നവോദയയിൽ 9, 11 ക്ലാസുകളിൽ ലാറ്ററൽ എൻട്രി, അപേക്ഷ ഒാൺലൈനായി 30 വരെ
Mail This Article
കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിൽ ഒഴിവു വരുന്ന സീറ്റുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിനു 30ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.
9–ാം ക്ലാസ്
നവോദയ നിലകൊള്ളുന്ന ജില്ലയിലെ സർക്കാർ / സർക്കാർ–അംഗീകൃത സ്കൂളിൽ 2024–25 ൽ 8–ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. 2010 മേയ് 1– 2012 ജൂലൈ 31 കാലയളവിൽ ജനിച്ചവരാകണം. ആർക്കും പ്രായത്തിൽ ഇളവില്ല. സംവരണ സീറ്റുകൾ ഉൾപ്പെടെ 152 ഒഴിവു പ്രതീക്ഷിക്കുന്നു. 2025 ഫെബ്രുവരി 8നു നടത്തുന്ന രണ്ടര മണിക്കൂർ ഒബ്ജക്ടീവ് ടെസ്റ്റിൽ (ഒഎംആർ രീതി) ഇംഗ്ലിഷ്, ഹിന്ദി, മാത്‌സ്, ജനറൽ സയൻസ് വിഷയങ്ങളിൽ നിന്നായി 100 ചോദ്യങ്ങളുണ്ടായിരിക്കും. ചോദ്യങ്ങൾ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രം. തെറ്റിനു മാർക്ക് കുറയ്ക്കില്ല. നവോദയ സ്കൂളാണു പരീക്ഷാകേന്ദ്രം. മാത്‌സ്, സയൻസ്, കൂടുതൽ മാർക്കു കിട്ടിയ ഭാഷ എന്നിവയിലെ മൊത്തം മാർക്കു നോക്കി റാങ്ക് ചെയ്യും. https://cbseitms.nic.in/2024/nvsix
11–ാം ക്ലാസ്
നവോദയയുള്ള ജില്ലയിലെ സർക്കാർ / സർക്കാർ–അംഗീകൃത സ്കൂളിൽ 2024–25 ൽ 10–ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കാണ് അർഹത. 2008 ജൂൺ 1– 2010 ജൂലൈ 31വരെ കാലയളവിൽ ജനിച്ചവരായിരിക്കണം. പ്രായത്തിൽ ഇളവില്ല. കേരളത്തിലെ 14 സ്കൂളുകളിലും സയൻസ് ഗ്രൂപ്പിൽ ഒഴിവുണ്ട്. കൊമേഴ്സിൽ 12 സ്കൂളുകളിലും ഹ്യുമാനിറ്റീസിന് ഒരു സ്കൂളിലും മാത്രമാണ് ഒഴിവുകൾ. ഒന്നിലധികം ഗ്രൂപ്പുകളിലേക്ക് അപേക്ഷിക്കാം.
രണ്ടര മണിക്കൂറിന്റെ സിലക്‌ഷൻ ടെസ്റ്റ് 2025 ഫെബ്രുവരി 8ന്. അഡ്മിറ്റ് കാർഡിൽനിന്നു പരീക്ഷാകേന്ദ്രം അറിയാം. ഇംഗ്ലിഷിലും ഹിന്ദിയിലും ചോദ്യങ്ങൾ ഉണ്ടായിരിക്കും. മാനസികശേഷി, ഇംഗ്ലിഷ്, സയൻസ്, സോഷ്യൽ സയൻസ്, മാത്‌സ് എന്നീ 5 വിഷയങ്ങളിൽ 20 വീതം ആകെ 100 ചോദ്യങ്ങൾ; 100 മാർക്ക്. തെറ്റിനു മാർക്കു കുറയ്ക്കില്ല. ഓരോ വിഷയത്തിനും 6 മാർക്കെങ്കിലും നേടണം. ഓരോ ഗ്രൂപ്പിലെയും സിലക്‌ഷന് ഏതൊക്കെ വിഷയങ്ങളിലെ മാർക്കാണു പരിഗണിക്കുകയെന്ന് പ്രോസ്പെക്ടസിലുണ്ട്. ഇവയിലെ മൊത്തം മാർക്കിലും നിർദിഷ്ട മിനിമം സ്കോർ വേണം. https://cbseitms.nic.in/2024/nvsxi_11