വിദേശപഠനം: ബജറ്റിലൊതുങ്ങുന്ന രാജ്യം തിരഞ്ഞെടുക്കാം, നേടാം സ്കോളർഷിപ്പ്
Mail This Article
വിദേശവിദ്യാഭ്യാസം മോഹിക്കുന്ന ചിലരെയെങ്കിലും പിന്തിരിപ്പിക്കുന്നത് ഭാരിച്ച ചെലവുകളാണ്. ഇന്ത്യൻ വിദ്യാർഥികൾ പഠിക്കാനായി പോകുന്ന പല രാജ്യങ്ങളിലും ജീവിതച്ചെലവ് വളരെ കൂടുതലാണ്. നാട്ടിലെ വരുമാനത്തിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് മാതാപിതാക്കൾക്ക് പലപ്പോഴും വിദേശത്തെ ചെലവുകൾ താങ്ങാൻ കഴിയാതെ പോകുന്നു. മുൻപ് മിടുക്കരായ മിഡിൽ ക്ലാസ് വിദ്യാർഥികളുടെ രക്ഷയ്ക്കെത്തിയിരുന്നത് സ്കോളർഷിപ്പുകൾ മാത്രമായിരുന്നെങ്കിൽ, ഇന്ന് വിവിധ വായ്പകളും കൂട്ടിനുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൃത്യമായ ആസൂത്രണമുണ്ടെങ്കിലേ വിദേശത്തെ പഠനം വിജയകരമാക്കാനാകൂ.
ബജറ്റിലൊതുങ്ങുന്ന രാജ്യം മതി
ഇന്നു പല ഏജൻസികളും വിദ്യാർഥിയുടെ കുടുംബത്തിന്റെ സാമ്പത്തിക നിലയും ആവശ്യങ്ങളും മനസ്സിലാക്കിയാണ് പഠനത്തിന് അനുയോജ്യമായ രാജ്യവും സർവകാലാശാലയും തിരഞ്ഞെടുക്കുന്നത്. ഓരോ രാജ്യങ്ങളിലും ജീവിതച്ചെലവും ട്യൂഷൻ ഫീസും വ്യത്യസ്തമാണ്. അമേരിക്കയിൽ ജീവിക്കാനാവശ്യമായ തുകയല്ല ജർമനിയിലോ ന്യൂസീലൻഡിലോ വേണ്ടി വരിക. ജർമനിയിലെ പബ്ലിക് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീ നൽകേണ്ടതേയില്ല. ഒരേ രാജ്യത്തു തന്നെ വിവിധ പട്ടണങ്ങളിൽ ചെലവുകൾ വ്യത്യസ്തമായിരിക്കും. സർവകലാശാലകൾ തമ്മിലും ഫീസിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടാകും. പബ്ലിക് യൂണിവേഴ്സിറ്റികളും പ്രൈവറ്റ് യൂണിവേഴ്സിറ്റികളും ചെലവിന്റെ കാര്യത്തിൽ രണ്ടു തട്ടിലാണ്. പഠിക്കുന്ന കോഴ്സിനനുസരിച്ചും ചെലവുകൾ മാറും. ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം സൗജന്യമാണെന്നറിഞ്ഞ് അവിടെ പോയി പഠിക്കുന്നതിനു ചെലവൊന്നുമില്ലെന്ന തെറ്റിധാരണ വേണ്ട. യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കു പുറമെ മെഡിക്കൽ ഇൻഷുറൻസ്, ലയബിലിറ്റി ഇൻഷുറൻസ് എന്നു തുടങ്ങി അനവധി ചെലവുകളുണ്ട്.
നേടിയെടുക്കാം സ്കോളർഷിപ്പ്
സർവകലാശാലകൾ കുട്ടികൾക്ക് ധനസഹായം നൽകാൻ തീരുമാനിക്കുന്നത് പല കാര്യങ്ങൾ വിലയിരുത്തിയതിനു ശേഷമാണ്. ആദ്യത്തേത് പഠനമികവാണ്. മാർക്ക്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ ലഭിക്കാറുണ്ട്. സാമ്പത്തികനിലയനുസരിച്ച് പിന്തുണയും ലഭ്യമാക്കാറുണ്ട്. വികസിത രാജ്യങ്ങളിലെ സർവകലാശാലകളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകാൻ പ്രത്യേക പദ്ധതികളുണ്ട്. ഓരോ വികസിത രാജ്യത്തിനും ഏതെങ്കിലും വിധത്തിൽ പ്രത്യേക താൽപര്യങ്ങളുള്ള രാജ്യങ്ങളുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കായി പ്രത്യേക ധനസഹായം ലഭ്യമാക്കാറുമുണ്ട്. സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ തുടങ്ങി മറ്റു ന്യൂനപക്ഷങ്ങൾക്കും പ്രത്യേക പരിഗണനകൾ ലഭ്യമാകും.
സർവകലാശാലകൾ നൽകുന്ന സ്കോളർഷിപ്പിനു പുറമെ ഗവൺമെന്റ് ഏജൻസികളും ട്രസ്റ്റുകളും നൽകുന്ന സ്കോളർഷിപ്പുമുണ്ട്. കോളജ് ഫീസ് മാത്രമല്ല, യാത്രാ ചെലവുൾപ്പെടെ വഹിക്കുന്ന സ്കോളർഷിപ്പ്. കുടുംബത്തെ കൂടെക്കൂട്ടാൻ അലവൻസ് നൽകുന്ന സ്കോളർഷിപ്പ് എന്നിവയിൽ കർശന വ്യവസ്ഥകളും ഉണ്ടായേക്കാം. സ്കോളർഷിപ്പുകൾ നേടാൻ വിദ്യാർഥികളുടെ കംപിറ്റൻസി പ്രധാന ഘടകമാണ്. GRE പോലെയുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളുടെ സ്കോർ, ഭാഷാപ്രാവീണ്യം തെളിയിക്കുന്ന ടെസ്റ്റുകളുടെ സ്കോർ, ഒഫീഷ്യൽ ട്രാൻസ്ക്രിപ്റ്റുകൾ, തൊഴിൽ പരിചയ തെളിയിക്കുന്ന സാക്ഷ്യചിത്രം, റഫറൻസ് ലെറ്റർ, മോട്ടിവേഷൻ ലെറ്റർ തുടങ്ങി നിരവധി അനുബന്ധ രേഖകൾ വേണ്ടി വരും. ഓൺലൈനായോ നേരിട്ടോ അഭിമുഖവും ഉണ്ടാകും. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്. സ്കോളർഷിപ്പിനു പുറമെ ഫെല്ലോഷിപ്, അസിസ്റ്റന്റ്ഷിപ് എന്നിവയുമുണ്ട്.