100 കോടിയോളം വർഷം മറഞ്ഞിരുന്ന ഉൽക്കാ ഗർത്തം ; ഏറ്റവും വലിയ ഉല്‍ക്ക പതിച്ചത്?
Mail This Article
ഏതാണ്ട് 1.2 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബ്രിട്ടിഷ് മേഖലയിലെ ദ്വീപുകളിലൊന്നിലാണ് ഏറ്റവും വലിയ ഉല്‍ക്കാപതനം ഉണ്ടായത്. ഭൂമിയില്‍ പതിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഉല്‍ക്കകളിലൊന്നായിരുന്നു അത്. ഭൂമിയിലെ ഇന്നു കാണുന്ന ജൈവഘടന ഉരുത്തിരിയുന്നതില്‍ നിര്‍ണായകമായിരുന്നു ഈ ഉല്‍ക്കാപതനം. പക്ഷേ ബ്രിട്ടിഷ് മേഖലയില്‍ എവിടെയാണ് ഈ ഉല്‍ക്ക പതിച്ചതെന്ന കാര്യം ഇതുവരെ ഗവേഷകര്‍ക്കു കണ്ടെത്താനായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ നിര്‍ണായകമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
സ്കോട്‌ലന്‍ഡിലെ മിൻഷ് ബേസിനിലാണ് ഈ ഉല്‍ക്ക പതിച്ചപ്പോഴുണ്ടായതെന്നു കരുതുന്ന കൂറ്റന്‍ ഗര്‍ത്തം ഗവേഷകര്‍ കണ്ടെത്തിയത്. മിന്‍ഷ് ബേസിനിലെ എനാര്‍ഡ് തീരത്തു നിന്ന് ഏകദേശം 15-20 കിലോമീറ്റര്‍ അകലെയാണ് ഈ ഗര്‍ത്തം. സ്കോട്‌ലന്‍ഡിനും ഔട്ടര്‍ ഹൈബ്രിഡ്സ് എന്ന ദ്വീപ് മേഖലയ്ക്കും ഇടയിലായി കടലിലാണ് ഈ പ്രദേശം.മണിക്കൂറില്‍ ഏതാണ്ട് 65000 കിലോമീറ്റര്‍ വേഗതയിലാണ് ഈ ഉല്‍ക്ക ഭൂമിയില്‍ പതിച്ചതെന്നാണു കരുതുന്നത്.
ഉല്‍ക്ക പതിച്ച ശേഷം രൂപപ്പെട്ട ഈ സമുദ്രഗർത്തത്തിന് ആ സമയത്ത് 14 കിലോമീറ്റര്‍ ചുറ്റളവും 3 കിലോമീറ്റര്‍ വരെ ആഴവും ഉണ്ടായിരുന്നു എന്നാണ് കണക്കു കൂട്ടുന്നത്. ഊഹിക്കാന്‍ കഴിയുന്നതിലും വലിയ ആഘാതമാണ് ഈ ഉല്‍ക്ക ഉണ്ടാക്കിയതെന്ന് ഓക്സ്ഫര്‍ഡ് സര്‍വകലാശാലയിലെ ജിയോകെമിസ്റ്റ് കെന്‍ അമോര്‍ പറയുന്നു. ഉല്‍ക്കാ പതനത്തിനു ശേഷം വര്‍ഷങ്ങളോളം ഈ മേഖലയില്‍ മേഘങ്ങള്‍ പോലെ, പൊടി കനം കെട്ടിനിന്നു എന്നാണ് കെന്‍ അമേര്‍ വിശദീകരിക്കുന്നത്. ഈ തരത്തിലുള്ള പൊടി മേഘങ്ങള്‍ യൂറോപ്പിന്‍റെയും അറ്റ്ലാന്‍റിക്കിന്‍റെയും ആകാശത്താകെ പടര്‍ന്നുവെന്നും കെന്‍ കണക്കു കൂട്ടുന്നു.
