പുതുവര്‍ഷത്തില്‍ ചിറകു വിരിക്കാനൊരുങ്ങി എയര്‍ കേരള; പൈലറ്റുമാരെ തേടുന്നു
Mail This Article
പുതുവര്‍ഷത്തില്‍ ചിറകു വിരിക്കാനുള്ള തയാറെടുപ്പുകളുമായി മുന്നേറുകയാണ് കേരളത്തിലെ ആദ്യ എയര്‍ലൈന്‍ കമ്പനിയായ എയര്‍ കേരള. എടിആര്‍ 72-600 വിമാനം ഉപയോഗിച്ച് 2025ന്റെ ആദ്യ പകുതിയില്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി എടിആര്‍ 72-600ലേക്കുള്ള പൈലറ്റുകളുടെ നിയമന നടപടികള്‍ കമ്പനി ആരംഭിച്ചു. പൈലറ്റുകള്‍ക്ക് hr@zetfly.com എന്ന ഇ – മെയിലേക്ക് റെസ്യൂമേകള്‍ അയയ്ക്കാമെന്ന് കമ്പനി സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പറയുന്നു. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എയര്‍ കേരളയ്‌ക്ക് 2024 ജൂലൈ മാസത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള നോ-ഒബ്‌ജക്ഷൻ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റിനായുള്ള നടപടിക്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. സെറ്റ്‌ഫ്ലൈ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് എയര്‍ കേരള പ്രവര്‍ത്തിക്കുക.
യുഎഇ സംരംഭകരായ അഫി അഹമ്മദും (ചെയര്‍മാന്‍, സ്‌മാര്‍ട്ട് ട്രാവല്‍ ഗ്രൂപ്പ്) ആയൂബ് കല്ലടയുമാണ് (ചെയര്‍മാന്‍ ആന്‍ഡ് എംഡി, കല്ലട ഫുഡ് ഇന്‍ഡസ്‌ട്രീസ്) എയര്‍ കേരളയുടെ ചെയര്‍മാനും വൈസ് ചെയര്‍മാനും. ഹരീഷ് മൊയ്‌ദീന്‍ കുട്ടിയാണ് സിഇഒ. തുടക്കത്തില്‍ മൂന്ന് എടിആര്‍ 72-600 വിമാനങ്ങളുമായി സര്‍വീസ് ആരംഭിച്ച് പിന്നീട് 20 വിമാനങ്ങളുമായി രാജ്യാന്തര സര്‍വീസുകള്‍ അടക്കം നടത്താനാണ് എയര്‍ കേരളയുടെ ദീര്‍ഘകാല പദ്ധതി. പ്രവാസികളായ മലയാളികള്‍ അനുഭവിക്കുന്ന യാത്രപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് കുറഞ്ഞ ചെലവില്‍ വിശ്വസ്‌തമായ വ്യോമയാന സേവനങ്ങളാണ് എയര്‍ കേരളയുടെ വാഗ്‌ദാനം.