെയിനിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.