ജെഇഇ മെയിൻ ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി
Mail This Article
∙കോഴിക്കോട്ടേത് അടക്കം എൻഐടികൾ, പാലായിലേതടക്കം ഐഐഐടികൾ, കേന്ദ്രസഹായമുള്ള മറ്റു സാങ്കേതിക സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള / സാമ്പത്തികസഹായം നൽകുന്ന സ്ഥാപനങ്ങൾ / സർവകലാശാലകൾ എന്നിവിടങ്ങളിൽ ബിടെക്, ബിഇ, ബിആർക്, ബിപ്ലാനിങ് പ്രവേശനത്തിന് വഴിയൊരുക്കുന്ന പരീക്ഷയാണ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ–മെയിൻ (ജെഇഇ മെയിൻ).
ജെഇഇ മെയിൻ ഒന്നാം പേപ്പറിൽ എല്ലാ കാറ്റഗറികളിലെയുമടക്കം ഏറ്റവും ഉയർന്ന രണ്ടര ലക്ഷം പേർക്കാണ് ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് എഴുതാൻ അർഹത ലഭിക്കുക. ജെഇഇ മെയിൻ നടത്തുന്നത് നാഷനൽ ടെസ്റ്റിങ് ഏജൻസി (www.nta.ac.in). 2025 ജനുവരി, ഏപ്രിൽ മാസങ്ങളിലായി 2 തവണ പരീക്ഷയിൽ പങ്കെടുക്കാം. ഒരു തവണ മതിയെങ്കിൽ അങ്ങനെയുമാകാം. പങ്കെടുക്കുന്നവയിൽ മെച്ചമായ സ്കോർ പരിഗണിക്കും. ജെഇഇ റാങ്കിങ്ങിന് 12ലെ ബോർഡ് പരീക്ഷയിൽ നേടിയ മാർക്ക് നോക്കില്ല. ഇംഗ്ലിഷും മലയാളവുമടക്കം 13 ഭാഷകളിൽ മെയിൻ ചോദ്യക്കടലാസുണ്ട്. മലയാളം കേരളത്തിലും ലക്ഷദ്വീപിലും മാത്രം.
jeemain.nta.nic.in സൈറ്റിൽ സമയക്രമമനുസരിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷ പൂർത്തിയാകുമ്പോൾ കൺഫർമേഷൻ പേജ് സൈറ്റിൽ വരും. ഒരൊറ്റ അപേക്ഷയേ സമർപ്പിക്കാവൂ. പക്ഷേ, ഏപ്രിൽ പരീക്ഷയ്ക്ക് ഇപ്പോഴത്തെ അപേക്ഷാനമ്പറുപയോഗിച്ച് പണമടച്ച് യഥാസമയം അപേക്ഷിക്കാം. വിജ്ഞാപനം പിന്നീടു വരും. രണ്ടാമത്തെ പരീക്ഷയ്ക്കു മാത്രം റജിസ്റ്റർ ചെയ്ത് അപേക്ഷിക്കുകയുമാകാം. സമർപ്പിച്ച അപേക്ഷയിൽ തിരുത്ത് അനുവദിക്കാത്തതിനാൽ പരമാവധി ശ്രദ്ധിച്ച് വിവരങ്ങൾ ചേർക്കുക.
പ്രവേശനയോഗ്യത
ജെഇഇ എഴുതാൻ പ്രായപരിധിയില്ല. പക്ഷേ, പ്രവേശനം നൽകുന്ന സ്ഥാപനത്തിലെ പ്രായനിബന്ധനകൾ പാലിക്കേണ്ടിവരും. 2023, 2024 വർഷങ്ങളിൽ 12 / തുല്യപരീക്ഷ ജയിച്ചവരെയും, 2025 ൽ 12 ലെ പരീക്ഷയെഴുതുന്നവരെയുമാണ് പ്രവേശനത്തിനു പരിഗണിക്കുക. പ്ലസ്ടുവിനു പകരം എഐസിടിഇ / സംസ്ഥാനബോർഡ് അംഗീകരിച്ച 3 വർഷ ഡിപ്ലോമയായാലും മതി. പ്രവേശനസമയത്ത് 12 ലെ മിനിമം മാർക്കടക്കം കൂടുതൽ യോഗ്യതാവ്യവസ്ഥകളുള്ളപക്ഷം അവ പാലിക്കേണ്ടിവരും.
