ADVERTISEMENT

വടക്കന്‍ അറ്റ്ലാന്‍റിക്കിനിടയില്‍ അമേരിക്കയുടെ കിഴക്കന്‍ തീരത്തിനു സമാനമായാണ് ശുദ്ധജലശേഖരമെന്നോ പ്രവാഹമെന്നോ വിളിക്കാവുന്ന പ്രതിഭാസം കണ്ടെത്തിയത്. ഈ ശുദ്ധജല ശേഖരത്തിന്‍റെ സാന്നിധ്യം ഗവേഷകരെ അദ്ഭുതപ്പെടുത്തിയില്ലെങ്കിലും ഇതിന്‍റെ വലുപ്പമാണ് അവരെ അമ്പരപ്പിച്ചത്. 1970 കളിലാണ് ഇത്തരമൊരു സമുദ്രാന്തര്‍ഭാഗത്തെ ശുദ്ധജല തടാകത്തിന്‍റെ സാന്നിധ്യം ഗവേഷകര്‍ മനസ്സിലാക്കിയതെങ്കിലും ഇപ്പോള്‍ മാത്രമാണ് ഈ ശുദ്ധജല തടാകം കണ്ടെത്താനും സ്ഥിതീകരിക്കാനും കഴിഞ്ഞത്.

പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് ഈ ശുദ്ധജല ശേഖരമുള്ളത്. വടക്കു കിഴക്കന്‍ യുഎസിന്‍റെ തീരം മുഴുവന്‍ നീണ്ടു കിടക്കുന്ന രീതിയിലുള്ള വലുപ്പം ഈ ശുദ്ധജല ശേഖരത്തിനുണ്ടെന്നാണു ഗവേഷകര്‍ കണക്കുകൂട്ടുന്നത്. ഈ മേഖലയില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളിലായി സമുദ്രത്തിനടിയില്‍ ശുദ്ധജല ശേഖരമുണ്ടെന്നാണ് കരുതിയതെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഭൗമശാസ്ത്രജ്ഞനായ ക്ലോ ഗസ്റ്റാഫ്സൺ പറഞ്ഞു. 

ഗവേഷണത്തിന്‍റെ  തുടക്കം

ശുദ്ധജലതടാകത്തെക്കുറിച്ചുള്ള 1970 കളിലെ പഠനത്തിന്‍റെ വിശദാംശങ്ങളാണ് ഇതിനെ കണ്ടെത്താനുള്ള ഗവേഷണത്തിലേക്ക് മറ്റു പലരേയും എന്ന പോലെ ക്ലോ ഗസ്റ്റാഫ്സണെയും സംഘത്തെയും നയിച്ചത്. പക്ഷേ ഈ ശുദ്ധജല ശേഖരം കണ്ടെത്താനും അത് സ്ഥിതീകരിക്കാനുമുള്ള നിയോഗം ഗുസ്തേമാന്‍റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ക്കായിരുന്നു എന്നു മാത്രം. 2015 ലാണ് ഇവര്‍ ശുദ്ധജല തടാകത്തെ അന്വേഷിച്ചുള്ള പഠനത്തിനു തുടക്കമിട്ടത്. ന്യൂജേഴ്സിയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മാര്‍ത്താസ് വൈന്‍യാര്‍ഡ് എന്ന ദ്വീപില്‍ നിന്നാണ് ഗവേഷണമാരംഭിച്ചത്.

മാര്‍ക്കസ് ജി ലാങ്സേത്ത് എന്ന കപ്പലിന്‍റെ സഹായത്തോടെയാണ് സംഘം പഠനം നടത്തിയത്. കപ്പലിലെ ഇലക്ട്രോ മാഗ്നറ്റിക് റിസീവറായിരുന്നു പ്രധാന ഉപകരണം. കൂടാതെ കടലിന്‍റെ ആഴത്തില്‍നിന്നുള്ള ഭൗമധാതുക്കള്‍ ശേഖരിച്ച് അവയ്ക്ക് ശുദ്ധജലവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും വിശദമായി നിരീക്ഷിച്ചു. ഈ മേഖലയില്‍ സമുദ്ര പാളിക്ക് താഴെ രണ്ട് ഭൗമപാളികളാണുള്ളത്. അതുകൊണ്ട് തന്നെ ഇവയ്ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാകാം ഈ ശുദ്ധജല ശേഖരമുള്ളതെന്നും ഗവേഷകര്‍ കണക്കു കൂട്ടിയിരുന്നു. 

നാല് വര്‍ഷം നീണ്ട പഠനം

ഈ രീതിയില്‍ പഠനം നാല് വര്‍ഷം പിന്നിട്ടപ്പോഴേക്കും ഈ ശുദ്ധജല തടാകത്തിന്‍റെ രണ്ടറ്റവും തങ്ങള്‍ക്കു കണ്ടെതത്താന്‍ സാധിച്ചുവെന്നാണ് ഗവേഷക സംഘം വിശ്വസിക്കുന്നത്. തെക്ക് ഡലാവെയര്‍ മുതല്‍ വടക്ക് ന്യൂജേഴ്സി വരെ നീളുന്നതാണ് ഇവരുടെ കണക്കു കൂട്ടലില്‍ ഈ തടാകം. ഈ തടാകത്തിന്‍റെ കണ്ടെത്തല്‍ ഭൂമിയില്‍ വൈകാതെ ഉണ്ടായേക്കാവുന്ന ജലക്ഷാമം പരിഹരിക്കാന്‍ സഹായകമാകുമെന്നാണ് ഇവര്‍ പറയുന്നത്. കാരണം സമാനമായ രീതിയിലുള്ള സമുദ്രാന്തര്‍ ശുദ്ധജല തടാകങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വന്‍കരകളോടു ചേര്‍ന്നുണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com