ADVERTISEMENT

ആഴക്കടലിലെ തിളങ്ങുന്ന ശരീരമുള്ള പല ജീവികളും ശാസ്ത്രത്തിന് പരിചിതമാണ്. കിലോമീറ്ററുകള്‍ ആഴത്തിലുള്ള കടല്‍ത്തട്ടില്‍ സൂര്യപ്രകാശത്തിന്‍റെ അഭാവത്തില്‍ ഇത്തരത്തില്‍ തിളങ്ങുന്ന ശരീരം ഈ ജീവികള്‍ക്കെല്ലാം അനിവാര്യമാണ്. എന്നാല്‍ ക്യാറ്റ് ഷാര്‍ക്ക് അഥവാ പൂച്ച സ്രാവുകള്‍ എന്ന ജീവിവര്‍ഗത്തിനുള്ള തിളങ്ങുന്ന ശരീരം മറ്റെല്ലാ ജീവികളില്‍ നിന്നും വ്യത്യസ്തമാണ്. മറ്റ് ജീവികള്‍ക്ക് ശരീരത്തിന് തിളക്കം നല്‍കുന്ന പ്രതിഭാസമല്ല ഈ സ്രാവുകള്‍ക്ക് തിളക്കം നല്‍കുന്നത് എന്നതാണ് ഇതിനു കാരണം.

എന്തിനാണ് ക്യാറ്റ് ഷാര്‍ക്കുകള്‍ക്ക് മാത്രം ഇങ്ങനെ വ്യത്യസ്തമായ തിളക്കമുള്ള ശരീരമെന്ന ചോദ്യത്തിനും ഗവേഷകര്‍ക്ക് വിശദീകരണമുണ്ട്. അടിത്തട്ടിനോടു ചേര്‍ന്നു ജീവിക്കുന്ന മറ്റ് തിളക്കമുള്ള ജീവികളില്‍ നിന്ന് സ്വന്തം കൂട്ടരെ തിരിച്ചറിയുന്നതിനാണ് ഈ തിളക്കത്തിലെ വ്യത്യസ്തത സഹായിക്കുകയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ഈ സ്രാവുകള്‍ക്ക് തിളക്കം നല്‍കുന്ന പ്രതിഭാസത്തിന് പിന്നിലെ നിഗൂഢത പൂര്‍ണമായും ചുരുളഴിഞ്ഞിട്ടില്ലെന്നും ഇതിനെക്കുറിച്ച് പഠനം തുടരുകയാണെന്നും ജൈവ ശാസ്ത്രജ്ഞനായ ഡേവിഡ് ഗ്രൂബര്‍ പറയുന്നു. 

ബയോ ഫ്ലൂറസെന്‍സ്

ആഴക്കടലിലും കരയിലും കാണുന്ന വിവിധ ജീവികളില്‍ തിളക്കമുള്ള ശരീരം ഉണ്ടാകുന്നത് രണ്ട് തരം പ്രതിഭാസങ്ങള്‍ മൂലമാണ്. ഒന്ന് ബയോ ലൂമിനന്‍സും മറ്റൊന്ന് ബയോ ഫ്ലൂറസെന്‍സും. ഇതില്‍ ശരീരത്തില്‍ നിന്ന് സ്വയം ഉൽപാദിപ്പിക്കാന്‍ കഴിയുന്നവയാണ് ബയോ ലൂമിനന്‍സ് ജീവികള്‍. അതേസമയം ബയോ ഫ്ലൂറസന്‍സ് ജീവികള്‍ പ്രകാശം സ്വീകരിച്ച ശേഷം അത് പ്രതിഫലിപ്പിക്കാന്‍ കഴിയുന്നവയാണ്. ഇതില്‍ ബയോ ഫ്ലൂറസെന്‍സ് എന്ന പ്രതിഭാസമാണ് ക്യാറ്റ് ഷാര്‍ക്കുകളെ സ്വയം പ്രകാശിക്കാന്‍ സഹായിക്കുന്നത്.

