മെഡിക്കൽ വിദ്യാഭ്യാസം ചില രാജ്യങ്ങളിൽ പഠനം ചടങ്ങിനു മാത്രം
Mail This Article
തിരുവനന്തപുരം∙ മെഡിക്കൽ കോളജുകളും സീറ്റുകളും വർധിപ്പിച്ചു രാജ്യത്തു കൂടുതൽ പേർക്കു മെഡിസിൻ പഠനം സാധ്യമാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ ആലോചിക്കുന്നു. 10 ലക്ഷം പേർക്ക് ഒരു മെഡിക്കൽ കോളജ് മതിയെന്ന നയം കമ്മിഷൻ പിൻവലിച്ചത് ഇതിന്റെ ഭാഗമായാണ്. കേരളത്തിൽ പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാനാകില്ലെന്ന പ്രതിസന്ധി ഇതോടെ മാറി. വിദേശ മെഡിസിൻ പഠനം നിരുത്സാഹപ്പെടുത്താൻ ലക്ഷ്യമിട്ടാണു കമ്മിഷന്റെ ശ്രമങ്ങൾ.
കൂടുതൽ മെഡിക്കൽ കോളജുകൾ ആരംഭിക്കാൻ കേന്ദ്രസർക്കാരിനോടു കമ്മിഷൻ ശുപാർശ ചെയ്തിരുന്നു. തുടർന്നാണ് 5 വർഷത്തിനുള്ളിൽ 75,000 എംബിബിഎസ് സീറ്റുകൾ അനുവദിക്കുമെന്നു സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
വിദേശ മെഡിക്കൽ പഠനം നിരോധിക്കുന്നതിനെക്കുറിച്ച് കമ്മിഷൻ ആദ്യം ചർച്ച ചെയ്തിരുന്നു. രാജ്യാന്തര ബന്ധങ്ങളെ സ്വാധീനിക്കുന്ന വിഷയമായതിനാൽ അതിൽനിന്നു പിന്മാറി. ചില രാജ്യങ്ങളിൽ മെഡിസിൻ പഠനം ചടങ്ങിനു മാത്രമേയുള്ളൂ. പഠനത്തിനു ചേരുന്നവർ അവിടെ മറ്റു ജോലികൾക്കു പോകുകയോ സ്വദേശത്തേക്കു തിരിച്ചുവരികയോ ചെയ്യുന്നതായി കണ്ടെത്തി. പരീക്ഷകളിൽ ക്രമക്കേടുകളുണ്ടെന്നും ആരോപണമുണ്ട്.
വിദേശ സർവകലാശാലകളിൽ എംബിബിഎസ് ജയിച്ചാലും ഇന്ത്യയിൽ ജോലി ചെയ്യണമെങ്കിൽ ഇവിടത്തെ ഫോറിൻ മെഡിസിൻ ഗ്രാജ്വേറ്റ് പരീക്ഷ (എഫ്എംജിഇ) ജയിക്കണം. ജൂലൈ 6നു നടന്ന പരീക്ഷയിൽ 35,819 പേർ പങ്കെടുത്തപ്പോൾ ജയിച്ചത് 7,233 പേർ (20.19). എല്ലാ പരീക്ഷകളിലും 20 ശതമാനമാണു ശരാശരി വിജയം. എഫ്എംജിഇ പരാജയപ്പെടുന്നവരെ കുറഞ്ഞ ശമ്പളത്തിനു രാജ്യത്തു സ്വകാര്യ ആശുപത്രികളിലും മറ്റും നിയമിക്കുന്നതായി ദേശീയമെഡിക്കൽ കമ്മിഷൻ കണ്ടെത്തിയിരുന്നു.
766 കോളജുകൾ: 1,12,112 സീറ്റുകൾ
രാജ്യത്ത് 766 മെഡിക്കൽ കോളജുകളിലായി 1,12,112 എംബിബിഎസ് സീറ്റുകളുണ്ട്. പിജി സീറ്റുകൾ: 72,627. ബിഡിഎസിന് 28,500. ആയുഷിന് 51,812. ഇതിലേക്കുള്ള പ്രവേശനപരീക്ഷയായ നീറ്റിന് ഇത്തവണ 23,33,297 പേരാണു ഹാജരായത്. 13,15,853 പേർ യോഗ്യത നേടി.