എല്ലാവരും പോകുന്നിടത്തേക്കല്ല, പുതിയ രാജ്യങ്ങളിൽ എക്സ്പ്ലോർ ചെയ്യാനാണ് യുവതലമുറയ്ക്ക് താൽപര്യം
Mail This Article
20 വർഷം മുൻപ് വരെ ഭൂരിപക്ഷം വിദ്യാർഥികളും നഴ്സിങ് പഠിക്കാനും അതിനോടനുബന്ധിച്ച് ജോലി ചെയ്യാനുമാണ്കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിക്കൊണ്ടിരുന്നത്. വിരൽത്തുമ്പിൽ ഏതു വിവരവും കിട്ടുന്ന പുതിയ കാലത്തെ കുട്ടികളും അവരുടെ രക്ഷിതാക്കളും വിദേശപഠനം കൂടുതലായി സ്വപ്നം കണ്ടു തുടങ്ങി. ഒന്നു മനസ്സു വച്ചാൽ ഏതു സാധാരക്കാരനും വിദേശ പഠനം സാധ്യമാകുമെന്ന് അവർ മനസ്സിലാക്കി. സാങ്കേതിക വിദ്യ വളർന്നതോടെ വീടിനുള്ളിലിരുന്ന് ഓൺലൈൻ ക്ലാസുകളിലൂടെയും വെബിനാറുകളിലൂടെയും സൂം മീറ്റിങ്ങിലൂടെയും വിദേശപഠനത്തിന്റെ സാധ്യതകളെപ്പറ്റി അവർ കൂടുതൽ മനസ്സിലാക്കി. കോവിഡ് കാലമാണ് ഇതിന് ഏറെ അവസരമൊരുക്കിയത്.
ഇന്ന് ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിക്കു പോലും വിദേശ രാജ്യങ്ങളെക്കുറിച്ചും വിദേശ രാജ്യങ്ങളിലുള്ള പഠനാവസരങ്ങളെക്കുറിച്ചും വ്യക്തമായ ബോധ്യമുണ്ട്. അതിന് കാരണം വിദേശ പഠനത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും ലഭിക്കുന്ന അറിവുകളാണ്.
വിദേശ പഠനത്തിനായി മുൻതലമുറ തിരഞ്ഞെടുത്ത രാജ്യങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ പുതിയ തലമുറയിലെ കുട്ടികൾക്ക് തെല്ലും താൽപര്യമില്ല. പരമ്പരാഗതമായി കുടിയേറുന്ന രാജ്യങ്ങൾക്കപ്പുറം മറ്റു രാജ്യങ്ങളിലേക്ക് അവസരങ്ങൾ തേടിച്ചെല്ലാനും ഉന്നത വിദ്യാഭ്യാസം നേടാനും കരിയർ കണ്ടെത്താനും ശ്രമിക്കുന്ന പുതുതലമുറയാണ് ഇപ്പോഴുള്ളത്. പരമ്പരാഗത സങ്കൽപ്പങ്ങളെ കാറ്റിൽപ്പറത്തി പുതിയ മേച്ചിൽപ്പുറങ്ങൾ തേടാൻ ഒരുങ്ങുന്ന പുതിയ പ്രവണതയാണ് ഈ തലമുറയിലെ കുട്ടികളിൽ ഞങ്ങൾ കാണുന്നത്.