ADVERTISEMENT

ന്യൂയോർക്കിലൊരു വീട്ടിൽ ഒരു കുറ്റകൃത്യം നടക്കുന്നു. വിവരം ലഭിച്ചു നിമിഷങ്ങൾക്കകം ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്മെന്റ് (എൻവൈപിഡി) വാഹനം സംഭവസ്ഥലത്തു പാഞ്ഞെത്തുന്നു. വാഹനത്തിനു പുറകിൽ നിന്നു ചാടിയിറങ്ങിയ പൊലീസ് നായ ഉദ്യോഗസ്ഥർക്കൊപ്പം കുറ്റകൃത്യം നടന്ന സ്ഥലത്തേക്കു നീങ്ങുന്നു. ഇത്രയും ഓകെ. പക്ഷേ, നമ്മൾ കണ്ടിട്ടുള്ള പൊലീസ് നായ ഉൾപ്പെട്ട ദൃശ്യങ്ങളിൽ നിന്നുള്ള കാതലായ വ്യത്യാസം ഇവിടെ തുടങ്ങുന്നു. ഈ നായയ്ക്കു തുടലില്ല. പൊലീസുകാർക്കൊപ്പം സർവസ്വതന്ത്രനായി അതു നടന്നു നീങ്ങുകയാണ്. തുടലില്ലെന്നു പറഞ്ഞാൽ പൂർണമായും ശരിയല്ല. അദൃശ്യമായൊരു തുടൽ നായയെയും പൊലീസുകാരെയും പരസ്പരം ബന്ധിപ്പിച്ചിട്ടുണ്ട്. ഒരു ബ്ലൂടൂത്ത് തുടൽ. റോബട് നായ ആണ് ഇവിടെ കുറ്റാന്വേഷണത്തിനിറങ്ങിയിരിക്കുന്നത്. പരീക്ഷണം വിജയിച്ചാൽ അതീവ ദുഷ്കരവും അപകടകരവുമായ കുറ്റകൃത്യ ഇടങ്ങളിൽ ഇനി യഥാർഥ പൊലീസ് നായയ്ക്കു പകരം റോബട് പൊലീസ് നായ സേവനമനുഷ്ഠിക്കും. ഇതിനു മുൻപ് ഒക്ടോബറിലും ഡിസംബറിലും ന്യൂയോർക്കിലുണ്ടായ രണ്ടു വെടിവയ്പ് സംഭവങ്ങളിൽ റോബട് നായയെ പൊലീസ് രംഗത്തിറക്കിയിരുന്നു. അതിലൊന്നിൽ ബന്ദികളാക്കപ്പെട്ടവരോടു സംസാരിക്കാനായും നായയുടെ സേവനം ഉപയോഗിക്കുകയുമുണ്ടായി. 

32 കിലോഗ്രാം തൂക്കമാണ് ഡിജിഡോഗ് എന്ന ഈ നായയ്ക്കുള്ളത്. മണിക്കൂറിൽ അഞ്ചര കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനും പടികൾ കയറാനും കഴിവുണ്ട്. അഡീഷനലായി ഒരു യന്ത്രക്കൈ കൂടി ശരീരത്തിൽ ഫിറ്റ് ചെയ്താൽ വാതിലുകൾ തുറക്കാനും സാധനങ്ങൾ എടുത്തുമാറ്റാനും എടുത്തു കൊണ്ടുവരാനും കഴിയും. 52 ലക്ഷം രൂപയാണ് ബോസ്റ്റൻ ഡൈനാമിക്സ് നിർമിച്ച ഒരു റോബട് നായയുടെ വില. നിർമിത ബുദ്ധി ഉപയോഗിച്ചാണു ഈ നായ പരിസരം മനസിലാക്കുന്നതും സഞ്ചരിക്കുന്നതും. ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ക്യാമറകളിലൂടെയാണു കാഴ്ച. കൂടാതെ നായയെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥനു ലൈവ് ആയി സംഭവസ്ഥലത്തെ കാഴ്ചകൾ കാണാനും വേണ്ട നിർദേശങ്ങൾ നൽകാനും കഴിയും. ന്യൂയോർക്ക് പൊലീസിനെക്കൂടാതെ മാസച്ചുസെറ്റ്സ് പൊലീസ് വകുപ്പും പരീക്ഷണാടിസ്ഥാനത്തിൽ റോബട് നായകളെ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. 

ബോസ്റ്റൻ ഡൈനാമിക്സ് നി‍ർമിച്ച ഈ റോബട് നായകളെ പൊലീസ് കൂടാതെ മറ്റു വ്യാവസായിക മേഖലകളിലെ സ്ഥാപനങ്ങളും പല ആവശ്യങ്ങൾക്കും ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നിർമാണത്തിലിരിക്കുന്ന വമ്പൻ കെട്ടിടങ്ങളുടെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ ലഭിക്കാനും പെട്രോളിയം ഖനന മേഖലയിലും ഖനികളിലുമുള്ള അപകടകരങ്ങളായ ജോലിസ്ഥലങ്ങളിലും അവയെ ഉപയോഗിക്കുന്നു. ഭാവിയിൽ മനുഷ്യനു സുരക്ഷിതമായി ജോലെയെടുക്കാൻ സാധിക്കാത്ത എല്ലായിടങ്ങളിലും നിർമിത ബുദ്ധിയാൽ നിയന്ത്രിക്കപ്പെടുന്ന ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കപ്പെടാൻ പോകുകയാണ്. 

എക്സാം ഫോക്കസ്

1. റോബട് നായകളെ നിർമിക്കുന്ന അമേരിക്കൻ കമ്പനി: ബോസ്റ്റൻ ഡൈനാമിക്സ്

2. റോബട് നായകളെ കുറ്റാന്വേഷണത്തിന് ഉപയോഗിച്ച പൊലീസ് സേന: ന്യൂയോർക് പൊലീസ് ഡിപ്പാർട്മെന്റ്

3. ഒരു റോബട് നായയുടെ ഏകദേശ വില: 52 ലക്ഷം രൂപ

4. ബോസ്റ്റൻ ഡൈനാമിക്സിന്റെ റോബട് നായയുടെ വേഗം: മണിക്കൂറിൽ അഞ്ചര കിലോമീറ്റർ

5. റോബട് നായയുടെ പിന്നിലുള്ള സാങ്കേതികവിദ്യ: നിർമിത ബുദ്ധി 

English Summary : NYPD testing AI-powered robot dog

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com