ADVERTISEMENT

വിദേശപഠനവും ജോലിയുമെല്ലാം സ്വപ്‌നം കാണുന്നവരെ സംബന്ധിച്ച്‌ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി, നല്ലൊരു കണ്‍സൽറ്റൻസിയെ കണ്ടെത്തുക എന്നതാണ്‌. നാട്ടില്‍ എവിടെ തിരിഞ്ഞാലും കണ്‍സൽറ്റൻസികളുടെ അതിപ്രസരമായതിനാല്‍ ഇതില്‍ നിന്ന്‌ യോജ്യമായതു കണ്ടെത്തുകയെന്നത്‌ ബുദ്ധിമുട്ടാണ്‌. കണ്‍സൽറ്റൻസിയെ തിരഞ്ഞെടുക്കുമ്പോള്‍ ഈ മേഖലയിലെ പ്രവൃ‍ത്തിപരിചയം മാത്രമായിരിക്കരുത്‌ മാനദണ്ഡം. ഒരാള്‍ 15 വര്‍ഷമായിട്ട്‌ മോഷണം ചെയ്യുന്നു എന്നതുകൊണ്ട്‌ മോഷണം നല്ലൊരു തൊഴില്‍ ആണെന്നു പറയാന്‍ സാധിക്കില്ലല്ലോ. അപ്പോള്‍ എത്ര വര്‍ഷമായി എന്നതല്ല മറിച്ച്‌ എന്തു പ്രവൃ‍ത്തി ചെയ്യുന്നു എന്നതാകണം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഒന്നോ രണ്ടോ അല്ലെങ്കില്‍ നാലോ ഡെസ്‌റ്റിനേഷനുകള്‍ തിരഞ്ഞെടുത്ത്‌ അതിലേക്കു മാത്രം വിദ്യാര്‍ഥിയെ ഗൈഡ്‌ ചെയ്യുന്ന കണ്‍സൽറ്റന്റിനെ നല്ല കണ്‍സൽറ്റന്റ് എന്ന്ു വിളിക്കാന്‍ സാധിക്കില്ല. 

എത്ര വ്യത്യസ്‌ത ഓപ്‌ഷനുകള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ വയ്‌ക്കുന്നു? നിര്‍മാണ മേഖലയിലെ നേതാക്കളായിട്ടുള്ള രാജ്യങ്ങള്‍ ഏതെല്ലാമാണെന്ന മാര്‍ഗനിര്‍ദശം  നല്‍കുന്നുണ്ടോ?  എംബിഎ, ഫിനാന്‍സ്‌, ടൂറിസം എന്നിങ്ങനെ വ്യത്യസ്‌ത വിഷയങ്ങള്‍ക്കു പറ്റിയ രാജ്യങ്ങള്‍ ഏതൊക്കെയാണെന്നും വിവിധ മേഖലകളില്‍ ഏതൊക്കെ രാജ്യങ്ങളിലാണ്‌ സാധ്യതകള്‍ അധികമെന്നും പറഞ്ഞു  തരാന്‍ സാധിക്കുന്നുണ്ടോ? 

നമ്മുടെ ബജറ്റിനു പറ്റിയ രാജ്യമേതാണെന്ന്‌ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ടോ?   ഇത്തരത്തില്‍ വിവിധ രാജ്യങ്ങളിലെ പഠന, കരിയര്‍ അവസരങ്ങളെപ്പറ്റി സംസാരിക്കാന്‍ സാധിക്കുന്ന, വ്യത്യസ്‌ത ഓപ്‌ഷനുകള്‍ നല്‍കാന്‍ സാധിക്കുന്ന കണ്‍സൽറ്റന്റാണ്‌ നല്ലൊരു കൺസൽറ്റന്റ്.

