വിദൂര / ഓൺലൈൻ വിദ്യാഭ്യാസം: മുന്നറിയിപ്പുമായി യുജിസി; അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക അറിയാം
Mail This Article
റഗുലർ ക്ലാസുകളിൽ പ്രവേശനം കിട്ടാത്തവരും ജോലിയിലിരുന്നുകൊണ്ടു പഠിക്കാൻ ആഗ്രഹിക്കുന്നവരും തിരഞ്ഞെടുക്കുന്ന വഴിയാണ് വിദൂരവിദ്യാഭ്യാസം (ODL: Open & Distance Learning). മറ്റൊരു രീതിയാണ് ഓൺലൈൻ ലേണിങ് (OL). ഏതു പ്രായക്കാർക്കും തുടർപഠനം സാധ്യമാകുമെന്നത് ഈ രീതികളുടെ പ്രത്യേകതയാണ്. ഇരു സമ്പ്രദായങ്ങളിലും പഠനാവസരം നൽകുന്ന ഒട്ടേറെ കേന്ദ്രങ്ങളുള്ളതിനാൽ കോഴ്സും പഠനസമയവും തിരഞ്ഞെടുക്കാൻ വിദ്യാർഥിക്കു സ്വാതന്ത്ര്യം ലഭിക്കുന്നു. നിത്യയാത്ര ഒഴിവാക്കാം, കുറഞ്ഞ ചെലവിൽ പഠിക്കാം തുടങ്ങി പല മെച്ചങ്ങളുമുണ്ട്. പക്ഷേ, വിദ്യാലയങ്ങളിലെത്തി പലരുമായി സമ്പർക്കം പുലർത്തിയുള്ള സമൂഹജീവിതപരിശീലനം തീരെയില്ലെന്ന ദോഷമുണ്ട്. മാത്രമല്ല, ഇങ്ങനെ നേടുന്ന യോഗ്യതകൾക്കു വേണ്ടത്ര അംഗീകാരം കിട്ടിയില്ലെന്നും വരാം. വിദൂര / ഓൺലൈൻ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന കപടസ്ഥാപനങ്ങൾ രംഗത്തുണ്ട്. അംഗീകാരമില്ലാതെ കോഴ്സ് നടത്തുക, ഒരു കോഴ്സിന് അനുമതി നേടിയിട്ട് അനധികൃതമായി മറ്റു കോഴ്സുകൾ നടത്തുക, അംഗീകാരം പിൻവലിച്ചിട്ടും കോഴ്സുകൾ തുടരുക മുതലായ തട്ടിപ്പുകളുണ്ട്. ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ യുജിസി കഴിഞ്ഞ 11–ാം തീയതി വിജ്ഞാപനത്തിലൂടെ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഇതിലെ മുഖ്യസൂചനകൾ കാണുക: ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ദ്വിവത്സര പിജി ഡിപ്ലോമ പ്രോഗ്രാമുകൾ വിദൂര, ഓൺലൈൻ ശൈലികളിൽ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ യുജിസി ആവിഷ്കരിച്ചിട്ടുണ്ട്. പ്രവേശിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാപനത്തിന് ഇത്തരം പ്രോഗ്രാമുകൾ നടത്താൻ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കണം. അംഗീകൃത സ്ഥാപനങ്ങളുടെ പട്ടിക യുജിസി ഡിസ്റ്റൻസ് എജ്യുക്കേഷൻ വെബ്സൈറ്റിലുണ്ട് (https://deb.ugc.ac.in). ഓരോ സ്ഥാപനത്തിനും ഏതേതു പ്രോഗ്രാമുകൾക്ക് ഏതേതു വർഷങ്ങളിലേക്ക് അംഗീകാരമുണ്ടെന്നതും സൈറ്റിൽനിന്ന് അറിയാം. സൈറ്റിലെ ODL / OL ബോക്സുകളിൽ ബന്ധപ്പെട്ട വർഷങ്ങളിൽ ക്ലിക്ക് ചെയ്താൽ മതി.
എൻറോൾമെന്റ്വ്യവസ്ഥകൾ
∙ 2024–25 അധ്യയനവർഷത്തെ ODL, OL പ്രവേശനം നവംബർ 15നു ശേഷം നടത്തിക്കൂടാ.
