ADVERTISEMENT

1896 ഏപ്രിലിൽ ഗ്രീസിന്റെ തലസ്ഥാനമായ ആതൻസിലാണ് ആധുനിക ഒളിംപിക്സിനു തുടക്കമായത്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളുമാണ് ആദ്യ ഒളിംപിക്സിൽ പങ്കെടുത്തത്. 14 രാജ്യങ്ങളിൽ നിന്നു 241 അത്‌ലീറ്റുകൾ മത്സരിക്കാനെത്തിയപ്പോൾ വനിതകൾക്കു പ്രവേശനമുണ്ടായിരുന്നില്ല. 1900 പാരിസ് ഒളിംപിക്സിൽ 2 വെള്ളി മെഡൽ നേടിയ നോർമൻ പ്രിച്ചാർഡിലൂടെയാണ് ഇന്ത്യയുടെ പേര് ഒളിംപിക് ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത്. 

 

ഇന്ത്യൻ മെഡൽ നില ഇതുവരെ

സ്വർണം – 10

വെള്ളി – 09

വെങ്കലം – 16

ഹോക്കി തിളക്കം

സ്വർണം – 08

വെള്ളി – 01

വെങ്കലം – 03

 

ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യൻ നാഴികക്കല്ലുകൾ ഒറ്റ നോട്ടത്തിൽ 

 

  • 1900 - ഇന്ത്യയുടെ ആദ്യ മെഡൽ 

പാരിസ് വേദിയായ രണ്ടാം ഒളിംപിക്സിൽ 200 മീറ്റർ സ്പ്രിന്റ്, 200 മീറ്റർ ഹർഡിൽസ് ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടിയാണു നോർമൻ ഗിൽബർട്ട് പ്രിച്ചാർഡ് ചരിത്രത്തിന്റെ ഭാഗമായത്. ഇന്ത്യയിൽ ജനിച്ച് ഒളിംപിക് മെഡൽ സ്വന്തമാക്കിയ ആദ്യ താരമാണു പ്രിച്ചാർഡ്. ബ്രിട്ടനെയാണോ ബ്രിട്ടിഷ് ഇന്ത്യയെയാണോ പ്രിച്ചാർഡ് പ്രതിനിധാനം ചെയ്തതെന്ന കാര്യത്തിൽ തർക്കം നിലനിൽക്കുന്നുണ്ട്. 1900 ഒളിംപിക്സിലേക്ക് ഇന്ത്യ ഔദ്യോഗികമായി ടീമിനെ അയച്ചിരുന്നുമില്ല. 1857 ജൂൺ 23 ന് കൊൽക്കത്തയ്ക്കു സമീപം ആലിപ്പൂരിലാണ് പ്രിച്ചാർഡ് ജനിച്ചത്. 

 

  • 1920 - ഇന്ത്യയുടെ ‘ആദ്യ’ ഒളിംപിക്സ്

ബെൽജിയത്തിലെ ആന്റ്‌വെർപ്പിൽ നടന്ന ഒളിംപിക്സിലാണ് ഇന്ത്യ ഔദ്യോഗികമായി ടീമിനെ അയച്ചത്. 6 പേരടങ്ങുന്ന ടീമാണ് അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പൂർമ ബാനർജി, എ. ദത്താർ, പി. എഫ്. ചൗഗുലേ, കെ. കൈക്കാടി എന്നീ അത്‌ലീറ്റുകളും ജി. നവാലെ, എൻ. ഷിൻഡേ എന്നീ റസ്‌ലർമാരും ഉൾപ്പെട്ട ടീമിൽ ഒളിംപിക്സിൽ ഇന്ത്യൻ പതാകയേന്തിയ ആദ്യ താരമായി മാറിയതു പൂർമ ബാനർജിയാണ്. 

