ADVERTISEMENT

ലോകത്തിന്റെ ശ്വാസകോശമെന്നു വിശേഷിക്കപ്പെടുന്ന ആമസോൺ മഴക്കാടുകൾ കത്തുമ്പോൾ  മാനവരാശിയുടെ  മുഴുവൻ  നെഞ്ചിൽ തീയായിരുന്നു. 2019 ലെ  ഏറ്റവും വലിയ പാരിസ്ഥിതിക  ദുരന്തമായിരുന്നു ജനുവരി മുതൽ ജൂലൈ വരെ സംഭവിച്ച ആമസോൺ കാടുകളിലെ 74155 എണ്ണമെന്ന് രേഖപ്പെടുത്തിയ കാട്ടുതീ ദുരന്തം. 

തെക്കൻ അമേരിക്കയിലെ ഒമ്പതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ആമസോൺ മഴക്കാടുകൾ. അഞ്ചു മില്യൺ ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള  ഇൗ വനാന്തരങ്ങൾ ആഗോളതാപനം ചെറുക്കാൻ നമ്മെ സഹായിക്കുന്ന വമ്പൻ കാർബൺ ശേഖരണമാണ് നടത്തുന്നത്. ഒപ്പം ലോകം ശ്വസിക്കുന്ന ഒാക്സിജന്റെ 20 ശതമാനവും  ആമസോണിന്റെ വരദാനമാണ്. കൂടാതെ മുപ്പതുലക്ഷത്തിലധികം വരുന്ന സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണിത്. വിസ്തൃതിയിൽ കേരളത്തിന്റെ നൂറ്റമ്പതിനോടടുത്ത്  ഇരട്ടി വരുന്ന  ഇവ ലോകത്തിലെ ഏറ്റവും വലിയ  മഴക്കാടാണ്. നമ്മുടെ പശ്ചിമഘട്ടത്തിന്റെ ഭീമൻ രൂപമെന്നു പറയാം. 

amazon-forest-fire-brazil1

ആമസോൺ മഴക്കാടുകളുടെ 60 ശതമാനവും സ്ഥിതി ചെയ്യുന്നത് ബ്രസീലിലാണ്. ലോകത്തിന്റെ മുഴുവൻ സ്വത്തായ ആമസോണിനെ തീ വിഴുങ്ങിയപ്പോൾ ഏറ്റവും നിരാശാജനകമായ കാഴ്ചയായിരുന്നു ബ്രസീൽ സർക്കാരിന്റെ നിസംഗ നിലപാട്. പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ നിന്നുള്ള അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെ  പിൻമാറ്റത്തിന്റെ യുക്തിപോലെ ബ്രസീലിലെ  സർക്കാരിന് നേതൃത്വം നൽകുന്ന ജയ്ർ ബൊൾസൊനാരോയും “വികസനം  ആദ്യം  പരിസ്ഥിതി പിന്നീട്’എന്ന ആശയക്കാരനാണ്. എന്നാൽ ആ സമയത്ത് ഫ്രാൻസിൽ നടന്ന ജി-7  ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കൾ ഉറച്ച  നിലപാടാണ് കൈക്കൊണ്ടത്. ആമസോണിന്റെ നാശത്തിനെതിരെ കണ്ണടച്ചാൽ  വ്യാപാര ഉപരോധമടക്കം നടപ്പിലാക്കുമെന്ന ഭീഷണിക്കു മുൻപിൽ വഴങ്ങിയാണ് ഒാഗസ്റ്റ് അവസാനം അൻപതിനായിരത്തോളം വരുന്ന പട്ടാളക്കാർ തീയണയ്ക്കാനിറങ്ങിയത്. 

കണ്ണുകെട്ടിയ വികസന പ്രവർത്തനങ്ങൾ, കൃഷിഭൂമി നിർമാണം, ഖനനം എന്നിവയ്ക്കായാണ് ആമസോണിൽ കാടുവെട്ടിത്തെളിക്കൽ അരങ്ങേറുന്നത്. മൂവായിരത്തോളം കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന സാവോ പോളോ നഗരം കാട്ടുതീയിൽ നിന്നുതിർന്ന ചാരവും, പുകയും, പൊടിയും കൊണ്ട് മൂടപ്പെട്ടിരുന്നു. അന്തരീക്ഷത്തിലെ  കാർബൺ ഡൈയോക്സൈഡിന്റെ അളവും ഉയർന്നു. എന്നാൽ പ്രാണവായുവിനേക്കാൾ വമ്പൻ ജലവൈദ്യുത പദ്ധതികൾക്കും പാലം, ഹൈവേ നിർമ്മാണത്തിനും  ഉൗന്നൽ നൽകുന്ന സർക്കാരിന് ഇതൊന്നും ബാധകമായിരുന്നില്ല. പത്തുലക്ഷത്തോളം  ആദിവാസികളാണ്  ആമസോണിലെ താമസക്കാർ. ബ്രസീലിലെ നഗരങ്ങളിലാകട്ടെ ഇരുപതുലക്ഷം പേരും. ഇതിൽ  ആർക്കാണ് കൂടുതൽ പ്രാധാന്യമെന്ന് സർക്കാർ സ്വന്തം പ്രവൃത്തികളിലൂടെ തെളിയിച്ചു കഴിഞ്ഞു.

2018 നെ അപേക്ഷിച്ച്  കാട്ടുതീ സംഭവങ്ങളിൽ 84 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ ഭൂരിപക്ഷവും മനുഷ്യനിർമിതമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലികൾക്കുള്ള മേച്ചിൽ സ്ഥലങ്ങളുടെ വിപുലീകരണം, പാർപ്പിട നഗരവൽക്കരണത്തിനായി ഭൂമി കയ്യേറ്റം, മരം മുറിക്കൽ, എണ്ണപ്പനപോലെ വാണിജ്യ സസ്യങ്ങളുടെ കൃഷി തുടങ്ങിയവയാണ് പ്രധാനമായും വനം കൈയേറാനുള്ള കാരണങ്ങൾ. മറുവശത്ത്  ഒന്നര ജിഗാ ടൺ കാർബൺ ആഗിരണം ചെയ്ത് ലോകത്തെ ആഗോളതാപനത്തിൽ  നിന്നും കാലാവസ്ഥാ മാറ്റത്തിൽ നിന്നും രക്ഷിക്കുന്നവയാണ് ഇൗ മഴക്കാടുകൾ. ഒപ്പം ലോകത്തിന്റെ അഞ്ചിലൊന്നോളം പ്രാണവായുവിന്റേയും ശുദ്ധജലത്തിന്റെയും സ്രോതസ്സും. ഏറ്റവും  പ്രധാനമായി ജൈവ വൈവിധ്യത്തിന്റെ ഇൗറ്റില്ലവും പത്തുലക്ഷത്തോളം വരുന്ന മനുഷ്യരുടെ നേരിട്ടുള്ള  ആശ്രയവുമാണ് ഈ കാടുകൾ. ഇത്തരം പ്രകൃതി സമ്പത്ത് ഒരു രാജ്യത്തിന്റെയല്ല ആഗോള പൈതൃകമെന്ന സന്ദേശമാണ് പരിസ്ഥിതിയെ സ്നേഹിക്കുന്നവർ കരുതിവയ്ക്കേണ്ടത്. 

amazon

ആമസോണിന്റെ കണ്ണീരായി പൗലോ

ആമസോൺ കാടുകളിലെ അധികൃത മരുമുറിക്കലിനെതിരെ പോരാടാൻ തദ്ദേശീയർ രൂപം കൊടുത്ത ഗാർഡിനൻസ് ഒാഫ് ഫോറസ്റ്റ്  എന്ന സംഘടനയിലെ പൗലോ പോളിനോ ഗുജജാര ഇക്കഴിഞ്ഞ നവംബറിൽ ആക്രമികളാൽ കൊല്ലപ്പെട്ടു. ആമസോണിന്റെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവർ തുടർച്ചയായി അക്രമങ്ങൾ നേരിട്ട വർഷം കൂടിയായിരുന്നു 2019. ലോകത്തിന്റെ ശ്വാസം നിലനിർത്താൻ സ്വന്തം ജീവൻ വെടിഞ്ഞ പൗലോ പോളിനോയാവണം 2019-ലെ ലോക പരിസ്ഥിതി രക്തസാക്ഷിയായി എണ്ണപ്പെടേണ്ടത്.

English Summary: Amazon rainforest fires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com