ADVERTISEMENT

വശങ്ങളിലെ ചിറകുകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലൂടെ നടക്കാൻ സാധിക്കുന്ന പുതിയ നാലിനം സ്രാവുകളെ ഓസ്ട്രേലിയയിൽ നിന്നും കണ്ടെത്തി. പപുവാ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നിവടങ്ങളിലെ തീരങ്ങൾക്ക് സമീപത്തുനിന്നുമാണ് 12 വർഷം നീണ്ട പഠനത്തിനൊടുവിൽ പുതിയയിനം സ്രാവുകളെ കണ്ടെത്തിയത്.

ഏറെ അലങ്കാരങ്ങളോടു കൂടിയ ശരീരമാണ് ഇവയ്ക്കുള്ളത്. കടലിനടിയിലെ പാറക്കൂട്ടങ്ങളിൽ വേലിയിറക്ക സമയത്താണ് ഇവ കൂടുതലായും ഇരപിടിക്കുന്നത്.  ഇരപിടിക്കുന്ന സമയത്ത് ചിറകുകൾ ഉപയോഗിച്ച് അടിത്തട്ടിലൂടെ സാവധാനം നടന്നു നീങ്ങാൻ ഇവയ്ക്കു സാധിക്കും.  ശരാശരി ഒരു മീറ്ററിൽ താഴെ നീളമാണ് ഇവയ്ക്കുള്ളത് എന്ന് ക്വീൻസ്‌ലൻഡ് സർവകലാശാലയിലെ ഡോക്ടർ ക്രിസ്റ്റൈൻ ഡുഡ്ഗ്യൺ പറയുന്നു. ഇവ സാധാരണ മനുഷ്യരെ ആക്രമിക്കാറില്ല.  ഓക്സിജൻ താഴ്ന്ന അവസ്ഥയിലുള്ള പരിതസ്ഥിതികളിൽ ജീവിക്കാൻ സാധിക്കുന്ന ഇവ പ്രധാനമായും ഇരയാക്കുന്നത് ഞണ്ട്, ചെമ്മീൻ  തുടങ്ങിയ പുറന്തോടുള്ള ജീവിവർഗങ്ങളെയും  കക്കയും മറ്റുമാണ്. 

പുതിയ ഇനങ്ങളുടെ കണ്ടെത്തലോടെ നടന്നു നീങ്ങാൻ സാധിക്കുന്ന ഇനത്തിലുള്ള സ്രാവുകളുടെ എണ്ണം ഒൻപതായി ഉയർന്നു. സാധാരണ സ്രാവുകൾ കൂട്ടങ്ങളിൽ നിന്നും വിട്ടുമാറി പുതിയ പ്രദേശങ്ങളിൽ ജീവിച്ചു തുടങ്ങിയതിന്റെ ഫലമായാവണം പുതിയ ഇനം ഉദ്ഭവിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. 

പുതിയതായി കണ്ടെത്തിയ ഇനത്തിന്റെയും സാധാരണ സ്രാവുകളുടെയും മൈറ്റോകോൺട്രിയൽ ഡിഎൻഎകൾ താരതമ്യം ചെയ്തു പഠനം നടത്തിയതിൽ നിന്നുമാണ്  അവ സ്രാവ് ഇനത്തിൽപ്പെട്ടതു തന്നെയാണെന്ന നിഗമനത്തിലെത്തിയത്. നടക്കുന്ന സ്രാവുകളിൽ ഇനിയും കണ്ടെത്താനാകാത്ത പുതിയ ഇനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടർ ക്രിസ്റ്റൈൻ കൂട്ടിച്ചേർത്തു.

English Summary: New species of shark discovered that use fins to walk along seabed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com