പിഎസ്‍സി പരീക്ഷയിൽ വിജയം നേടണോ? വരുതിയിലാക്കാം ഈ മേഖല
Mail This Article
പിഎസ്‍സി പരീക്ഷകളിൽ റാങ്ക് നിർണയിക്കുന്ന പ്രധാന മേഖലയാണ് ‘മാത്‌സ് & മെന്റൽ എബിലിറ്റി’. പത്താം ക്ലാസ് വരെ കണക്കിൽ മാരക തോൽവിയായിരുന്നതിനാൽ ഇതെങ്ങനെ പഠിക്കുമെന്നാകും പലരുടെയും ചിന്ത. സൂത്രവാക്യങ്ങളില്ലാതെ, ചില സൂത്രപ്പണികളിലൂടെ കണക്കിനെ വരുതിയിൽ നിർത്താം. അടിസ്ഥാന ക്രിയകൾ ചെയ്യാനുള്ള വേഗം കൂട്ടുക പ്രധാനം. സങ്കലനം (കൂട്ടൽ), വ്യവകലനം (കുറയ്ക്കൽ), ഗുണനം, ഹരണം, ദശാംശങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയവയിൽ പരമാവധി വേഗം നേടിയാൽ അതോടെ പകുതി ജയിച്ചു.
വർഷങ്ങളായി പിഎസ്‍സി ഒരേ പാറ്റേൺ ചോദ്യങ്ങളാണു ചോദിക്കുന്നത്. സംഖ്യകൾ മാറുമെന്നു മാത്രം. ഓരോ പാറ്റേണിലും 5–10 ചോദ്യങ്ങൾ ചെയ്തുപഠിക്കുക. ഇതോടെ ആ പാറ്റേൺ മനസ്സിൽ പതിയും.
സ്ഥിരം പാറ്റേണുകൾ
ക്ലോക്ക്, കലണ്ടർ, ട്രെയിൻ, വേഗം, പലിശ, കൂട്ടുപലിശ, ലാഭം, നഷ്ടം, ഭിന്നസംഖ്യ, ബോഡ്മാസ് (BODMAS), അനുപാതം, ശതമാനം, ചെറിയ ഭിന്നസംഖ്യ, വലിയ ഭിന്നസംഖ്യ, വർഗം, വർഗമൂലം, രക്തബന്ധം തെളിയിക്കാനുള്ള ചോദ്യം, വരിയും നിരയും, അക്ഷരമാല, ഇതൊക്കെ പിഎസ്‍സിയുടെ പ്രിയ ചോദ്യ പാറ്റേണുകളാണ്.
ഒറ്റ ചോദ്യം, പല വഴി
1/2 യുടെ 1/2 എത്ര എന്നൊരു ചോദ്യം. ഭിന്നസംഖ്യ ചെയ്തു ശീലമില്ലാത്തവർ അതു വിട്ടുകളയാൻ ശ്രമിച്ചേക്കും. മറ്റൊരു രീതിയിൽ ചിന്തിച്ചുനോക്കൂ. 1/2 എന്നാൽ നമ്മുടെ സാധാരണ ഭാഷയിൽ അര (half). അതിന്റെ 1/2 എത്ര ? കാൽ ഭാഗം, അഥവാ (quarter). ഗുണനവും ഹരണവുമില്ലാതെ ഉത്തരം കിട്ടി. ഇത്തരം എളുപ്പ വഴികളിലൂടെ കണക്കിൽ നല്ല മാർക്ക് സ്കോർ ചെയ്യാം.
മറ്റൊരു ചോദ്യ പാറ്റേൺ
1.ക്ലോക്കിൽ സമയം 3.10 ആണെങ്കിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?
2.ക്ലോക്കിൽ സമയം 12.15 ആണെങ്കിൽ പ്രതിബിംബത്തിലെ സമയം എത്ര ?
ഉത്തരങ്ങൾ: ക്ലോക്കിലെ സമയം ഒരു മണി മുതൽ 11 മണി വരെയാണെങ്കിൽ അത് 11.60ൽനിന്നു കുറച്ചാൽ കിട്ടുന്നതാണു പ്രതിബിംബത്തിലെ സമയം. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം 11.60 – 3.10 = 8.50
11നും ഒന്നിനും ഇടയിലുള്ള സമയമാണെങ്കിൽ 23.60ൽ നിന്ന് ആ സമയം കുറച്ചാൽ മതി. അതിനാൽ രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം 23.60 – 12.15 = 11.45.
തിരിച്ചും ചോദിക്കാം. പ്രതിബിംബത്തിലെ സമയം തന്ന് ക്ലോക്കിലെ സമയം ചോദിക്കും. രണ്ടു ചോദ്യത്തിനും വഴി ഒന്നു തന്നെ.
ഇതു തന്നെയാണു കണക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയും. മുന്നോട്ടു മാത്രമല്ല, പിന്നോട്ടും ചിന്തിക്കണം. പിഎസ്‍സി വളഞ്ഞ വഴിയിലൂടെ ചോദ്യം തൊടുക്കുമ്പോൾ മനസ്സ് കൈവിടാതെ ഉത്തരം കണ്ടെത്തണം.