ADVERTISEMENT

കാനഡയോടു മലയാളികൾക്ക് എപ്പോഴുമൊരു പ്രിയമുണ്ടായിരുന്നു. ആദ്യകാലം മുതൽ അവസരങ്ങളൊരുക്കി കാനഡ വിളിച്ചപ്പോൾ കടൽ കടന്നു പോയവർ ലക്ഷങ്ങളാണ്. മികച്ച ജീവിതസാഹചര്യം സ്വപ്നം കാണുന്ന മലയാളികളുടെ മനസ്സിൽ ഇപ്പോഴും കാനഡ നിറഞ്ഞു നിൽക്കുന്നു. പഠനത്തോടൊപ്പം പെർമനന്റ് റസിഡൻസിയുമാണ് (പിആർ) എല്ലാവരെയും കാനഡയിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നത്. ഇന്ത്യാ – കാനഡ നയതന്ത്ര ബന്ധങ്ങളിലെ ഉരസലുകൾ പലപ്പോഴും കുടിയേറ്റ നിയമങ്ങളിൽ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. മാറുന്ന സർക്കാരുകളോടൊപ്പം കുടിയേറ്റ നിയമങ്ങളും മാറുമ്പോൾ സ്വാഭാവികമായും വിദേശപഠനത്തിനും പിആറിനുമായി പോകുന്നവരെയും ബാധിച്ചേക്കാം. കുറച്ചു നാളുകളായി കാനഡയിലും കുടിയേറ്റ നിയമങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു.                              

പിആർ നേടാനുള്ള യോഗ്യതകൾക്കുള്ള പോയിന്റുകൾ കൂട്ടിയതാണ് നിലവിലെ സാഹചര്യം. കുടിയേറ്റ നിയമങ്ങളിലെ മാറ്റം ഏതു നിമിഷവും മാറാൻ സാധ്യതയുള്ളതിനാൽ കാനഡയിലേക്കുള്ള വാതിലുകൾ എന്നന്നേക്കുമായി അടഞ്ഞുവെന്നു കരുതേണ്ട. കാനഡയിൽ ചില മേഖകളിൽ കഴിവുള്ളവർക്കും നിശ്ചിത യോഗ്യതയുള്ളവർക്കും അവസരങ്ങളുണ്ട്. മറ്റേതു മേഖലയെക്കാളും ആരോഗ്യ മേഖലയിൽ ഇപ്പോഴും അവസരങ്ങളുണ്ട്. പിആർ നയങ്ങളിൽ രാജ്യങ്ങൾ ഉദാര സമീപനങ്ങൾ സ്വീകരിക്കുമ്പോൾ ആ രാജ്യങ്ങളിലേക്കു കൂടിയേറ്റം കൂടുന്നത് സ്വഭാവികം. കുടിയേറ്റം കൂടുമ്പോൾ ചില മേഖലകളിൽ തൊഴിലവസരങ്ങളും കുറയുന്നതാണ് നിലവിലെ ഏറ്റവും വലിയ പ്രശ്നം.  

വിദ്യാർഥികൾക്കു പൊതുവേ സംശയമുള്ള മറ്റൊരു വിഷയമാണ് വീസ ഫണ്ട്. ഒാരോ രാജ്യത്തും ഒരോ തരത്തിലാണ് വീസ ഫണ്ട്. വിദേശത്ത് പോകുമ്പോൾ നിർബന്ധമായും വിദ്യാർഥികൾ കെട്ടിവയ്ക്കേണ്ടി വരുന്ന തുകയാണ്  വീസ ഫണ്ട്. ലളിതമായി പറഞ്ഞാൽ അന്യരാജ്യത്തു ജീവിക്കാനുള്ള കരുതൽ ധനം. മെഡിക്കൽ എമർജൻസിയോ പാർട്ട്ടൈം ജോലി ചെയ്യാനുള്ള ബുദ്ധിമുട്ടോ നേരിടുകയാണെങ്കിൽ പഠനം തടസ്സിമില്ലാതെ മുൻപോട്ട് കൊണ്ടുപോകാനുള്ള പണമാണ് വീസ ഫണ്ട്. വീസ ഫണ്ടിനെ സംശയത്തോടെയാണ് വിദ്യാർഥികൾ കാണുന്നത്. എന്തിനാണ് ഇത്രയും വലിയ തുക മാറ്റിവയ്ക്കുന്നതെന്നു ചിന്തിക്കുന്നവരും കുറവല്ല. അതു കൂടുതലായി എന്നതുകൊണ്ട് അതൊരിക്കലും നമ്മുടെ കയ്യിൽനിന്നു ചെലവായി പോകുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ഒറ്റയടിക്ക് അത്രയും പണം ഒരുമിച്ച് അക്കൗണ്ടിൽ നിക്ഷേപിക്കുന്നത് അത്ര എളുപ്പമല്ലെന്നത് സ്വാഭാവികം.  

വിദേശപഠനം എന്നത് ഹ്രസ്വകാലത്തേക്കു മാത്രമുള്ള പദ്ധതിയല്ലെന്ന ചിന്തയാണ് ഒാരോ വിദ്യാർഥിക്കും വേണ്ടത് പഠിക്കാൻ പോകുന്ന വിഷയത്തോ‍ട് അഭിനിവേശമുണ്ടാവുകയും പഠനത്തിനു ശേഷം മികച്ചൊരു ജോലി നേടുകയും ചെയ്യുന്നതു കൊണ്ടു തീരുന്നില്ല ഉത്തരവാദിത്തം. പോകുന്ന രാജ്യത്തിന് ആവശ്യമായ മേഖലയിലെ കോഴ്സുകൾ തിരഞ്ഞെടുത്തു പഠിച്ചു വിജയം നേടി പൗരത്വം നേടുമ്പോഴാണ് പഠനപദ്ധതി പൂർത്തികരിച്ചുവെന്ന് വിലയിരുത്താൻ കഴിയുക. ഒാരോ രാജ്യത്തെയും ഒരോ ബിസിനസ് സ്ഥാപനങ്ങളായി കണ്ടാൽ കോഴ്സിന്റെയും രാജ്യത്തിന്റെയും തിരഞ്ഞെടുപ്പ് കൂടുതൽ എളുപ്പമാകും. ഏതു മേഖയിൽ പഠിക്കാൻ ആഗ്രഹിക്കുന്നുവോ അതിനുള്ള അനുയോജ്യമായ രാജ്യം ഏതെന്നു കണ്ടെത്തി വിദ്യാഭ്യാസത്തിന് അനുസൃതമായുള്ള കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കുക. നമ്മൾ പഠിച്ച കോഴ്സിനു സാധ്യതകളുള്ള രാജ്യത്തു പോയി പഠിച്ചു വിജയിക്കുന്നതാണ് വിദേശ പഠനത്തിലെ വിജയമന്ത്രം.
കാനഡിയിലെ കരിയർ സാധ്യതകൾ – വിദഗ്ധരോട് ചോദിക്കാം

English Summary:

Canada Calling: Navigating the Path to Education and PR for Malayalis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com