സൈനിക് സ്കൂൾ പ്രവേശനം: കോച്ചിങ്ങിന് ആരെയും നിയോഗിച്ചിട്ടില്ലെന്ന് അധികൃതർ; അപേക്ഷ 13 വരെ
Mail This Article
തിരുവനന്തപുരം ∙ സൈനിക് സ്കൂളുകളിൽ 2025–26 അധ്യയന വർഷത്തെ പ്രവേശനത്തിന് ജനുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം. കഴക്കൂട്ടം സൈനിക് സ്കൂളിൽ ആറാം ക്ലാസിൽ 74 ആൺകുട്ടികൾ, 10 പെൺകുട്ടികൾ, ഒൻപതാം ക്ലാസിൽ 30 ആൺകുട്ടികൾ എന്നിങ്ങനെയാണ് ഒഴിവ്. 67% സീറ്റ് കേരളത്തിലെ വിദ്യാർഥികൾക്കു സംവരണം ചെയ്തിട്ടുണ്ട്. 2013 ഏപ്രിൽ 1 നും 2015 മാർച്ച് 31 നും ഇടയിൽ ജനിച്ചവർക്ക് ആറിലേക്കും 2010 ഏപ്രിൽ ഒന്നിനും 2012 മാർച്ച് 31 നും ഇടയിൽ ജനിച്ചവർക്ക് ഒൻപതിലേക്കും അപേക്ഷിക്കാം. എൻടിഎ ജനുവരി 19നു നടത്തുന്ന അഖിലേന്ത്യാ സൈനിക് സ്കൂൾ പ്രവേശനപരീക്ഷ (എഐഎസ്എസ്ഇഇ) പാസാകണം. വിവരങ്ങൾക്ക് www.sainikschooltvm.nic.in, https://aissee.nta.nic.in.
കേരളത്തിൽ പുതിയതായി അംഗീകരിച്ച സൈനിക് സ്കൂളുകളായ ആലപ്പുഴ വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ, എറണാകുളം ശ്രീ ശാരദ വിദ്യാലയം എന്നിവയിൽ ആറാം ക്ലാസിൽ 80 വീതം ഒഴിവുകളുണ്ട്. കോഴിക്കോട് വേദവ്യാസ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസിൽ മാത്രം 3 ഒഴിവുണ്ട്. പ്രവേശനപരീക്ഷ, അഭിമുഖം, ഉദ്യോഗാർഥികളുടെ മെഡിക്കൽ ഫിറ്റ്നസ് എന്നിവയിലെ മെറിറ്റ് അനുസരിച്ചാണ് പ്രവേശനം. പ്രവേശനവുമായി ബന്ധപ്പെട്ട് കോച്ചിങ്/പരിശീലനത്തിന് ഒരു സംഘടനയെയും സ്ഥാപനത്തെയും നിയോഗിച്ചിട്ടില്ലെന്ന് സൈനിക് സ്കൂൾ അധികൃതർ അറിയിച്ചു.