 

  • 1924 - ആദ്യ മലയാളി ഒളിംപ്യൻ

അത്‌ലറ്റിക്സിലും ടെന്നിസിലും പങ്കെടുത്ത ടീമാണ് 1924 ലെ പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. 110 മീറ്റർ ഹർഡിൽസിൽ പങ്കെടുത്ത കണ്ണൂർ സ്വദേശി സി.കെ. ലക്ഷ്മണൻ ഒളിംപിക്സിൽ മത്സരിച്ച ആദ്യ മലയാളിയെന്ന ഖ്യാതി സ്വന്തമാക്കി. ഇന്ത്യയെ പ്രതിനിധാനം ചെയ്തൊരു വനിത ആദ്യമായി ഒളിംപിക്സിൽ പങ്കെടുത്തതും ഈ മേളയിലായിരുന്നു. സിംഗിൾസിലും മിക്സ്ഡ് ഡബിൾസിലും പങ്കെടുത്ത ടെന്നിസ് താരം നോറ മാർഗരറ്റ് പോളിയാണ് ആ വനിത. 

 

  • 1928 - ഹോക്കിയിലെ സ്വർണത്തിളക്കം

ആംസ്റ്റർഡാം വേദിയായ 1928 ലെ ഒളിംപിക്സിലാണ് ഇന്ത്യ ആദ്യമായി ഹോക്കിയിൽ മത്സരത്തിനിറങ്ങിയത്. കളിച്ച 5 മത്സരങ്ങളും ജയിച്ച ഇന്ത്യൻ ടീം ആദ്യത്തെ ഒളിംപിക് സ്വർണവും സ്വന്തമാക്കി. 29 ഗോളുകൾ നേടിയ ഇന്ത്യയ്ക്കെതിരെ എതിരാളികൾക്ക് ഒരു ഗോൾ പോലും നേടാനായില്ല. ജയ്പാൽ സിങ് ആയിരുന്നു ടീം ക്യാപ്റ്റൻ. ഇതിഹാസതാരം ധ്യാൻചന്ദ് 14 ഗോളുകൾ നേടി. ഫൈനലിൽ 3–0 നു നെതർലൻഡ്സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ചരിത്രനേട്ടം കുറിച്ചത്. 

 

  • 1948 - സ്വതന്ത്ര ഇന്ത്യ ഒളിംപിക്സിൽ

സ്വതന്ത്രമായതിനു ശേഷം ഇന്ത്യ പങ്കെടുത്ത ആദ്യ ഒളിംപിക്സിനു വേദി ഒരുങ്ങിയതു ലണ്ടനിലാണ്. 1948 ലെ ഈ മേളയിലാണ് ഇന്ത്യൻ ഫുട്ബോൾ ടീം ആദ്യമായി ഒളിംപിക്സിന്റെ ഭാഗമായത്. ഫുട്ബോൾ ടീം നായകനായിരുന്ന ഡോ. ടാലിമാരൻ ഔവാണ് ആദ്യമായി സ്വതന്ത്ര ഇന്ത്യയുടെ പതാക ഒളിംപിക്സ് മാർച്ച് പാസ്റ്റിലേന്തിയത്. ഫ്രാൻസിനെതിരെ ഗോൾ നേടിയ ശാരംങ്ഗപാണി രാമനിലൂടെ ഒളിംപിക് ഫുട്ബോളിൽ ഗോൾ നേട്ടവും ഇന്ത്യ കൈവരിച്ചു. ഹോക്കിയിൽ ഒരു സ്വർണമായിരുന്നു ലണ്ടൻ ഒളിംപിക്സിലെ ഇന്ത്യൻ സമ്പാദ്യം. 

 

  • 1952 - ആദ്യ വ്യക്തിഗത മെഡൽ

1952– ൽ ഹെൽസിങ്കി വേദിയായ മേളയിലാണു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വ്യക്തിഗത ഒളിംപിക് മെഡൽ പിറന്നത്. ബാന്റം വെയ്റ്റ് ഗുസ്തിയിൽ വെങ്കലം നേടിയ കെ.ഡി. ജാദവിന്റെ പേരിലാണ് ഈ നേട്ടം. ‘പോക്കറ്റ് ഡൈനാമോ’ എന്ന പേരിലറിയപ്പെട്ട ഖശബ ദാദാ സഹേബ് ജാദവ് 1926 ൽ മഹാരാഷ്ട്രയിലെ കരാഡിലാണു ജനിച്ചത്. ജാദവിന്റെ വെങ്കലത്തിനൊപ്പം ഹോക്കി സ്വര്‍ണവും ഇന്ത്യ ഹെൽസിങ്കിയിൽ നേടി. ഒളിംപിക്സില്‍ മത്സരിച്ച ആദ്യ ഇന്ത്യക്കാരി എന്ന ഖ്യാതിയുടെ നീലിമ ഘോഷും സ്വന്തമാക്കി. മേരി ഡിസൂസയും ഇതേ ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ താരമാണ്.  

