ADVERTISEMENT

15 കോടി വർഷമായി ഭൂമിയിലുള്ള ഒരു മത്സ്യം. ഒരുകാലത്തു ചൈനീസ് രാജാക്കന്മാരുടെ പ്രിയഭക്ഷണമായിരുന്നു. നദിയിലെ രാജാവെന്നും നദിയിലെ കടുവയെന്നുമെല്ലാം അറിയപ്പെട്ടിരുന്ന ആ മത്സ്യം പക്ഷേ ഇനിയില്ല. വംശനാശം വന്നതായി ഈ ദശാബ്ദത്തിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജീവിയായും മാറിയിരിക്കുകയാണ് ചൈനീസ് പാഡിൽ ഫിഷ് (Psephurus gladius). ദിനോസറുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ മഹാവംശനാശം വന്നപ്പോൾ പോലും പിടിച്ചുനിന്ന മത്സ്യമാണ് മനുഷ്യന്റെ വിഡ്ഢിത്തം നിറഞ്ഞ പ്രവർത്തനങ്ങൾക്കിരയായി ഇല്ലാതായത്.

ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ ചൈനയിലെ യാങ്സിയിൽ മാത്രമായിരുന്നു ഈ ഭീമൻ മത്സ്യത്തെ കണ്ടിരുന്നത്. ഏകദേശം 378 ഇനം മത്സ്യങ്ങൾ ഇപ്പോഴും ഈ നദിയിലുണ്ടെന്നാണു കണക്ക്. എന്നാല്‍ ഒരുകാലത്തു സുലഭമായിരുന്ന പാഡിൽ ഫിഷ് ഇനി അക്കൂട്ടത്തിലുണ്ടാകില്ല. അശാസ്ത്രീയമായ മീൻപിടിത്തവും നദിയിലെ അണക്കെട്ടു നിർമാണവുമെല്ലാം ചേർന്ന് അതിന്റെ അന്ത്യംകുറിച്ചിരിക്കുന്നു. ഒരു ദശാബ്ദക്കാലമായി ഒരു പാഡിൽ ഫിഷിനെയെങ്കിലും കണ്ടെത്താൻ വേണ്ടി ഗവേഷകർ നദി അരിച്ചുപെറുക്കുന്നു. ഏറ്റവും അവസാനമായി ഒന്നിനെ കണ്ടത് 2003ലാണ്. 2005നും 2010നും ഇടയ്ക്ക് നടത്തിയ തിരച്ചിലിൽ ഒന്നിനെപ്പോലും കാണാതായതോടെയാണ് പരിസ്ഥിതി പ്രവര്‍ത്തകർ അപായമണി മുഴക്കിയത്.

Chinese paddlefish

അതിനും ഏതാനും വർഷം മുൻപുതന്നെ, 1996ല്‍, ഇവയെ ഐയുസിഎന്നിന്റെ റെഡ് ലിസ്റ്റില്‍ ഉൾപ്പെടുത്തിയിരുന്നു. അതീവ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലായിരുന്നു സ്ഥാനം. തുടർന്ന് ‘യാങ്സി നദിയിലെ പാണ്ട’ എന്നും ഇവയ്ക്കു വിശേഷണം വന്നു. പാണ്ടകളെപ്പോലെ വളരെ അപൂർമായി മാത്രം കാണപ്പെടുന്ന ജീവിയായതുകൊണ്ടായിരുന്നു ആ പേര്. ശുദ്ധജലമത്സ്യങ്ങളിൽ ഏറ്റവും വലുപ്പമേറിയതിൽ ഒന്നുകൂടിയായിരുന്നു പാഡിൽഫിഷ്. ഒത്ത നാലു മനുഷ്യരുടെ നീളം, ഏകദേശം 23 അടി വരെ ഈ മത്സ്യത്തിനു വളർച്ചയുണ്ടായിരുന്നു. ഏകദേശം 450 കിലോഗ്രാം വരെ ഭാരവും. അതായത് ഒരു ആണ്‍ ധ്രുവക്കരടിയുടെ ഭാരം. ശുദ്ധജല മത്സ്യങ്ങൾ ഇത്രയേറെ വലുപ്പത്തിൽ വളരുന്നത് വളരെ അപൂർവമായി മാത്രമാണ്. 