എന്നാല്‍ ഈ ബയോ ഫ്ലൂറസെന്‍സ് എന്ന പ്രതിഭാസത്തില്‍ തന്നെ ഇതുവരെ കണ്ടെത്തിയ കാരണങ്ങളല്ല ഈ സ്രാവുകളില്‍ പ്രകാശം സൃഷ്ടിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. സാധാരണ ബയോ ഫ്ലൂറസെന്‍സ് ജീവികളില്‍ ഗ്രീന്‍ ഫ്ലൂറസന്‍റ് പ്രോട്ടീന്‍, ഫാറ്റി ആസിഡ് ബൈന്‍ഡിങ് പ്രോട്ടീന്‍ തുടങ്ങിയവയാണ് തിളക്കമുള്ള ശരീരം ലഭ്യമാക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ ക്യാറ്റ് ഷാര്‍ക്കുകളില്‍ ഈ രണ്ട് പ്രോട്ടീനുകളുമല്ല ഇവയുടെ ശരീരത്ത പ്രകാശം ശേഖരിച്ച് പ്രതിഫലിപ്പിക്കാന്‍ സഹായിക്കുന്നത്.

മറ്റൊരു ജീവിയിലും കാണാത്ത രാസപ്രവര്‍ത്തനമാണ് ക്യാറ്റ് ഷാര്‍ക്കുകളില്‍ പ്രകാശം സൃഷ്ടിക്കുന്നത്. ക്യാറ്റ് ഷാര്‍ക്കുകളിലെ തന്നെ ചെയിന്‍ ക്യാറ്റ് ഷാര്‍ക്ക് , സ്വല്‍ ഷാര്‍ക്ക് എന്നിവയിലാണ് ഈ രാസപ്രവര്‍ത്തനം തിളക്കമുള്ള ശരീരം സൃഷ്ടിക്കുന്നത്. പച്ച നിറത്തില്‍ പ്രകാശിയ്ക്കുന്ന ശരീരത്തില്‍ കറുത്ത വരകളോടെയാണ് ഇവയുടെ ശരീരം കാണപ്പെടുന്നത്. ബ്രോമിനേറ്റഡ് ട്രൈറ്റോഫന്‍ ന്യൂറനൈന്‍ മെറ്റാബൊളൈറ്റ്സ് എന്ന രാസവസ്തുക്കളാണ് ഈ രാസപ്രവര്‍ത്തനത്തിന് പിന്നില്‍. 

ഈ രാസവസ്തുക്കള്‍ എല്ലാ ജീവികളിലും കാണപ്പെടുന്നവയാണെങ്കിലും വളരെ കുറഞ്ഞ അളവില്‍ മാത്രമാണിത്. പക്ഷേ ഈ രണ്ടിനം സ്രാവുകളുടെ തൊലിയുടെ അടിയില്‍ തന്നെ ഇവ ധാരാളമായുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവയുടെ ശരീരം രാത്രിയില്‍ പ്രകാശിക്കുന്നതും. പക്ഷേ ഈ തിളക്കം മനുഷ്യര്‍ക്ക് നഗ്നനേത്രം കൊണ്ടു കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഈ സ്രാവുകളുടെ ശരീരം തിളങ്ങുന്നതാണെന്ന് കണ്ടെത്തിയത് 2014 ല്‍ മാത്രമാണ്.

മനുഷ്യര്‍ക്ക് കാണാന്‍ കഴിയില്ലെങ്കിലും മറ്റ് സ്രാവുകള്‍ക്ക് ഈ തിളക്കം തിരിച്ചറിയാന്‍ കഴിയും. ഈ തിളക്കത്തിലൂടെയാണ് കൂട്ടത്തിലുള്ളവരെ മറ്റ് സ്രാവുകള്‍ തിരിച്ചറിയുന്നതും. ഈ തിളക്കം ഈ സ്രാവ് വര്‍ഗത്തിലെ അംഗങ്ങള്‍ തമ്മിലുള്ള രഹസ്യ ഭാഷയാണെന്നു പോലും ഗവേഷര്‍ വിശ്വസിക്കുന്നു. തൊലിയിലുള്ള ഈ മെറ്റാബൊളൈറ്റുകള്‍ സ്രാവുകളെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. ഈ സ്രാവുകളുടെ തൊലി വൃത്തിയായിരിക്കുന്നതും അധിക വളര്‍ച്ച പുറമെ കാണപ്പെടാത്തതുമാണ് ഇതിനുദാഹരണമായി ഗവേഷകര്‍ പറയുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com