 

  • 1996 - ഇടവേളയ്ക്കു വിരാമം

1952 ൽ കെ. ഡി. ജാദവിനു ലഭിച്ച മെഡലിനു ശേഷം ഇന്ത്യയിലേക്കൊരു വ്യക്തിഗത ഒളിംപിക് മെഡൽ വരാൻ 44 വർഷം കാത്തിരിക്കേണ്ടി വന്നു. 1996 അറ്റ്ലാന്റ ഒളിംപിക്സിൽ ടെന്നിസ് താരം ലിയാൻഡർ പെയ്സാണു വെങ്കല മെഡൽ സ്വന്തമാക്കി ഇടവേള അവസാനിപ്പിച്ചത്. സെമി ഫൈനലിൽ ആന്ദ്രെ അഗാസിയോടു പരാജയപ്പെട്ട പെയ്സ് ബ്രസീലിന്റെ ഫെർണാണ്ടോ മെലിജനിയെ പരാജയപ്പെടുത്തിയാണ് വെങ്കലം നേടിയത്. 1992 ൽ ബാർസിലോന ഒളിംപിക്സിൽ അരങ്ങേറിയ പെയ്സ് 2016 റിയോ ഒളിംപിക്സ് വരെ രംഗത്തുണ്ടായിരുന്നു. 7 ഒളിംപിക്സുകളിൽ പങ്കെടുത്ത ഏക ഇന്ത്യൻ കായിക താരമാണ് പെയ്സ്. 

 

  • 2000 - ആദ്യ വനിതാ മെഡൽ

സിഡ്നി ഒളിംപിക്സിൽ 2000 സെപ്റ്റംബർ 19 നാണ് ഒരു ഇന്ത്യൻ വനിത ആദ്യമായി ഒളിംപിക് മെഡലിൽ മുത്തമിട്ടത്. 69 കിലോ ഭാരോദ്വഹനത്തിൽ 240 കിലോഗ്രാം ഭാരമുയർത്തി വെങ്കലം നേടിയ കർണം മല്ലേശ്വരിയാണ് ആ ചരിത്രനേട്ടത്തിന്റെ അവകാശി. സിഡ്നി ഒളിംപിക്സിലെ ഇന്ത്യയുടെ ഏക മെഡല്‍ നേട്ടവും കർണം മല്ലേശ്വരിയുടേതായിരുന്നു. 

 

  • 2004 - ഷൂട്ടിങ്ങിലെ വെള്ളിത്തിളക്കം

2004 ലെ ആതൻസ് ഒളിംപിക്സ് ഷൂട്ടിങ്ങിൽ രാജ്യവർധൻ സിങ് റാത്തോഡാണ് ഇന്ത്യയ്ക്കു വേണ്ടി ഒളിംപിക്സിലെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിലെ ഡബിള്‍ ട്രാപ്പ് ഇനത്തിൽ 200 ൽ 179 പോയിന്റ് നേടിയാണു റാത്തോഡ് രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ കരസേനയിലെ ഓഫിസറായിരുന്ന റാത്തോഡ് പിന്നീട് ലോക്സഭാംഗമാവുകയും ഇന്ത്യയുടെ കായിക മന്ത്രി പദം അലങ്കരിക്കുകയും ചെയ്തു. 

 

  • 2008 - വ്യക്തിഗത സ്വർണപ്പിറവി

ആധുനിക ഒളിംപിക്സ് പിറവി കൊണ്ട് 112 വർഷങ്ങൾക്കിപ്പുറം 2008 ലാണ് ഇന്ത്യ ആദ്യ വ്യക്തിഗത സ്വര്‍ണം ചൂടിയത്. ബെയ്ജിങ് ഒളിംപിക്സിൽ 2008 ഓഗസ്റ്റ് 11 നു പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ അഭിനവ് ബിന്ദ്രയാണ് സുവർണ നേട്ടം കുറിച്ചത്. ബെയ്ജിങ് ഒളിംപിക്സിൽ ബോക്സിങ് താരം വിജേന്ദർ സിങ്ങും ഗുസ്തി താരം സുശീൽ കുമാറും രാജ്യത്തിനു വെങ്കല മെഡലുകൾ സമ്മാനിച്ചു. 

