സാഗ്ന, അനുജ: ബിഗ് സല്യൂട്ട്, ഇവർ കലോൽസവ വേദിയിലെ ഗ്രീൻ ഹീറോസ്
Mail This Article
കലോൽസവങ്ങൾ യൗവനത്തിന്റെ ആഘോഷമാകുന്നത് അതിന്റെ നിറപ്പകിട്ടോ ഉൽസവച്ഛായയോ കൊണ്ടു മാത്രമാണോ? അല്ല എന്നതിനു നേർസാക്ഷ്യങ്ങളുമുണ്ട് കോട്ടയത്ത് എംജി സർവകലാശാലാ കലോൽസവ നഗരിയിൽ.
തിങ്കളാഴ്ച, കലോൽസവത്തിനു കൊടിയേറിയ ശേഷം രാത്രി 10 മണിക്ക് ബസേലിയസ് കോളജിൽ കഥകളിമൽസരം നടക്കുകയാണ്. ചൂടിനു കടുപ്പം കുറവില്ലാത്തതു കൊണ്ട്, കലോൽസവത്തിൽ പങ്കെടുക്കുന്നവർക്കും കലാസ്വാദകർക്കും ദാഹമകറ്റാനായി വെള്ളം നിറച്ച കുപ്പികൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു. മിക്കവരും അതു വാങ്ങിക്കുടിക്കുന്നുമുണ്ട്. പക്ഷേ വെള്ളം കുടിച്ച ശേഷം കുപ്പികൾ അവിടെത്തന്നെ ഉപേക്ഷിച്ച് നടന്നു പോകുകയായിരുന്നു പലരും. അപ്പോഴാണ് രണ്ടു പെൺകുട്ടികൾ അങ്ങോട്ടെത്തിയത്. വേദികളിൽ ചുറ്റിക്കറങ്ങുന്ന കുട്ടികളാണെന്ന് ആദ്യം കരുതിയങ്കിലും അവർ നിലത്തുകിടന്ന പ്ലാസ്റ്റിക് കുപ്പികൾ പെറുക്കിത്തുടങ്ങിയപ്പോൾ ശ്രദ്ധിച്ചു. കാലിക്കുപ്പികളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും അവിടെനിന്ന് എടുത്തുമാറ്റി വൃത്തിയാക്കുകയാണ് അവർ. അടുത്തുചെന്ന് സംസാരിച്ചു. എറണാകുളം സെന്റ് തെരേസാസ് കോളജിലെ കുട്ടികളാണ്; സാഗ്നയും അനുജയും. പൊതുവിടങ്ങൾ വൃത്തിയാക്കേണ്ടത് നമ്മുടെയെല്ലാം ഉത്തരവാദിത്തമല്ലേ എന്നായിരുന്നു അവരുടെ പ്രതികരണം. വൃത്തിയാക്കിയ ശേഷം അവർ വീണ്ടും കലോൽസവത്തിരക്കിലേക്കു നടന്നുപോയി. പുതിയ കാലത്തെ കുട്ടികളുടെ സാമൂഹികബോധത്തിൽനിന്നു നമ്മളും പഠിക്കേണ്ടതല്ലേ?