ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ജീവിക്കണോ? പഠനത്തിന് തിരഞ്ഞെടുക്കാം നോര്‍ഡിക് രാജ്യങ്ങള്‍
Mail This Article
ജനങ്ങള്‍ ഏറ്റവും സന്തോഷത്തോടെയും സംതൃപ്‌തിയോടെയും ജീവിക്കുന്ന നാടുകളായിട്ടാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ അറിയപ്പെടുന്നത്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, നോര്‍വേ എന്നീ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ക്കൊപ്പം ഫിന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ് എന്നിവ കൂടി ചേരുന്ന നോര്‍ഡിക് രാജ്യങ്ങളിലേക്ക് പക്ഷേ നമ്മുടെ വിദ്യാര്‍ഥികള്‍ ഇന്നും അധികമായി കടന്നുചെന്നിട്ടില്ല.
ഈ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ അവിടത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉറപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെ ആകര്‍ഷകമാക്കുന്നത്. ഉദാഹരണത്തിന്, ഡെന്‍മാര്‍ക്കില്‍ മിനിമം വേജ് ആക്ട് പ്രകാരം ഏഴര മണിക്കൂര്‍ ഫുള്‍ ടൈം ജോലിയില്‍ ഏര്‍പ്പെടുന്ന വ്യക്തിക്ക് കുറഞ്ഞത് 35,000 ഡാനിഷ് ക്രോണെ (4,25,784 ഇന്ത്യന്‍ രൂപ) നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. അതിപ്പോ ഏതു തരം ജോലി ചെയ്‌താലും.
ഫിന്‍ലന്‍ഡും ഡെന്‍മാര്‍ക്കുമൊക്കെ സന്തോഷത്തിന്റെ സൂചകമായ ഹാപ്പിനസ് ഇന്‍ഡെക്‌സില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്. ഉറപ്പായ മിനിമം വേജും മറ്റ് അനേകം ആനുകൂല്യങ്ങളും ഗവണ്‍മെന്റ് ഉറപ്പാക്കുന്നതിനാല്‍ ഈ രാജ്യങ്ങളിലെ ജനങ്ങള്‍ അത്യധികം സന്തോഷത്തോടെ ജീവിച്ചുവരുന്നു. ഇവിടത്തെ ജനങ്ങളുടെ ഉയര്‍ന്ന ആളോഹരി വരുമാനവും സന്തോഷത്തിന്റെ മറ്റൊരു കാരണമാണ്. ഇത്തരമൊരു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയാണ് ഈ രാജ്യങ്ങളിലെ പഠനം.
എവിടെ പഠിക്കാം?
പൊതുവേ സ്വകാര്യ സ്ഥാപനങ്ങള്‍ താരതമ്യേന കുറഞ്ഞ ഇടങ്ങളാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍. പൊതു സര്‍വകലാശാലകളാണ് കൂടുതല്‍. സ്വീഡനിലൊക്കെ നല്ലതും അല്‍പം മോശമായതുമായ സര്‍വകലാശാലകള്‍ ഇടകലര്‍ന്നു വരും. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റി, ആള്‍ട്ടോ യൂണിവേഴ്‌സിറ്റി, ഡെന്‍മാര്‍ക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്‍മാര്‍ക്ക്, കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി, സതേണ്‍ ഡെന്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയവയെല്ലാം പഴക്കം ചെന്ന, ലോകപ്രശസ്‌ത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇവിടങ്ങളില്‍ പഠിക്കാനെത്തുന്നവര്‍ക്ക് മറ്റൊരു മെച്ചം കൂടിയുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ പലയിടങ്ങളിലും വിദ്യാര്‍ഥികളുടെ അക്കാദമിക പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 50%, 70%, 100% എന്നിങ്ങനെ സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും. നമ്മുടെ നാട്ടിലെ പല വിദ്യാര്‍ഥികളിലേക്കും ഈ അവബോധം കടന്നുചെന്നിട്ടില്ല.
പഠനച്ചെലവ് കുറവ്
മറ്റ് പല രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ പഠനച്ചെലവ് വളരെ കുറവാണെന്നതാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുടെ മറ്റൊരു ഗുണം. ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡെന്‍മാര്‍ക്ക് പോലൊരു എണ്ണം പറഞ്ഞ ലോകപ്രശസ്‌ത സ്ഥാപനത്തില്‍ പഠിക്കാന്‍ വേണ്ടിവരുന്നത് എട്ടു മുതല്‍ പത്തു ലക്ഷം രൂപ വരെയാണ്. പരമാവധി പോയാല്‍ 12 ലക്ഷം രൂപ. ഇതേ നിലവാരത്തിലുള്ള ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍ 35 മുതല്‍ 40 ലക്ഷം വരെ വേണ്ടിവരുന്ന സ്ഥാനത്താണ് ഇത്. ഇത്രയും കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം സാധ്യമായിട്ടും ഇന്ത്യയില്‍നിന്ന് പ്രത്യേകിച്ച് കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍നിന്ന് വളരെ കുറച്ച് വിദ്യാര്‍ഥികള്‍ മാത്രമേ ഈ രാജ്യങ്ങളിലേക്ക് എത്തുന്നുള്ളൂ. ഈ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്ന മറ്റ് രാജ്യാന്തര വിദ്യാര്‍ഥികള്‍ സസന്തോഷം മികവാര്‍ന്ന സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്നു.
പഠനം കഴിഞ്ഞ് സ്റ്റേ ബാക്ക് രണ്ടു വര്‍ഷം
താരതമ്യേന കൂടുതലാണ് പഠനശേഷം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ നല്‍കുന്ന സ്റ്റേ ബാക്ക് അവസരങ്ങള്‍. ഡെന്‍മാര്‍ക്കിലും സ്വീഡനിലും ഫിന്‍ലന്‍ഡിലുമൊക്കെ രണ്ടു വര്‍ഷം സ്റ്റേബാക്ക് ലഭിക്കുന്നുണ്ട്. ആശ്രിത വീസയില്‍ പങ്കാളികളുമായി പഠിക്കാന്‍ പോകാമെന്ന മെച്ചവുമുണ്ട്.
ഏതു വിഷയം പഠിക്കണം?
സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ സാങ്കേതിക കോഴ്‌സുകള്‍ക്കു ചേരുന്നതാണ് ഏറ്റവും ഉചിതം. ഫിന്‍ലന്‍ഡ് പോലെ മുഖ്യ ഭാഷ ഇംഗ്ലിഷ് അല്ലാത്ത രാജ്യങ്ങളില്‍ മാര്‍ക്കറ്റിങ്, സെയില്‍സ് പോലുള്ള കോഴ്‌സുകളെടുത്താല്‍ നാം മത്സരിക്കേണ്ടിവരുക. ഇംഗ്ഷ് ഇതര ഭാഷ സംസാരിക്കേണ്ടി വരുന്നവരുമായിട്ടായിരിക്കും. വളരെ മികച്ച അവസരങ്ങള്‍ നോര്‍ഡിക് രാജ്യങ്ങള്‍ സാങ്കേതിക കോഴ്‌സുകള്‍ക്കു നല്‍കുന്നുണ്ട്.
നോര്‍ഡിക് രാജ്യങ്ങളിലെ അവസരങ്ങൾ - വിദഗ്ധരോട് ചോദിക്കാം