അസൈൻമെന്റ് എഴുതാൻ എഐ സഹായം; വിദ്യാർഥിയെ തോൽപ്പിച്ച് സർവകലാശാല, നോട്ടീസ് അയച്ച് ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ അസൈൻമെന്റ് എഴുതാൻ ആർട്ടിഫ്ഷ്യൽ ഇന്റലിജൻസിന്റെ സഹായം തേടിയെന്ന് ആരോപിച്ച് വിദ്യാർഥിയെ തോൽപിച്ച സർവകലാശാലയ്ക്കു പഞ്ചാബ്-ഹരിയാന ഹൈക്കോടതി നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ കീഴിൽ നിയമ ഗവേഷണം ചെയ്തിട്ടുള്ള അഭിഭാഷകനും രണ്ടാം വർഷ എൽഎൽഎം വിദ്യാർഥിയുമായ കൗസ്തുഭ് ശക്കർവാർ, ഒപി ജിൻഡാൽ ഗ്ലോബൽ സർവകലാശാലയ്‌ക്കെതിരെ നൽകിയ ഹർജിയിലാണു നടപടി.
എൽഎൽഎം അവസാന വർഷ പരീക്ഷയുടെ ഭാഗമായി കൗസ്തുഭ് സമർപ്പിച്ച അസൈൻമെന്റിന്റെ 88 ശതമാനവും എഐ ഉപയോഗിച്ച് എഴുതിയതാണെന്നാണ് സർവകലാശാലയുടെ വാദം. എഐ ഉപയോഗം സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു സർവകലാശാല പരിശോധിച്ചത്. തുടർന്ന് കൗസ്തുഭിനെ തോൽപിച്ചു.
എന്നാൽ, അസൈൻമെന്റ് പൂർണമായും താനെഴുതിയതാണെന്നാണ് കൗസ്തുഭിന്റെ വാദം. സർവകലാശാലയുടെ ‘കോപ്പിയടി വിരുദ്ധ നയങ്ങൾ’ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതല്ലെന്നും അദ്ദേഹം ആരോപിക്കുന്നു. എഐ ഉപയോഗം പരിശോധിക്കുന്ന സോഫ്റ്റ‌്‌വെയറിന്റെ കാര്യക്ഷമതയും ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്.
ഹർജി 14ന് വീണ്ടും പരിഗണിക്കും.