ADVERTISEMENT

പാക്കിസ്ഥാന്റെ വടക്കൻ മേഖലയിൽ കാരകോറം പർവതനിരകൾക്കിടയിൽ നീലനിറത്തിൽ മനോഹരമായി സ്ഥിതി ചെയ്യുന്ന തടാകമാണ് അറ്റാബാദ്. കാഴ്ചയിൽ ഏറെ ശാന്തമാണെങ്കിലും തടാകത്തിന് ഉത്ഭവം അത്ര ശുഭകരമായിരുന്നില്ല. 2010ൽ ഭൂകമ്പത്തിന്റെ ഫലമായുണ്ടായ മണ്ണിടിച്ചിലിൽ പർവതത്തിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുവീണ് അറ്റാബാദ് എന്ന ഗ്രാമം മണ്ണിനടിയിലായി. അതുവഴി ഒഴുകിയിരുന്ന ഹുൻസ നദിയിൽ പാറക്കൂട്ടങ്ങളും മണ്ണും വീണ് ഒഴുക്ക് തടസ്സപ്പെട്ട് ആഴമേറിയ ഒരു തടാകമായി രൂപപ്പെടുകയായിരുന്നു.

Attabad Lake: The Lake Created By a Disaster

ആറായിരത്തോളം ജനങ്ങള്‍ക്ക് വീടുകൾ നഷ്ടപ്പെടുകയും കാരകോറം ഹൈവേ 20 കിലോമീറ്ററോളം മണ്ണിടിച്ചിലിൽ നശിക്കുകയും ചെയ്തു. ഉൾപ്രദേശമായിരുന്ന ഈ ഗ്രാമത്തിലേക്കുള്ള ഉള്ള ഏക ഹൈവേ നശിച്ചതോടെ പ്രദേശം തീർത്തും ഒറ്റപ്പെട്ടു. ദുരന്തം സംഭവിച്ച് അഞ്ചു മാസത്തിനുശേഷം അടിഞ്ഞുകൂടിയ പാറക്കെട്ടുകളും മണ്ണും അല്പം നീങ്ങി തുടങ്ങിയതോടെ തടാകത്തിന്റെ നീളം 21 കിലോമീറ്ററായി മാറി.

ദുരന്തത്തിന്റെ ഫലമായി ഉണ്ടായതാണെങ്കിലും  അതിമനോഹരമായ ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു അറ്റബാദ് തടാകം. ഗിൽഗിട്, ഹുൻസാ എന്നീ താഴ്‌വരകളിലെ പച്ചകലർന്ന നീലനിറത്തിലുള്ള അനേകം ചെറു തടാകങ്ങൾക്കൊപ്പം തെളിഞ്ഞ ആകാശ നീലനിറത്തിൽ അറ്റബാദ് തടാകം കൂടി രൂപപ്പെട്ടതോടെ താഴ്‌വാരത്തിലെ ഭംഗി പതിന്മടങ്ങായി. അതോടെ നിരവധി ആളുകൾ പ്രകൃതി സൗന്ദര്യമാസ്വദിക്കാൻ ഇവിടേക്കെത്തിത്തുടങ്ങി. കാരകോറം ഹൈവേ തടാകത്തിനു സമീപത്തുകൂടി പുനർ നിർമിച്ചതോടെ  ഇവിടം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറി. 

സഞ്ചാരികൾക്ക് താമസവും ബോട്ടിങ്ങും ഫിഷിങ് അടക്കമുള്ള വിനോദ പരിപാടികളുമൊരുക്കി നിരവധി കേന്ദ്രങ്ങളും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അറ്റബാദിലെ ഭൂകമ്പം ഐനബാദ്, ശിഷ്‌ കദ്,  ഗുൽമിത്, ഗുൽകിൽ എന്നീ നാല് ഗ്രാമങ്ങളെയും അപ്പാടെ വിഴുങ്ങിയിരുന്നു. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ നിറഞ്ഞ ആപ്പിൾ തോട്ടങ്ങളും ബുദ്ധമത ആരാധനാലയങ്ങളും പള്ളികളും  അമ്പലങ്ങളുമെല്ലാം ഈ തടാകത്തിനടിയിലായിരുന്നു.

English Summary: Attabad Lake: The Lake Created By a Disaster

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com