വേണം പ്രായോഗിക കാര്യങ്ങളിലും ശ്രദ്ധ
പല കൺസൽറ്റന്റുകളും വിദേശപഠന പ്ലാനുകള്‍ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്‌ വളരെ തിയററ്റിക്കലായ സമീപനത്തിലൂടെയാണ്‌. 12 മാസം, ദിവസവും 20 മുതല്‍ 30 മണിക്കൂര്‍ വരെ പാര്‍ട്ട്‌ടൈം ചെയ്യുന്നു, സെമസ്റ്റര്‍ ബ്രേക്കിന്‌ ജോലി ചെയ്യുന്നു, സമ്പാദിക്കുന്നു എന്നെല്ലാം പറയുമ്പോള്‍ ശരിക്കും മനുഷ്യരാണോ റോബട്ടാണോ ഈ ജോലിയെല്ലാം എടുക്കാന്‍ പോകുന്നതെന്നു തോന്നും. ഇതില്‍ പ്രായോഗികമായ പല കാര്യങ്ങളുമുണ്ട്‌. പല വിദേശരാജ്യങ്ങളിലും തണുപ്പ്‌, ചൂട്‌ എന്നിങ്ങനെ തീവ്രമായ കാലാവസ്ഥയുള്ള സമയം വരും. അപ്പോള്‍ റസ്‌റ്ററന്റോ, ഡെലിവറിയോ പോലെ പുറംജോലികള്‍ പാര്‍ട്ട്‌ടൈമായി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അത്‌ വളരെ ബുദ്ധിമുട്ടായിരിക്കും. ആദ്യ വര്‍ഷം ചെല്ലുമ്പോള്‍ തന്നെ ഇത്തരം തീവ്രമായ കാലാവസ്ഥ അനുഭവിക്കേണ്ടിവന്നാല്‍ അത്‌ വിദ്യാര്‍ഥികളുടെ മനം മടുപ്പിക്കാം. ഇത്തരം സമയത്ത്‌ ഇന്‍ഡോര്‍ ജോലികളിലേക്കു മാറേണ്ടി വരുകയോ, ജോലിയില്ലാതെ നില്‍ക്കേണ്ടിവരികയോ ഒക്കെ ചെയ്യാം. അത്തരം പല അനിശ്ചിതത്വങ്ങളും ഇതിന്റെ ഭാഗമാണ്‌. ചില രാജ്യങ്ങളില്‍ സീസണ്‍ മാറുമ്പോള്‍ പകല്‍ നേരം കുറയുകയും രാത്രി നേരം വര്‍ധിക്കുകയും ചെയ്യുന്നത്‌ ചിലരില്‍ ഡിപ്രഷന്‍ തോന്നിപ്പിക്കാം. നാട്ടില്‍ ജോലിയൊന്നും ചെയ്യാത്തവര്‍ക്ക്‌ വിദേശത്തു വന്ന്‌ പഠനത്തോടൊപ്പം ജോലി കൂടി ചെയ്യുന്നത്‌ ചിലപ്പോള്‍ താങ്ങാനായെന്നും വരില്ല. 

നാട്ടില്‍നിന്ന്‌ വ്യത്യസ്‌തമായി സെല്‍ഫ്‌ സ്റ്റഡിയും റഫറന്‍സ്‌ പുസ്‌തകങ്ങള്‍ വച്ചുള്ള പഠനവുമൊക്കെയാണ്‌ വിദേശരാജ്യങ്ങളില്‍ നടക്കുന്നത്‌. ഇതും പഠനത്തില്‍ സ്‌പൂണ്‍ ഫീഡ്‌ സമ്പ്രദായം അനുഭവിച്ചുവന്ന നമ്മുടെ കുട്ടികള്‍ക്ക്‌ പുതിയ കാര്യമായിരിക്കും. കൺസൽറ്റൻസികൾ‍ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു പോയി ഹോസ്‌റ്റലില്‍ കൊണ്ടുവിടുന്ന വിദ്യാര്‍ഥികള്‍ പിന്നീടു നേരിടേണ്ടി വരുന്നത്‌ ഇത്തരത്തില്‍ പല അനിശ്ചിതത്വങ്ങളുമായിരിക്കാം. അത്‌ വല്ലാത്ത ഞെട്ടല്‍ അവര്‍ക്ക്‌ ഉണ്ടാക്കാം. തിയററ്റിക്കല്‍ ആയുള്ള ആസൂത്രണത്തിനു പകരം പ്രായോഗികമായ ഇത്തരം വശങ്ങള്‍ വിലയിരുത്തി മുന്‍കൂട്ടി കാര്യങ്ങള്‍ നീക്കിയാല്‍ വിദേശപഠനത്തെ രസകരമാക്കി മാറ്റാം.

