ഫൊറൻസിക് നഴ്സിങ്ങിൽ എംഎസ്‌സി കോഴ്സ്
Mail This Article
ഫൊറൻസിക് നഴ്സിങ്ങിൽ എംഎസ്‌സി കോഴ്സ് ഇന്ത്യൻ നഴ്സിങ് കൗൺസിൽ പ്രഖ്യാപിച്ചു. ഇതിനു പുറമേ നഴ്സിങ് ഉപരിപഠനത്തിന് ഒട്ടേറെ പുതിയ കോഴ്സുകൾ വൈകാതെ വരുന്നുണ്ട്. പുതിയ സ്പെഷ്യൽറ്റി പ്രോഗ്രാമുകളിൽ തിയറി ക്ലാസിനെക്കാൾ ക്ലിനിക്കൽ പരിശീലനത്തിനാകും ഊന്നൽ.
എംഎസ്‌സി ഫൊറൻസിക് നഴ്സിങ്
55% മാർക്കോടെ ബിഎസ്‌സി നഴ്സിങ് പൂർത്തിയാക്കി, സ്റ്റേറ്റ് കൗൺസിലിൽ റജിസ്റ്റർ ചെയ്ത്, ഒരുവർഷത്തെ തൊഴിൽപരിചയം ഉള്ളവർക്കു ചെയ്യാം. പട്ടികവിഭാഗങ്ങൾക്ക് 5% ഇളവുണ്ട്.
അതിക്രമങ്ങൾക്ക് ഇരയാകുന്നവരുടെ മാനസികാഘാതം കണക്കിലെടുത്തുള്ള നഴ്സിങ് പരിചരണത്തിനാണ് ഊന്നൽ. ഇരകളുടെ കുടുംബത്തിന്റെ പരിചരണം, കൊലപാതക അന്വേഷണം തുടങ്ങിയവയിൽ റോളുണ്ടാകും. നഴ്സ് സ്പെഷലിസ്റ്റ്, കൺസൽറ്റന്റ്, എജ്യുക്കേറ്റർ തുടങ്ങിയ തൊഴിൽസാധ്യതകളും ചൂണ്ടിക്കാട്ടുന്നു. പതിവ് ആശുപത്രി ജോലിക്കു പുറമേ, മെഡിക്കൽ എക്സാമിനേഷൻസ് റൂം പോലെ പുതിയ തൊഴിലിട സാധ്യതകളും മുന്നോട്ടുവയ്ക്കുന്നു.
വരും, വേറെയും കോഴ്സുകൾ
സ്പെഷലൈസ്ഡ് നഴ്സ് പ്രാക്ടിഷണർമാരെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഒട്ടേറെ ക്ലിനിക്കൽ റസിഡൻസി പ്രോഗ്രാമുകളുടെ കരടുരേഖ കൗൺസിൽ തയാറാക്കിയിട്ടുണ്ട്. നഴ്സ് പ്രാക്ടിഷണർ ഇൻ പീഡിയാട്രിക് നഴ്സിങ് (എൻപിപിഎൻ), നഴ്സ് പ്രാക്ടിഷണർ ഇൻ നെഫ്രോളജി നഴ്സിങ് (എൻപിഎൻഇപിഎൻ) എന്നിവയാണ് ഇവയിൽ പുതിയത്. കരടുരേഖയെപ്പറ്റിയുള്ള അഭിപ്രായം secy.inc@gov.inൽ അറിയിക്കാം. ഫാമിലി ഹെൽത്ത്, നിയോനേറ്റൽ നഴ്സിങ് എന്നിവയിൽ നഴ്സ് പ്രാക്ടിഷണർ റസിഡൻസി പ്രോഗ്രാമുകൾക്കുള്ള ഒരുക്കം അന്തിമഘട്ടത്തിലാണ്.