സഹാറ മരുഭൂമിയിൽ പെരുമഴ, വെള്ളക്കെട്ട്; വരണ്ടുണങ്ങിയ തടാകം നിറഞ്ഞു: അത്യപൂർവ കാഴ്ച!
Mail This Article
കഴിഞ്ഞ രണ്ടുദിവസമായി തെക്കുകിഴക്കൻ മൊറോക്കോയിൽ കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സഹാറ മരുഭൂമിയിൽ വെള്ളം ഉയർന്നു. 50 വർഷത്തോളമായി വറ്റിവരണ്ടു കിടന്ന ഇറിക്വി എന്ന തടാകം ഇപ്പോൾ നിറഞ്ഞ അവസ്ഥയിലാണ്.
സെപ്റ്റംബറിലുണ്ടായ കനത്ത മഴയിൽ മൊറോക്കോയിൽ കനത്തനാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 പേരാണ് വെള്ളപ്പൊക്കത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ വർഷം നടന്ന ഭൂകമ്പത്തിൽ നിന്നും കരകയറുന്നതിനിടെയാണ് മറ്റൊരു പ്രകൃതിദുരന്തം കൂടി മൊറോക്കോയെ തേടിയെത്തിയത്. കഴിഞ്ഞ 50 വർഷത്തിനിടെ കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ ലഭിച്ചത് ഇപ്പോഴാണെന്ന് മൊറോക്കോ കാലാവസ്ഥാ ഏജൻസി ഉദ്യോഗസ്ഥനായ ഹുസൈൻ യൂബെബ് മാധ്യമങ്ങളോട് വ്യക്തമാക്കി. സെപ്റ്റംബറിൽ, മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റിൽ 450 കി.മീ അകലെയായുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിൽ 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി കാലാവസ്ഥാ വിഭാഗം പറയുന്നു.
ആഗോളതാപനം കാരണം വലിയതോതിൽ കാലാവസ്ഥാ വ്യതിയാന ഭീഷണിയിലാണ് ആഫ്രിക്കയിലെ സഹാറ മരുഭൂമി. ഇവിടത്തെ വായു കൂടുതൽ ഈർപ്പമുള്ളതാകുന്നുണ്ട്. ഇത് ഉയർന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്ന് റിപ്പോർട്ടുകളുണ്ട്. ദിവസങ്ങൾക്ക് മുൻപ് ആഫ്രിക്കയിലെ മറ്റ് ചിലയിടങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായതും ലോകത്തെ ഞെട്ടിച്ചിരുന്നു.