മിന്നുന്നതെല്ലാം പൊന്നല്ല
വലിയ വലിയ സ്വപ്‌നങ്ങളുമായി വിദേശത്തേക്കു പഠിക്കാന്‍ പോയിട്ട്‌ അത്‌ പൂര്‍ത്തിയാക്കാനാവാതെയും പഠിച്ചിട്ട്‌ ജോലി ലഭിക്കാതെയുമൊക്കെ തിരികെ വരുന്ന വിദ്യാര്‍ഥികളുമുണ്ട്‌. ഇവിടെ പ്രധാനമായും മാറ്റേണ്ട ചിന്താഗതി വിദേശത്തെ എല്ലാ സര്‍വകലാശാലകളും ലോകോത്തരമാണെന്നുള്ളതാണ്‌. വിദേശത്തും മോശം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാകാമെന്നത്‌ മനസ്സിലാക്കണം. വിദേശത്തു പോയി എന്നതു കൊണ്ടു മാത്രം നമ്മുടെ ജീവിതം നന്നായെന്നും രക്ഷപ്പെട്ടെന്നും വരില്ല. ഒരു രാജ്യത്തു പോകുമ്പോള്‍ അവിടെ എന്തെല്ലാം ബിസിനസുകളും സാധ്യതകളും ഉണ്ടെന്നും അവിടെ ലഭ്യമായ അവസരങ്ങളെ ലക്ഷ്യം വച്ചുള്ള കോഴ്‌സാണോ നാം എടുത്തിരിക്കുന്നതെന്നും വിലയിരുത്തണം. ഇത്തരം പുനര്‍വിചിന്തനം ജോലി ലഭിക്കാനുള്ള നിങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും. 

പാര്‍ട്ട്‌ടൈമിനു വേണ്ട അമിത ശ്രദ്ധ
പലരും വിദേശത്തേക്കു പഠിക്കാന്‍ വരുമ്പോള്‍ പാര്‍ട്ട്‌ടൈമായി ചെയ്യുന്ന ജോലിക്ക്‌ അമിത പ്രാധാന്യം കൊടുത്തു കാണാറുണ്ട്‌. പാര്‍ട്ട്‌ടൈം ജോലിയില്‍ അമിതമായി ശ്രദ്ധിച്ചാല്‍ അക്കാദമിക പഠനത്തില്‍ പിന്നാക്കം പോകുകയും അത്‌ പിന്നീടുള്ള കരിയറിനെ ബാധിക്കുകയും ചെയ്യും. 

ട്രെന്‍ഡിനു പിന്നാലെയും പോകരുത്‌
ഇന്ന്‌ കാനഡയുടെ അവസരങ്ങളുടെ വാതില്‍ പാതിയടഞ്ഞു, ഓസ്‌ട്രേലിയ കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നു എന്നെല്ലാം കേട്ട്‌ എല്ലാവരും ഓസ്‌ട്രേലിയയിലേക്കു പോയാല്‍ അവര്‍ക്കു തൊഴില്‍ലവസരമുണ്ടാകുമോ?ു തീര്‍ച്ചയായും ഇല്ല. ഓരോ രാജ്യവും വളര്‍ച്ച നേടുന്ന ചില പ്രത്യേക മേഖലകളുണ്ട്‌. അതിലേക്ക്‌ പ്രവേശനം നേടുന്ന കോഴ്‌സാണ്‌ നാം എടുക്കുന്നതെങ്കില്‍ തൊഴില്‍ അവസരം ലഭിക്കും. നാം ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യവസായത്തിന്‌ അനുകൂലമായ സാഹചര്യം ഒരുക്കുന്ന രാജ്യം കണ്ടെത്തി അവിടേക്ക പോകാനാണു ശ്രമിക്കേണ്ടത്‌. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിദേശപഠനം ഒരിക്കലും പരാജയപ്പെടില്ല. 
മികച്ച യൂണിവേഴ്സിറ്റികൾ എങ്ങനെ തിരഞ്ഞെടുക്കാം -  വിദഗ്ധരോട് ചോദിക്കാം

English Summary:

Study Abroad Success: Your Guide to Choosing the Right Path

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com