വിദേശ പഠനത്തിനും വിദ്യാഭ്യാസ ലോൺ; എളുപ്പത്തിൽ ലഭിക്കുമോ?
Mail This Article
വിദേശത്ത് പഠിക്കുകയെന്നത് ഏതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. അഭിരുചിയ്ക്കൊപ്പം ഒരോ വിദ്യാർഥിയുടെയും സാമ്പത്തിക സ്ഥിതിയും അനുസരിച്ചേ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കൂ. ഒരായുസ്സിലെ സമ്പാദ്യം മുഴുവൻ ചെലവഴിച്ചു മക്കളെ പഠിക്കാൻ വിടുകയെന്നതും അത്ര പ്രായോഗികമല്ല. അപ്പോഴാണ് പലരും വിദ്യാഭ്യാസ വായ്പയെക്കുറിച്ച് ചിന്തിക്കുന്നത്. വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ അറിയണം.
വായ്പ എടുക്കുമ്പോൾ
സർക്കാരിന്റെ ജൻസമർഥ് പോർട്ടൽ വഴിയാണ് വിദ്യാഭ്യാസ ലോണിന് അപേക്ഷിക്കേണ്ടത്. ബാങ്കും ബ്രാഞ്ചും തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ പോർട്ടലിലുണ്ട്. കോഴ്സിന്റെ ഫീസ് ഘടന, കോഴ്സും കോളജും അംഗീകാരമുള്ളതാണെന്നു വ്യക്തമാക്കുന്ന സർവകലാശാലയുടെയോ കൗൺസിലുകളുടെയോ അപ്രൂവൽ ലെറ്റർ, അഡ്മിഷൻ ലെറ്റർ, മാർക്ക് ലിസ്റ്റ് എന്നീ രേഖകൾ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബാങ്കിൽ നൽകണം.
ബാങ്ക് നൽകുന്ന വിവിധ വായ്പകളിൽ മുൻഗണനാ പരിധിയിൽ വരുന്നതാണ് വിദ്യാഭ്യാസ വായ്പകൾ. പഠനചെലവിനാവശ്യമായ തുക മാത്രമാണ് വായ്പയായി ലഭിക്കുക. നാലു ലക്ഷം വരെയുള്ള ലോണുകൾക്ക് ഈടു നൽകേണ്ടതില്ല. അതിനു മുകളിലുള്ളവയ്ക്ക് വ്യക്തിഗത ജാമ്യം. ചുറ്റുമതിലുള്ള കാർഷികേതര ഭൂമി, ഫ്ലാറ്റ്, ഫിക്സഡ് ഡിപോസിറ്റ്, ലൈഫ് ഇൻഷുറൻസ് പോളിസികൾ എന്നിവയെല്ലാം ഈടായി നൽകാം. സ്കോളർഷിപ്പുള്ള വിദ്യാർഥികൾക്ക് അതൊഴികെയുള്ള തുകയാണ് വായ്പയായി ലഭിക്കുക. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാനയത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് ഉപാധികൾ മാറും. തിരിച്ചടവിന് 10 മുതൽ 15 വർഷം വരെയാണു കാലാവധി. കോഴ്സിന്റെ കാലാവധി പൂർത്തിയായി ഒരു വർഷം കഴിയുമ്പോൾ ജോലി കിട്ടിയാലും ഇല്ലെങ്കിലും തിരിച്ചടവു തുടങ്ങണം. തിരിച്ചടയ്ക്കുന്ന പലിശയ്ക്ക് ആദായനികുതി ഇളവും ലഭിക്കും.
പാർട് ടൈം ജോലിയും ഇൻഷുറൻസും
പഠനത്തോടൊപ്പവും അവധി ദിവസങ്ങളിലും വിദ്യാർഥികൾ സർവകലാശാലയ്ക്കുള്ളിലും പുറത്തുമായി വരുമാന മാർഗങ്ങൾ കണ്ടെത്താറുണ്ട്. പഠനകാലത്ത് ജോലി ചെയ്തു വരുമാനം നേടുന്നത് വിദ്യാർഥികളിൽ ഉത്തരവാദിത്തവും കാര്യശേഷിയും വർധിപ്പിക്കും. വിദേശവിദ്യാഭ്യാസ ഏജൻസികളും ഇതിനു സഹായം നൽകാറുണ്ട്. ചെലവുകൾക്ക് ആവശ്യമായ തുകയുടെ ഒരുഭാഗം ഇങ്ങനെ നേടാം. വലിയ സമ്പാദ്യം നേടിയെടുക്കാനുള്ള അവസരമല്ല ഇത്. വിദ്യാർഥികൾക്ക് എത്ര സമയം ജോലി ചെയ്യാം. എന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. പാർട് ടൈം ജോലികളിൽ അമിതമായി ഏർപ്പെട്ടാൽ പഠനനിലവാരം മോശമാകാതെയിരിക്കാനാണ് ഇത്തരം നിയന്ത്രണങ്ങൾ. അപ്രതീക്ഷിത ചെലവുകൾ മറികടക്കാൻ നിരവധി ഇൻഷുറൻസുകളും സഹായിക്കും. വിദേശ രാജ്യങ്ങളിൽ ലൈഫ് ഇൻഷുറൻസ് മാത്രമല്ല ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, നിയമച്ചെലവുകൾക്കായുള്ള ഇൻഷുറൻസ് എന്നിങ്ങനെ അനേകം പരിരക്ഷകളുണ്ട്.