‘റൈസ് ഗ്ലോബൽ ഇന്ത്യ’ ഇൻക്യുബേറ്റർ കേന്ദ്രത്തിനു ബെംഗളൂരുവിൽ തുടക്കം
Mail This Article
ബെംഗളൂരു∙ രാജ്യത്തെ മുൻനിര അക്കാദമിക സ്ഥാപനങ്ങളുമായുള്ള വിദ്യാഭ്യാസ, ഗവേഷണ പങ്കാളിത്തം വിപുലീകരിക്കാൻ ലക്ഷ്യമിട്ട് യുഎസ് ഹ്യൂസ്റ്റണിലെ റൈസ് സർവകലാശാല, ‘റൈസ് ഗ്ലോബൽ ഇന്ത്യ’ ഇൻക്യുബേറ്റർ കേന്ദ്രത്തിനു ബെംഗളൂരുവിൽ തുടക്കം കുറിച്ചു. ഐഐടി കാൺപൂർ, ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ് സി), എന്നിവയുമായി വിവിധ വിദ്യാഭ്യാസ പങ്കാളിത്ത പരിപാടികളിന്മേൽ റൈസ് സഹകരിച്ചു വരുന്നതിനിടെയാണിത്. അക്കാദമിക സ്ഥാപനങ്ങളുമായി ചേർന്നുള്ള ഗവേഷണത്തിനു വഴിയൊരുക്കുന്ന വ്യാവസായിക സംരംഭമായ ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുമായി (ജിസിസി) കൈകോർക്കാനുള്ള താത്പര്യവും ഐടിബിടി മന്ത്രി പ്രിയങ്ക് ഖർഗെയുമായി നടന്ന ചർച്ചയിൽ റൈസ് സർവകലാശാല പ്രസിഡന്റ് റെജിനാൾഡ് ദെറോഷെയും സംഘവും പങ്കുവച്ചു. വിദ്യാഭ്യാസ, ഗവേഷണ, നൂതനാശയ രംഗത്ത് ഏറെ അവസരങ്ങളുമുളള രാജ്യമാണ് ഇന്ത്യയെന്ന് റെജിനാൾഡ് പറഞ്ഞു. നിർമിത ബുദ്ധി, ബയോ ടെക്നോളജി, സുസ്ഥിര ഊർജ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ രംഗങ്ങളിലെ പഠന പരിപാടികളുമായി സഹകരിക്കുന്നതിനു പുറമെ വിദ്യാർഥികളെയും അധ്യാപകരേയും ഗവേഷകരേയും കൈമാറുന്നതിനു കൂടിയാണ് അവസരം ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. റൈസ് സർവകലാശാല പ്രോവോസ്റ്റും അക്കാദമിക് അഫയേഴ്സ് വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റുമായ ഏമി ഡിറ്റ്മർ, ഗ്ലോബൽ വൈസ് പ്രസിഡന്റ് കാരളിൻ ലെവാൻഡർ, റിസർച്ച് വിഭാഗം എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് രാമമൂർത്തി രമേഷ് എന്നിവരും സന്നിഹിതരായിരുന്നു.