പണി പഠിപ്പിക്കൽ; കേരളം പിന്നിലെന്ന് ലോകബാങ്ക്, മികവു വിലയിരുത്തി ‘സ്റ്റാർസ്’
Mail This Article
ന്യൂഡൽഹി ∙ കേരളത്തിൽ ഫിഷറീസ്, ഡെയറി ഫാമിങ്, ബ്യൂട്ടി ആൻഡ് വെൽനെസ് തുടങ്ങിയ മേഖലകളിൽ ജോലിസാധ്യത ഏറെയുണ്ടെങ്കിലും സ്കൂൾ തലത്തിൽ ഇതുമായി ബന്ധപ്പെട്ട നൈപുണ്യ (സ്കിൽസ്) പരിശീലനം ലഭ്യമാക്കുന്നില്ലെന്നു ലോക ബാങ്കിന്റെ പഠനം. ഫാഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, ഡിസൈൻ, ഫിഷറീസ്, വർക്‌ഷോപ് ടെക്നോളജി തുടങ്ങിയ മേഖലകളിലും സമാനമാണു സ്ഥിതി. അതേസമയം ഐടി, സോഫ്റ്റ്‌വെയർ, ഫാമിങ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിൽ മതിയായ പരിശീലനം ലഭ്യമാക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ലോകബാങ്കിന്റെ സഹായത്തോടെ നടത്തുന്ന സ്റ്റാർസ് (സ്ട്രെങ്തനിങ് ടീച്ചിങ്– ലേണിങ് ആൻഡ് റിസൽറ്റ്സ് ഫോർ സ്റ്റേറ്റ്സ്) പദ്ധതി നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ള ‘ജോബ്സ് അറ്റ് യുവർ ഡോർസ്റ്റെപ്’ റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങൾ. ഓരോ ജില്ലകളിലും 20–30% സെക്കൻഡറി സ്കൂളുകളെ കണ്ടെത്തി നൈപുണ്യപരിശീലനം നൽകാനുള്ള സജീവമായ ഇടപെടലുണ്ടാകണം. ഓരോ പ്രദേശത്തെയും സാമ്പത്തിക, വ്യവസായ താൽപര്യങ്ങൾക്കനുസരിച്ച് ആവശ്യമായ ട്രേഡുകൾ ജില്ലാ നേതൃത്വം സ്കൂളുകൾക്കു നിർദേശിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു