ഇടുക്കി മലനിരകൾ ബാള്‍സത്തിന്റെ പറുദീസ; പാറക്കെട്ടുകള്‍ക്കരികിലും വഴിയോരത്തുമെല്ലാം ബാൾസം പൂക്കാലം
Mail This Article
സഞ്ചാരികളുടെ മനം കവർന്ന് ഇടുക്കിയിൽ ബാൾസം പൂക്കാലം. കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം മുതൽ ഗ്യാപ്പ് റോഡ് വരെയാണ് ഇപ്പോൾ ബാള്‍സം വസന്തമൊരുക്കിയിരിക്കുന്നത്. വിവിധ നിറത്തിലും രൂപത്തിലുമുള്ള ബാള്‍സം പൂക്കള്‍ കാണാന്‍ ഒട്ടേറെ സഞ്ചാരികളുമെത്തുന്നുണ്ട്.
ഇൻപേഷ്യൻസ് വര്‍ഗത്തില്‍പെട്ട 900-ൽ അധികം ബാൾസങ്ങൾ ലോകത്തിലുണ്ട്. അവയിൽ ചിലതുമാത്രമാണ് പൂന്തോട്ടങ്ങളിൽ നട്ടുവളർത്തുന്ന ബാൾസങ്ങൾ . മറ്റുള്ളവയെ കാണണമെങ്കിൽ ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലൂടെ ഒന്ന് യാത്രചെയ്യണം. നീർച്ചാലുകൾ ഒഴുകുന്ന പാറക്കെട്ടുകള്‍ക്കരികിലും, വഴിയോരത്തുമെല്ലാം ബാള്‍സം വസന്തം കാണാം
മണ്ണിൽ ജലാംശവും , തണുപ്പു കൂടിയ അന്തരീക്ഷവും ബാൾസങ്ങൾക്ക് അനുയോജ്യമായ കാലാവസ്ഥയാണ്. ഇവയെല്ലാം ഒത്തിണങ്ങിയ ഇടുക്കിയിലെ മലനിരകൾ ഇവയുടെ പറുദീസയാണ്. പശ്ചിമഘട്ടങ്ങളിൽ മാത്രം കണ്ടു വരുന്നത് 90 ഇനം ബാള്‍സങ്ങളാണ്. ഇടുക്കിയുടെ ഹൈറേഞ്ചിൽ മാത്രം 56 ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ബാള്‍സം ചെടിയുടെ വിത്തുമുളയ്ക്കുന്നത് മുതൽ വളർച്ചയും, പൂവിടലും ,പരാഗണവും ,കായ് പിടുത്തവും ,വിത്തു വിതരണവുമെല്ലാം ഭൂപ്രകൃതിയുടെ സന്തുലനാവസ്ഥ ഉണ്ടെങ്കിലേ സാധ്യമാകൂ. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടംതട്ടിയാല്‍ ഈ ബാൾസങ്ങളുടെ കൂട്ട വംശനാശമായിരിക്കും ഫലം. എന്തായാലും വസന്ത കാലത്തിന്റെ വരവറിയിച്ച് പൂത്ത ബാൾസങ്ങൾ കാണാൻ നിരവധി സഞ്ചാരികളാണ് ഹൈറേഞ്ചിലേക്ക് മല കയറിയെത്തുന്നത്.