∙ ബാങ്കിലെ ധനനിക്ഷേപംപോലെ ഏതെങ്കിലും സ്ഥാപനത്തിൽനിന്നു നേടിയ ക്രെഡിറ്റുകളുടെ വെർച്വൽ / ഡിജിറ്റൽ തുകയാണ് എബിസി (അക്കാദമിക് ബാങ്ക് ക്രെഡിറ്റ്സ്). ഒരു കോളജിൽനിന്നോ സർവകലാശാലയിൽനിന്നോ മറ്റൊന്നിലേക്ക് ആർജിത ക്രെഡിറ്റുകളുമായി ചെന്നു ചേരാൻ എബിസി സമ്പ്രദായം സഹായിക്കും.
∙ വിദ്യാർഥികൾ https://deb.ugc.ac.in സൈറ്റിൽ എബിസി നൽകി, തിരിച്ചറിയലിനുള്ള DEB-ID ഉണ്ടാക്കണം. ഇതുണ്ടെങ്കിലേ എൻറോൾ ചെയ്യാൻ കഴിയൂ. ഇനിമേൽ ഇതു നിർബന്ധമാണ്. ഈ ഐഡി ജീവിതകാലം നിലനിൽക്കും. എന്നു വേണമെങ്കിലും ODL, OL പ്രവേശനത്തിന് ഇതുപയോഗിക്കാം.
∙ പ്രോഗ്രാമുകളുടെ പേര്, ദൈർഘ്യം, പ്രവേശനയോഗ്യത എന്നിവ യുജിസി മാനദണ്ഡപ്രകാരമെന്ന് ഉറപ്പാക്കണം (www.ugc.gov.in/Notices).
∙ പ്രോഗ്രാമുകൾ സർവകലാശാല നേരിട്ടു നടത്തണം; ഫ്രാഞ്ചൈസികളെ ഏൽപിച്ചുകൂടാ. പഠനസഹായകേന്ദ്രങ്ങൾ സർവകലാശാല നേരിട്ട് ഏർപ്പെടുത്തണം; ഇടനിലക്കാർ വേണ്ട. നിബന്ധനകൾ പൂർണമായി പാലിക്കുന്നപക്ഷം ODL, OL ബിരുദങ്ങൾ ബന്ധപ്പെട്ട റഗുലർ ബിരുദങ്ങൾക്കു തുല്യമായിരിക്കും.
∙ ODL രീതിയിലേക്കു പ്രവേശനം നേടിയ വിദ്യാർഥിക്ക് OL രീതിയിലേക്കും മറിച്ചും മാറാം. പക്ഷേ, ഇതുസംബന്ധിച്ച നിബന്ധനകൾ പാലിക്കണം.
∙ അംഗീകാരമുള്ള സമയത്തു പ്രവേശനം നേടിയ വിദ്യാർഥിക്ക്, സ്ഥാപനത്തിന്റെ അംഗീകാരം നഷ്ടപ്പെട്ടാലും തുടർന്നു പഠിച്ച് യോഗ്യത നേടാം.
∙ പ്രവേശനം, സമ്പർക്ക ക്ലാസ്, പരീക്ഷ തുടങ്ങിയ എല്ലാ അക്കാദമിക പ്രവർത്തനങ്ങളും സ്ഥാപനത്തിന്റെ അധികാരപരിധിയിൽ മാത്രമേ നടത്താവൂ. പക്ഷേ, ഇന്ത്യയിൽ ഏതു പ്രദേശത്തുള്ളവർക്കും ഏതു സ്ഥാപനത്തിലും എൻറോൾ ചെയ്യാം. വിദേശത്തു പാർക്കുന്നവർക്കും ഓൺലൈൻ പ്രോഗ്രാമുകളിൽ എൻറോൾ ചെയ്യാം.
വിലക്കുള്ള സ്ഥാപനങ്ങൾ
∙ സുരേശ്ജ്ഞാനവിഹാർ സർവകലാശാല, രാജസ്ഥാൻ: 2024–25 മുതൽ 5 വർഷത്തേക്ക് ഓൺലൈൻ പ്രോഗ്രാമുകൾ പാടില്ല.
∙ പെരിയാർ സർവകലാശാല, തമിഴ്നാട്: 2024–25 മുതൽ 2 വർഷത്തേക്ക് ഓൺലൈൻ പ്രോഗ്രാമുകൾ പാടില്ല.
∙ നൽസർ സർവകലാശാല, തെലങ്കാന: 2024–25ൽ വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ പാടില്ല. പൂർണവിവരങ്ങൾക്ക് വെബ്സൈറ്റ്: www.ugc.gov.in