 

  • 2012 - ഇരട്ട മെഡൽക്കൊയ്ത്ത്

ലണ്ടൻ വേദിയൊരുക്കിയ 2012 ഒളിംപിക്സിൽ വെള്ളി മെഡല്‍ നേടിയ ഗുസ്തി താരം സുശീൽ കുമാർ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഇരട്ട ഒളിംപിക് വ്യക്തിഗത മെഡലുകൾ നേടുന്ന ആദ്യ കായിക താരമായി മാറി. ഷൂട്ടിങ്ങിൽ വിജയ് കുമാർ (വെള്ളി) ഗഗൻ നാരംഗ് (വെങ്കലം) എന്നിവരും ബാഡ്മിന്റനിൽ സൈന നേവാളും (വെങ്കലം) ബോക്സിങ്ങിൽ എം. സി. മേരികോം (വെങ്കലം) ഗുസ്തിയിൽ യോഗേശ്വർ ദത്ത് (വെങ്കലം) എന്നിവരും ലണ്ടൻ ഒളിംപിക്സിൽ ഇന്ത്യയ്ക്കായി മെഡലുകൾ നേടി. 

 

  • 2016 - വനിതാ വെള്ളിത്തിളക്കം

2016 ലെ റിയോ ഡി ജനീറോ ഒളിംപിക്സിൽ ഇന്ത്യയ്ക്കു ലഭിച്ച 2 മെഡലുകളും നേടിയതു വനിതകളായിരുന്നു. ബാഡ്മിന്റനിൽ പി.വി. സിന്ധുവിന്റെ വെള്ളി മെഡൽ നേട്ടം ഒരു ഇന്ത്യൻ വനിതയുടെ ആദ്യ ഒളിംപിക്സ് വെള്ളി മെഡൽ നേട്ടമാണ്. ഇതേ ഒളിംപിക്സിൽ ഗുസ്തിയിൽ സാക്ഷി മാലിക്കും വെങ്കല മെഡൽ നേടി. ഒളിംപിക് ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ഖ്യാതിയും സാക്ഷി മാലിക് സ്വന്തമാക്കി. 

 

  • 2021 - ചരിത്രമെഴുതി അത്‍ലറ്റിക്സ്

ഇന്ത്യയ്ക്ക് ഏറ്റവും വലിയ മെഡല്‍ നേട്ടവും പ്രഥമ അത്‌ലറ്റിക്സ് സ്വർണവും നീണ്ട ഇടവേളയ്ക്കു ശേഷമൊരു ഹോക്കി മെഡലും സമ്മാനിച്ചാണു 2020 ലെ ടോക്യോ ഒളിംപിക്സിനു കൊടിയിറങ്ങിയത്. ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ സ്വർണ മെ‍ഡൽ ഒളിംപിക് അത്‌ലറ്റിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ സുവർണനേട്ടമായി. ബാഡ്മിന്റനിൽ വെങ്കലം നേടിയ പി.വി. സിന്ധു ഒളിംപിക്സിൽ വ്യക്തിഗത ഇരട്ട മെഡൽ എന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി. ഭാരോദ്വഹനത്തിൽ മീരാബായ് ചാനുവും രവികുമാർ ദഹിയയും വെള്ളി മെഡൽ നേടിയപ്പോൾ ലവ്‌ലീന ബൊർഗൊഹെയ്നും ബജ്റംഗ് പുനിയയും വെങ്കല െമഡൽ സ്വന്തമാക്കി. 1980 നു ശേഷം 41 വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യ ഒളിംപിക് ഹോക്കിയിൽ ഒരു മെഡൽ നേടുന്നത്. മലയാളി ഗോൾ കീപ്പർ പി. ആർ. ശ്രീജേഷും ഉൾപ്പെടുന്നതാണു ടോക്യോ േമളയിൽ വെങ്കലം നേടിയ ഹോക്കി ടീം.  

Content Summary : Exam guide gk series India in olympics history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com