പട്ടികജാതി, പട്ടികവർഗം, ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കം, സാമ്പത്തിക പിന്നാക്കം എന്നീ വിഭാഗക്കാർക്ക് യഥാക്രമം 15, 7.5, 27, 10 % സംവരണമുണ്ട്. ഇവയിൽ ഓരോ കാറ്റഗറിയിലും ഭിന്നശേഷിക്കാർക്ക് 5%. മൾട്ടിപ്പിൾ ചോയ്സ് / ന്യൂമെറിക്കൽ വാല്യൂ ചോദ്യങ്ങളിൽ ശരിയുത്തരത്തിനു 4 മാർക്ക് കിട്ടും. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും.
ഓരോ ദിവസവും രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞു 3 മുതൽ 6 വരെയും ഓരോ ഷിഫ്റ്റ്. ഇവയിലൊന്നിൽ എഴുതിയാൽ മതി. ബിആർക്കും ബിപ്ലാനിങ്ങും ഒരുമിച്ചെഴുതാൻ മൂന്നര മണിക്കൂർ: 9 മുതൽ 12.30 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 6.30 വരെയും. ഭിന്നശേഷിക്കാർക്ക് മണിക്കൂറിന് 20 മിനിറ്റ് എന്ന ക്രമത്തിൽ പരീക്ഷയ്ക്ക് പരിഹാരസമയമായി നൽകും. എഴുതാൻ സഹായിക്കുന്ന സ്ക്രൈബുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും. സിലബസ് വെബ്സൈറ്റിലുണ്ട്.
പരീക്ഷാകേന്ദ്രങ്ങൾ
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, മൂവാറ്റുപുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, പയ്യന്നൂർ, കാസർകോട്, കവരത്തി, ദുബായ്, ഷാർജ, അബുദാബി, മസ്കത്ത്, മനാമ, കുവൈത്ത്, ദോഹ, റിയാദ്, സിംഗപ്പൂർ, വാഷിങ്ടൻ എന്നിവിടങ്ങളിലുൾപ്പെടെ പരീക്ഷാകേന്ദ്രങ്ങളുണ്ട്. 4 കേന്ദ്രങ്ങൾ മുൻഗണനാക്രമത്തിൽ അപേക്ഷയിൽ കാണിക്കണം. വിദേശത്തുള്ളവർ ഒരു ഇന്ത്യൻ കേന്ദ്രമെങ്കിലും ഉൾപ്പെടുത്തണം.
ജിഎസ്ടിയും ബാങ്ക് ചാർജും കൂടുതലടയ്ക്കണം. ഇന്ത്യയ്ക്കു പുറത്തു പരീക്ഷയെഴുതാൻ വിശേഷനിരക്കുകൾ. ഓൺലൈനായിത്തന്നെ ഫീസടയ്ക്കണം. അപേക്ഷാസമർപ്പണത്തിന്റെ നടപടിക്രമം ഇൻഫർമേഷൻ ബുള്ളറ്റിന്റെ 4,5, 61-75 പുറങ്ങളിലുണ്ട്. പല ദിവസങ്ങളിൽ വിവിധ സെഷനുകളിലായി നടത്തുന്ന പരീക്ഷകളിലെ ചോദ്യനിലവാരം വ്യത്യസ്തമാകയാൽ മാർക്കുകൾ അതേപടിയെടുത്തു റാങ്ക് ചെയ്യില്ല. പരീക്ഷയെഴുതുന്നവരുടെ പെർസന്റൈൽ സ്കോറുകൾ നോർമലൈസ് ചെയ്ത്, എൻടിഎ സ്കോറുകളാക്കി, ആപേക്ഷിക മികവു തീരുമാനിക്കും. ഇത് അടിസ്ഥാനമാക്കിയായിരിക്കും സിലക്‌ഷൻ. ഏപ്രിൽ സെഷനും പൂർത്തിയാക്കിയിട്ടാവും അന്തിമറാങ്കുകൾ കണക്കുകൂട്ടിയെടുക്കുന്നത്.
മറ്റു സ്ഥാപനങ്ങൾക്ക് പ്രവേശനത്തിന് ഇവ സ്വീകരിക്കുകയോ യോഗ്യതയിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയോ ആകാം
ഹെൽപ്‌ലൈൻ: 011-40759000 / jeemain@nta.ac.in. മുഖ്യ വെബ്സൈറ്റുകൾ: www.nta.ac.in, https://jeemain.nta.nic.in.