മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു പിന്നിൽ മണ്ണിലെ ഊഷ്മാവിന്റെ വ്യതിയാനം!
Mail This Article
പനമരത്ത് പ്രളയ ശേഷം മണ്ണിരകൾ ചത്തൊടുങ്ങുന്നതിന് കാരണം മണ്ണിലുള്ള ഊഷ്മാവിൽ വന്ന വ്യതിയാനം മൂലമാണെന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം (ആർഎആർഎസ്) അസോസിയേറ്റ് ഡയറക്ടർ ഡോ. കെ. അജിത്കുമാർ. മണ്ണിര ചത്തൊടുങ്ങുന്നതിനെക്കുറിച്ചുള്ള മനോരമ വാർത്തയെത്തുടർന്നു നടവയൽ പ്രദേശത്ത് എത്തി പഠനം നടത്തവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മണ്ണിരകൾ ചാകുന്നതിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞു.
മഴക്കാലത്ത് 22 ഡിഗ്രി വരെ താഴ്ന്ന മണ്ണിന്റെ ഊഷ്മാവ് മഴയ്ക്ക് ശേഷം ദിവസത്തിനുള്ളിൽ 10 ഡിഗ്രി കൂടി 32 ഡിഗ്രിയിലെത്തിയതാണ് മണ്ണിര ചാകുന്നതിനു പ്രധാന കാരണം. 10 മുതൽ 30 സെന്റിമീറ്റർ വരെ താഴ്ചയിലാണ് മണ്ണിരകളുടെ വാസം. കനത്ത മഴയിൽ മണ്ണിലെ ജൈവാശം ഒലിച്ച് പോയതിനാൽ ജലാംശം പിടിച്ച് നിർത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞു. ഇതോടെ മണ്ണിന്റെ ചൂട് കൂടി. 15 മുതൽ 28 ഡിഗ്രി ചൂടിൽ വരെയേ മണ്ണിരകൾക്ക് വസിക്കാൻ സാധിക്കുകയുള്ളൂ. ഇതിലേറെ ചൂട് കൂടിയതാണ് മണ്ണിര മണ്ണിൽ നിന്ന് പുറത്ത് വരാനും പുറത്തെ അസഹ്യമായ ചൂടിൽ ചാകാനും പ്രധാന കാരണം.
നടവയൽ പ്രദേശത്ത് മണ്ണിര വ്യാപകമായി ചത്തുവീണ സ്ഥലത്തെ മണ്ണിൽ മണ്ണിര ഒട്ടെറെയുണ്ട്. മണ്ണിരകൾക്ക് വസിക്കാൻ പറ്റിയ തരത്തിലുള്ള ഫലഭൂയിഷ്ടമായ മണ്ണാണ് ഇവിടെയുള്ളത്. എന്നാൽ മണ്ണിരകൾ കൃഷിയിടത്തിൽ നിന്നു കൂട്ടമായി സിമന്റ് റോഡിലും വീട്ടുമുറ്റത്തും എത്തി ചാകുന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ വേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. അഗ്രിക്കൾച്ചറൽ എന്റമോളജി അസിസ്റ്റന്റ് പ്രഫസർ സീന. ആർ. സുഭഹൻ, പ്ലാന്റ് പത്തോളജി അസിസ്റ്റന്റ് പ്രഫസർ ജൂലി എലിസബത്ത്, അഗ്രോണമി അസിസ്റ്റന്റ് പ്രഫസർ ടി. മൂർത്തി എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.