സ്കോട്ടിഷ് ദ്വീപുകളുടെ ഒരു ഭാഗവും ഈ കൂട്ടയിടിയുടെ ഭാഗമായി മുങ്ങിപ്പോയെന്നാണു കണക്കു കൂട്ടുന്നത്. ഇങ്ങനെ മുങ്ങിപ്പോയ പ്രദേശങ്ങളുടെ ബാക്കിയായി ഉയര്‍ന്നു നിന്ന കരഭാഗങ്ങളാണ് ഇത്തരമൊരു ഗര്‍ത്തത്തിന്‍റെ സാന്നിധ്യം ചൂണ്ടിക്കാട്ടിയതും. 2008 ല്‍ ഈ പ്രദേശങ്ങളെക്കുറിച്ച് പഠനം നടത്താന്‍ സ്റ്റാക് ഫാഡാ മെംബര്‍ ഫെഡറേഷന്‍ നടത്തിയ പര്യവേഷണത്തിലാണ് ഗര്‍ത്തം ഈ മേഖലയിലാകാം എന്നു കണക്കു കൂട്ടിയത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഗര്‍ത്തം ഏത് മേഖലയിലാകാമെന്ന് ഇപ്പോള്‍ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
സ്കോട്‌ലന്‍ഡ് ദ്വീപുകളില്‍ ചിലതിന് കടലിനോടു ചേരുന്ന ഭാഗങ്ങളിലുള്ള വിചിത്രമായ ഘടനയാണ് ഇവിടെയാകാം ഉല്‍ക്കാ പതനമുണ്ടായതെന്ന നിഗമനത്തിലേക്കു ഗവേഷകരെയെത്തിച്ചത്. തിരമാലയടിച്ച് ഉണ്ടാകുന്നതല്ല ഈ രൂപങ്ങളെന്നു ഗവേഷകര്‍ക്ക് മനസ്സിലായി. തുടര്‍ന്നാണ് ഉല്‍ക്കാ പതനത്തിന്‍റെ സാധ്യതയെക്കുറിച്ച് ഗവേഷകര്‍ പരിശോധിച്ചതും ഏതാണ്ട് 100 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ബ്രിട്ടിഷ് മേഖലയിലുണ്ടായതായി കണക്കാക്കുന്ന ഉല്‍ക്കാപതനം സംഭവിച്ചത് ഇവിടെയാകാമെന്നു സംശയിച്ചതും.
അതസമയം ഉല്‍ക്ക പതിച്ച സമയത്ത് ഇന്ന് സമുദ്രമേഖലയായ ഈ പ്രദേശങ്ങളെല്ലാം കരയുടെ ഭാഗമായിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു. എങ്കില്‍ മാത്രമെ ഇപ്പോള്‍ ഉല്‍ക്ക പതിച്ചതിനു സമീപത്തിയുള്ള ദ്വീപുകളുടെ തീരങ്ങളിലെ വിചിത്ര രൂപങ്ങള്‍ ഉണ്ടാകൂവെന്നാണ് ഇവര്‍ പറയുന്നത്. ഇതിനിവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത് കരയില്‍ ഉല്‍ക്കാ പതനമുണ്ടായ ശേഷം രൂപപ്പെട്ട പുരാതന ശിലാരൂപങ്ങളും ചൊവ്വ പോലുള്ള അന്യഗ്രങ്ങളിലെ പാറക്കെട്ടുകളുമാണ്.
ഇത്തരം ഉല്‍ക്കാപതനങ്ങള്‍ ഭൂമിയുടെ ആയുസ്സുമായി തട്ടിച്ചു നോക്കിയാല്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഏതാണ്ട് 10 ലക്ഷം വര്‍ഷത്തിലൊരിക്കല്‍ ഇത്തരം ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കാറുണ്ടെന്നാണ് കരുതുന്നത്. ചില സന്ദര്‍ഭങ്ങളില്‍ 1 ലക്ഷം വര്‍ഷങ്ങളുടെ ഇടവേളകളിലും ഇത്തരം ഉല്‍ക്കാ വീഴ്ചകള്‍ സംഭവിക്കാറുണ്ട്. ഭൂമിയിലെ പല ജീവിവര്‍ഗങ്ങളുടെയും നാശത്തിലേക്കും രൂപപ്പെടലിലേക്കും നയിക്കുന്നത് ഇത്തരം ഉല്‍ക്കാ വീഴ്ചകളാണ്. കൂടാതെ ഒരു ഭൂഖണ്ഡത്തിന്‍റെ തന്നെ രൂപവും ജൈവവ്യവസ്ഥയും മാറ്റിമറിക്കാനും ഈ ഉല്‍ക്കാ പതനങ്ങള്‍ക്കു ശേഷിയുണ്ട്.