ഏറ്റവുമധികം വിറ്റഴിഞ്ഞ ബാലസാഹിത്യ പരമ്പര ഏതാണെന്നറിയാമോ?
Mail This Article
ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ബാലസാഹിത്യ പുസ്തക പരമ്പര ഏതാണെന്നറിയാമോ? ഹാരി പോട്ടർ പുസ്തകങ്ങൾ!
ബ്രിട്ടിഷുകാരിയായ ജെ.കെ. റൗളിങ് ആണ് ഹാരി പോട്ടറിന്റെ സ്രഷ്ടാവ്. 2018 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ച് ഹാരി പോട്ടർ നോവലുകളുടെ 50 കോടി കോപ്പികൾ വിറ്റഴിഞ്ഞു!
റൗളിങ് ഏഴ് ഹാരി പോട്ടർ നോവലുകൾ രചിച്ചിട്ടുണ്ട്. ഈ നോവലുകൾക്ക് 80– ലധികം ഭാഷകളിൽ പരിഭാഷകളും ഉണ്ടായിട്ടുണ്ട്. ‘ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് സ്റ്റോൺ’ ആണ് ഇക്കൂട്ടത്തിലെ ആദ്യ നോവൽ.
‘ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്‌ലി ഹാലോസ്’ ആണ് അവസാനത്തേത്. ഈ നോവലുകളെല്ലാം സിനിമകളുമായി. എക്കാലത്തെയും ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ സിനിമാ പരമ്പരകളിൽ മൂന്നാം സ്ഥാനം ഈ പരമ്പരക്കാണ്.
പുസ്തകലോകത്ത് ഒരുപിടി റെക്കോർഡുകൾ സ്വന്തമാക്കിയ ഹാരി പോട്ടറിന്റെ മറ്റൊരു നേട്ടം കൂടി കേട്ടോളൂ. 2007 ജൂലൈ 21–നാണ് ഹാരി പോട്ടർ നോവൽ പരമ്പരയിലെ അവസാന നോവലായ ‘ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്‌ലി ഹാലോസ്’ പുറത്തിറങ്ങിയത്.
ആദ്യ വിൽപനക്കായി അച്ചടിച്ച കോപ്പികളുടെ എണ്ണം എത്രയെന്നോ? 1.2 കോടി! പുസ്തകങ്ങളുടെ റിലീസിനുവേണ്ടി ആദ്യം അച്ചടിക്കുന്ന കോപ്പികളുടെ കാര്യത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.
ഈ റെക്കോർഡിനു പുറമേ 24 മണിക്കൂറിൽ ഏറ്റവുമധികം കോപ്പികൾ വിറ്റഴിഞ്ഞ സാഹിത്യകൃതി എന്ന റെക്കോർഡും ഈ നോവലിനു സ്വന്തം. അമേരിക്കയിൽ മാത്രം 83 ലക്ഷം കോപ്പികളാണ് ആദ്യ ദിവസം വിറ്റഴിഞ്ഞത്!
Content Summary : Exam guide gk series Harry Potter facts