മയിലുകൾ കൂട്ടത്തോടെ കാടിറങ്ങുന്നതിനു പിന്നിൽ?
Mail This Article
പാലക്കാട് കോട്ടായി പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായ ചൂലനൂർ മയിൽ സങ്കേതം വേനൽചൂടിൽ വെന്തുരുകുന്നു. അസഹ്യമായ ചൂടിൽ കാട്ടിലെ ജലസ്രോതസ്സുകൾ വരണ്ടതോടെ മയിലുകൾ കൂട്ടത്തോടെ കാടിറങ്ങുന്നതു പതിവാകുന്നു.
കാലാവസ്ഥാ വ്യതിയാനം മയിലുകളുടെ ആവസവ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു. കുന്നിൻചെരിവുകളും പാറയിടുക്കുകളുമാണ് മയിലുകളുടെ ആശ്രയം. വേനൽ കാലത്ത് പാലക്കാട് ചുരം വഴി വീശിയടിക്കുന്ന ചൂട് കാറ്റ് മയിലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും.
ഇക്കുറി വേനലിന്റെ തുടക്കത്തിൽ തന്നെ 40 ഡിഗ്രി ചൂടാണ്. തെക്കുപടിഞ്ഞാറൻ കാലവർഷവും തുലാവർഷവുമാണ് മയിൽസങ്കേതത്തിൽ മഴയെത്തിക്കുന്നത്. തുലാവർഷം ലഭിക്കാത്തതാണ് മയിൽസങ്കേതത്തിലെ കൊടും വരൾച്ചയുടെ കാരണം. മയിലുകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കാനാണ് ചൂലനൂരിൽ മയിൽ സങ്കേതം സ്ഥാപിച്ചത്. ആർദ്ര ഇലപൊഴിയും വനങ്ങളും പാറയിടുക്കുകളും തുറസായ സ്ഥലങ്ങളും മയിലുകൾക്കു മികച്ച ആവാസ വ്യവസ്ഥ ഒരുക്കുന്നു.
സങ്കേതത്തിന്റെ സാന്നിധ്യം പ്രദേശത്തു പരിസ്ഥിതി സന്തുലിതാവസ്ഥയും മികച്ച കാലാവസ്ഥയും ഉറപ്പാക്കുന്നു. സങ്കേതം വിട്ടിറങ്ങുന്ന മയിലുകൾ മറ്റു ജീവികളിൽ നിന്ന് ആക്രമണം നേരിടുന്നതു വംശനാശത്തിനിടയാക്കുമെന്ന ആശങ്കയുമുണ്ട്.