ലോവർ ജൂറാസിക് കാലഘട്ടം മുതൽ ഭൂമിയിലുള്ള ഇവയ്ക്ക് ഇക്കാലത്തിനിടെ കാര്യമായ രൂപമാറ്റവും വന്നിരുന്നില്ല. നീളൻ മൂക്ക് ഉപയോഗിച്ചാണ് ഈ മത്സ്യം ഇരയെ കണ്ടെത്തിത്തിന്നിരുന്നത്. 1970കളിൽ വൻതോതിൽ വേട്ടയാടപ്പെട്ടിരുന്നു ഇവ. തുടർന്ന് എണ്ണത്തിൽ കുറഞ്ഞു. 1980കളിൽ ഇവയെ ദേശീയ തലത്തിൽ സംരക്ഷിതജീവിയായി ചൈന പ്രഖ്യാപിച്ചു. അപ്പോൾപ്പോലും പ്രതിവർഷം 25 ടൺ എന്ന കണക്കിന് അവയെ കൊന്നൊടുക്കുന്നുണ്ടായിരുന്നുവെന്നാണു കണക്ക്. അതിനിടെ 1981ൽ യാങ്സി നദിയിലെ വിഭജിച്ച് ഗെസൂബ അണക്കെട്ട് വന്നു. അത് വൻതോതിൽ ഇവയുടെ പ്രജനനത്തെ ബാധിച്ചു. അതോടെയാണ് ഒറ്റയടിക്ക് എണ്ണംകുറഞ്ഞതും. കൃത്യമായി പ്രജനനം നടത്താൻ സാധിക്കുന്ന മത്സ്യങ്ങളുടെ എണ്ണം 1993ൽ കുത്തനെ ഇടിഞ്ഞതായും കണ്ടെത്തി. 

1995 മുതൽ അവിടവിടെയായി മാത്രം ഇവയെ കാണാൻ തുടങ്ങിയതോടെ പരിസ്ഥിതി പ്രവർത്തകർ അപകടം മണത്തു. ഇടയ്ക്കുള്ള ആ ‘പ്രത്യക്ഷപ്പെടൽ’ ആണ് 2005–10 കാലഘട്ടത്തിൽ അവസാനിച്ചത്. 2003ൽ അവസാനമായി കണ്ടെത്തിയ മത്സ്യത്തിന്റെ യാത്രാവഴി ‘ട്രാക്ക്’ ചെയ്യാൻ ഒരു ടാഗ് ഘടിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം അത് നഷ്ടപ്പെട്ടു. 2017ലും ’18ലും നദിയിൽ പലയിടത്തും വലയിട്ടും മീൻചന്തകളിൽ പരിശോധന നടത്തിയും ഗവേഷകർ ഏറെ ശ്രമിച്ചെങ്കിലും പാഡിൽഫിഷിന്റെ പൊടിപോലുമുണ്ടായിരുന്നില്ല കണ്ടുപിടിക്കാൻ. 2018ൽ ചൈനീസ് അക്കാദമി ഓഫ് ഫിഷറി സയൻസസിന്റെ നേതൃത്വത്തിൽ യാങ്സിയിൽ നടത്തിയ തിരച്ചിലിൽ 332 ഇനം മത്സ്യങ്ങളെ തിരിച്ചറിഞ്ഞെങ്കിലും അക്കൂട്ടത്തിൽ പാഡിൽഫിഷിന്റെ ഒരു കുഞ്ഞു പോലുമുണ്ടായിരുന്നില്ല. 140 ഇനം മത്സ്യങ്ങള്‍ വംശനാശത്തിന്റെ വക്കിലാണെന്നും കണ്ടെത്തിയതും ഈ പഠനത്തിലായിരുന്നു. സംരക്ഷണ പ്രവർത്തനങ്ങളിൽ അമാന്തിച്ചു നിന്നാൽ യാങ്സി നദിയിൽ നിന്ന് ലോകത്തെ ഞെട്ടിക്കുന്ന പുതിയ വംശനാശവാർത്തകൾ ഇനിയും തുടരുമെന്നു ചുരുക്കം.

English Summary: First Species Of The New Decade Declared Extinct

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com